Districts

കാസര്‍കോട് സോളാര്‍ പാര്‍ക്ക്് കമ്പനിക്ക് 500 ഏക്കര്‍ അനുവദിച്ചു; അമ്പലത്തറയില്‍ ഉന്നത സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ജില്ലയില്‍ 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പാരമ്പര്യേതര ഊര്‍ജമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ച 1000 ഏക്കറില്‍ 500 ഏക്കറിന് അനുമതിയായി. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ അനുവദിച്ച 500 ഏക്കര്‍ സ്ഥലം ഇന്ന് കെഎസ്ഇബി ചുമതലപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. അതേസമയം, മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച, പൈവളിഗെ, ബായാര്‍ വില്ലേജുകളില്‍ റവന്യൂവകുപ്പിനു കീഴിലുള്ള 500 ഏക്കര്‍ ഭൂമി കൂടി നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇതു നടപ്പിലായില്ല. ഇവിടങ്ങളിലെ സ്ഥലം റീസര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് ഹെക്റ്റര്‍ റവന്യൂ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു മറിച്ചുനല്‍കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ റീസര്‍വേ നടത്താന്‍ നിര്‍ദേശിച്ചത്. 200 മെഗാവാട്ടിന്റെ സൗരോര്‍ജ പാര്‍ക്ക് സ്ഥാപിക്കാനായി റിന്യൂവബിള്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് കേരള സംയുക്ത സംരംഭത്തിന് കെഎസ്ഇബിയും സോളാര്‍ പാര്‍ക്ക് ഓഫ് ഇന്ത്യയും കമ്പനി നേരത്തേ രൂപീകരിച്ചിരുന്നു. മൂലധനമായി 50 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പദ്ധതി ലക്ഷ്യമിടുന്ന 200 മെഗാവാട്ടില്‍ 50 മെഗാവാട്ട് ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി വഴിയും 50 മെഗാവാട്ട് തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയും നടപ്പാക്കും. ഇവ രണ്ടും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. ശേഷിക്കുന്ന 100 മെഗാവാട്ട് കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രാലയം അംഗീകരിച്ച വയബിലിറ്റി ഗ്യാപ് ഫണ്ടിങ് പദ്ധതി വഴി നടപ്പാക്കും. 1400 കോടി രൂപ ചെലവിലാണ് സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സോളാര്‍ പാര്‍ക്കില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡ് റഗുലേറ്ററി അതോറിറ്റി നിര്‍ണയിക്കുന്ന വിലയ്ക്ക് കെഎസ്ഇബി വാങ്ങും. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ റവന്യൂവകുപ്പിനു കീഴില്‍ തരിശ്ശായി കിടക്കുന്ന സ്ഥലമാണ് ഇതിനുവേണ്ടി അനുവദിക്കുന്നത്. കാസര്‍കോട് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. അതിനിടെ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയയില്‍ അഞ്ചേക്കര്‍ സ്ഥലത്ത് പുതിയ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള സാങ്കേതിക അനുമതി താമസിയാതെ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it