kasaragod local

കാസര്‍കോട് പാക്കേജ്: വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

കാസര്‍കോട്:വികസന പാക്കേജില്‍ ഉള്‍പ്പെട്ട് പുരോഗമിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.പാക്കേജിലുള്‍പ്പെട്ട കള്ളാര്‍ പാലത്തിന്റെ ഉദ്ഘാടനവും ആയംകടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനവും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് 18ന് നിര്‍വഹിക്കും.
പാണത്തൂര്‍, തയ്യേനി, ചാമുണ്ടികുന്ന്, ബാര, ഉദ്യാവര്‍, മൂഡംബയല്‍, മുന്നാട്, കൊടിയമ്മ, പെരുമ്പട്ട, പെര്‍ഡാല, കൊളത്തൂര്‍ ആര്‍എംഎസ്എ ഗവ. ഹൈസ്‌ക്കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലെത്തി.
തൃക്കരിപ്പൂര്‍ കണ്ണങ്കൈ പാലം വിദ്യാഗിരി പാലങ്ങളുടെ നിര്‍മാണത്തിന് സാങ്കേതികാനുമതി ലഭിച്ചു. മലയോര ഹൈവേയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി പുരുഷങ്ങോട്-ഇടിയടുക്ക റോഡിന് പദ്ധതി രേഖ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ തുക അനുവദിക്കേണ്ടതില്ലെന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഈ തുക പൊതുമരാമത്ത് അദാലത്തില്‍ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെട്ട മറ്റു പ്രവൃത്തികള്‍ക്ക് വിനിയോഗിക്കും.
തവിടുഗൊളി-മൈലാട്ടി 110 കെവി വൈദ്യുതി ലൈന്‍ പുനരുദ്ധരിക്കുന്ന പ്രവൃത്തിയുടെ രണ്ടാം ഘട്ടം വിദ്യാനഗര്‍-സീതാംഗോളിയില്‍ ആരംഭിച്ചു.
മടിക്കൈ കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് കരാറുകാരന്റെ വീഴ്ചമൂലമാണെങ്കില്‍ നിയമ പ്രകാരം പിഴ ഈടാക്കും. ഗവ. വര്‍ക്കിങ് വിമന്‍ ഹോസ്റ്റല്‍, ദേലംപാടി പ്രീമെട്രിക് ഹോസ്റ്റല്‍, ജില്ലാ ആയുര്‍വേദാശുപത്രി കെട്ടിടം എന്നിവയുടെ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി കാസര്‍കോട് വികസന പാക്കേജ് പദ്ധതി പുരോഗതി അവലോകന റിപോര്‍ട്ട് അവതരിപ്പിച്ചു.
ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍, കാസര്‍കോട് പാക്കേജ് പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂനിറ്റ് മാനേജര്‍ കെ ജി സജീവ്, വിവിധ വകുപ്പുകളുടെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. പാക്കേജിലുള്‍പ്പെട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം പദ്ധതി പുരോഗതി വിലയിരുത്താന്‍ നാളെ രാവിലെ 11 ന് കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
Next Story

RELATED STORIES

Share it