kasaragod local

കാസര്‍കോട് മല്‍സ്യബന്ധന തുറമുഖം: നിര്‍മാണം ഇഴയുന്നു

കാസര്‍കോട്: മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തിക്ക് ഒച്ചിന്റെ വേഗത. ഹാര്‍ബറിന് സമീപത്ത് നിന്ന് രാത്രികാല മണല്‍ കടത്ത് സജീവമാവുന്നു. 30 കോടി രൂപ ചെലവില്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച കാസര്‍കോട് മല്‍സ്യബന്ധന തുറമുഖത്തിന്റെ പണിയാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. ബീച്ച് റോഡ് ജങ്ഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരത്തിലായാണ് മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ കടപ്പുറം ജങ്ഷനില്‍ നിന്നും ഹാര്‍ബറിലേക്ക് ഒന്നര കിലോമിറ്റര്‍ റോഡിന്റെ പണി ആരംഭിച്ചെങ്കിലും ഇത് പൂര്‍ത്തിയായിട്ടില്ല.
കല്ലും മണ്ണും ഇറക്കി റോഡ് പണി നടത്തിയെങ്കിലും മെറ്റല്‍ ഇറക്കിയിട്ടില്ല. അതിനാല്‍ ടാറിങ് ആരംഭിച്ചിട്ടില്ല. മഴക്കാലത്ത് റോഡിലെ കല്ലുകളും മണ്ണും ഇളകി കുഴികള്‍ വീണിരിക്കുകയാമ്. കടലില്‍ നിന്നും ബോട്ടുകള്‍ ഹാര്‍ബറിന് സമീപം എത്താനായി കടലിലെ മണല്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഇതിന്റെ പണിയും പാതിവഴിയിലാണ്. പുലിമുട്ടിലെ ബ്രേക്ക് വാട്ടര്‍ പണിയും പാതിവഴിയിലാണ്. ഹാര്‍ബറിന്റെ കവാടത്തിന്റെ പണിയും പൂര്‍ത്തിയായിട്ടില്ല. ഹാര്‍ബറിന്റെ പണിയാരംഭിച്ചതിന് ശേഷം വീതികുറഞ്ഞ് ദ്രവിച്ച നെല്ലിക്കുന്ന് പാലം പൊതുമരാമത്ത വകുപ്പ് വീതി കൂട്ടി പുതിയ പാലവും ബീച്ച് റോഡ് റബറൈസ്ഡ് ചെയ്തിരുന്നു.
ഒരു ഭാഗത്ത് കടലും മറു ഭാഗത്ത് പുഴയും സംഗമിക്കുന്നിടത്താണ് മല്‍സ്യബന്ധന തുറമുഖം നിര്‍മിക്കുന്നത്. അവധി ദിവസങ്ങളിലെല്ലാം ഇവിടെ നിരവധി വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. ഇതോടൊപ്പം നിര്‍മാണം ആരംഭിച്ച മഞ്ചേശ്വരം തുറമുഖത്തിന്റെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. ഹാര്‍ബറിന്റെ നിര്‍മാണ പ്രവൃത്തി നിലച്ചതോടെ രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് ഫൈബര്‍ ബോട്ടുകളില്‍ മണല്‍ കടത്ത് സജീവമാണെന്ന് പരിസരവാസികള്‍ പറഞ്ഞു. കസബ തീരത്തെ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മല്‍സ്യബന്ധന തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it