kasaragod local

കാസര്‍കോട് മണ്ഡലം ലീഗിന്റെ കുത്തക

കാസര്‍കോട്: സംസ്ഥാന പിറവിക്ക് ശേഷം മുഴുവന്‍ തിരഞ്ഞെടുപ്പിലും കാസര്‍കോട് മണ്ഡലം ഐക്യജനാധിപത്യ മുന്നണിക്കൊപ്പമാണ് നിന്നത്. 1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോ ണ്‍ഗ്രസിലെ കുഞ്ഞികൃഷ്ണന്‍ ചേരിപ്പാടിയാണ് വിജയിച്ചത്. പിന്നീട് 1960ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരാണ് വിജയിച്ചത്.
1965ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന്‍ എട്ടുവളപ്പില്‍ അബ്ദുല്‍ഖാദര്‍ ഹാജി വിജയിക്കുകയായിരുന്നു. എന്നാല്‍ നിയമസഭയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ അബ്ദുല്‍ഖാദര്‍ ഹാജിക്ക് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നിയമസഭ പിരിച്ചുവിടുകയായിരുന്നു.
പിന്നീട് 1967ല്‍ മുസ്‌ലിംലീഗിലെ ഹമീദലി ഷംനാടും സ്വതന്ത്ര സ്ഥാനാര്‍ഥിയായി യു പി കുനിക്കുല്ലായയുമാണ് മല്‍സരിച്ചത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ 95 വോട്ടിനാണ് യു പി കുനിക്കുല്ലായ ജയിച്ചത്. 1970ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിലെ ബി എം അബ്ദുര്‍റഹ്മാന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ കെ പി ബല്ലക്കുറായയെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്തി. 1977ല്‍ മുസ്‌ലിംലീഗിലെ ടി എ ഇബ്രാഹിം തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി നേരത്തെ മുസ്‌ലിംലീഗിലുണ്ടായിരുന്ന ബി എം അബ്ദുര്‍റഹ്മാനായിരുന്നു. ലീഗ് പിളര്‍ന്നപ്പോള്‍ ബി എം അബ്ദുര്‍റഹ്മാന്‍ അഖിലേന്ത്യാ ലീഗില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയായിരുന്നു. ടി എ ഇബ്രാഹിം മരിച്ചതിനെ തുടര്‍ന്ന് 1979ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. മുസ്‌ലിംലീഗിലെ സി ടി അഹമ്മദലിയും അഖിലേന്ത്യാ ലീഗിലെ ബി എം അബ്ദുര്‍റഹ്മാനും തമ്മില്‍ മല്‍സരിച്ചപ്പോള്‍ ബി എം അബ്ദുര്‍റഹ്മാന്‍ വിജയിച്ചത്. പിന്നീട് 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിലെ സി ടി അഹമ്മദലിയും കേരള കോണ്‍ഗ്രസ് എമ്മിലെ ഗര്‍വാസിസ് അരീക്കലുമാണ് മല്‍സരിച്ചത്. 16680 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി ടി അഹമ്മദലി നിയമസഭയിലെത്തി. പിന്നീട് 2011വരെ സി ടി അഹമ്മദലി പരാജയമെന്തെന്ന് അറിഞ്ഞില്ല. 35 വര്‍ഷത്തോളം അദ്ദേഹം കാസര്‍കോടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നാഷനല്‍ ലീഗിലെ ഒരു വിഭാഗം മുസ്‌ലിംലീഗിനൊപ്പം ചേര്‍ന്നതോടെ നാഷനല്‍ ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന എന്‍ എ നെല്ലിക്കുന്നിനാണ് 2011ല്‍ നിയമസഭ ടിക്കറ്റില്‍ മല്‍സരിക്കാന്‍ നറുക്ക് വീണത്. മുസ്‌ലിംലീഗിനെ കൈവിടാത്ത മണ്ഡലം എന്ന ഖ്യാതി കാസര്‍കോടിനുണ്ട്. നേരത്തെ കാസര്‍കോട് മണ്ഡലത്തില്‍ പെട്ട മുളിയാര്‍, മണ്ഡലം പുനര്‍നിര്‍ണയത്തില്‍ ഉദുമയിലായി. കാസര്‍കോട് നഗരസഭ, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെങ്കള, ബദിയടുക്ക, കുമ്പഡാജെ, കാറഡുക്ക, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കാസര്‍കോട് മണ്ഡലം. ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നിര്‍ണായകമാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭ, മൊഗ്രാല്‍പുത്തൂര്‍, ബദിയടുക്ക, കുമ്പഡാജെ, ചെങ്കള പഞ്ചായത്തുകളില്‍ യുഡിഎഫാണ് വിജയിച്ചത്. കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകള്‍ ബിജെപി ജയിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിനാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള, സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ യുഡിഎഫിനും എടനീര്‍ ബിജെപിക്കൊപ്പവുമാണ്.
Next Story

RELATED STORIES

Share it