kasaragod local

കാസര്‍കോട് മെഡിക്കല്‍ കോളജ്; ആക്ഷന്‍ കമ്മിറ്റി നാളെമുതല്‍ സമരം തുടങ്ങുന്നു

കാസര്‍കോട്: രണ്ടുവര്‍ഷം മുമ്പ് ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം ശക്തമാക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ വൈകീട്ട് മൂന്നിനു പുതിയ സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. 14 മുതല്‍ അനിശ്ചിതകാല പ്രതിഷേധ സമരം ആരംഭിക്കും. കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട്ടെത്തുന്ന ജനുവരി നാലിന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നിര്‍മാണം ആരംഭിക്കും വരെ സമരം തുടരുമെന്നും കേവലം വാഗ്ദാനങ്ങള്‍ മാത്രം നല്‍കി തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ജില്ലയോട് കാണിക്കുന്ന കടുത്ത അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മെഡിക്കല്‍ കോളജ് തറക്കല്ലിലൊതുങ്ങിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രയോജനപ്പെടേണ്ട മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ വൈകുന്നതില്‍ ദുരൂഹതയുണ്ട്. കര്‍ണാടകയിലെയും ജില്ലയിലെയും സ്വകാര്യആശുപത്രി ലോബികളെ സഹായിക്കുന്നതിനുവേണ്ടിയാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിച്ച മിക്ക മെഡിക്കല്‍ കോളജുകളിലും പ്രവര്‍ത്തനം ആരംഭിച്ച് ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. നിര്‍മാണചുമതലയുള്ള കിറ്റ്‌കോ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ അഹമ്മദ് ശരീഫ്, മാഹിന്‍ കേളോട്ട്, എ കെ ശ്യാംപ്രസാദ്, പ്രഫ.എ ശ്രീനാഥ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ഫാറൂഖ് കാസ്മി, വി ഡി ജോസഫ്, എസ് എന്‍ മയ്യ, എ കെ മൊയ്തീന്‍കുഞ്ഞി, കെ ഗിരീഷ്, നാരായണന്‍ പേരിയ സംബന്ധിച്ചു.
Next Story

RELATED STORIES

Share it