kasaragod local

കാസര്‍കോട് ഡിസിസിയില്‍ നിന്ന് 40 അംഗങ്ങള്‍ രാജിവച്ചു



കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡി എം കെ മുഹമ്മദിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഗ്രൂപ്പ് വൈരം രൂക്ഷമായിരിക്കുന്ന കോണ്‍ഗ്രസില്‍ പുതിയൊരു പൊട്ടിത്തെറിക്ക് കാരണമായി. ഈ മാസം 15ന് നടത്താന്‍ തീരുമാനിച്ച ത്രിവര്‍ണ സാഗരം പരിപാടി ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉപേക്ഷിച്ചിരുന്നു. ഇതിന് പ്രതിരോധമായി ഡിസിസി പ്രസിഡന്റെ ഹക്കീം കുന്നിലിന്റെ അനുയായികളാണ് ഡിസിസിയില്‍ നിന്നും രാജിവെക്കാനുള്ള കത്ത് നല്‍കിയത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച ഡി എം കെ മുഹമ്മദിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതായി ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പാലോട് രവിയുടെ വാട്‌സ് ആപ്പില്‍ ഏപ്രില്‍ 23 മുതല്‍ സന്ദേശമുണ്ടായിരുന്നു. എന്നാല്‍ ഡിസിസിയുമായി ആലോചിക്കാതെയാണ് ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ ഒരു കാരണവശാലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നും 20ന് കെപിസിസി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നുവെന്നും ഇത് ലംഘിച്ചതിനാലാണ് തങ്ങളുടെ പ്രതിഷേധമെന്നുമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും രാജിവച്ച ഡിസിസി ഭാരവാഹികള്‍ പറയുന്നത്. ഹക്കീം കുന്നിലുമായി ഇടഞ്ഞുനില്‍ക്കുന്ന കെ നീലകണ്ഠന്റെ സമ്മര്‍ദ്ദം മൂലമാണ് ഡി എം കെ മുഹമ്മദിനെ പാര്‍ട്ടിയിലേക്ക് എടുത്തതെന്നാണ് ഹക്കീം കുന്നിലിന്റെ പക്ഷം ആരോപിക്കുന്നത്. ജില്ലാ പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷനില്‍ ഹര്‍ഷാദ് വോര്‍ക്കാടിക്കെതിരെയാണ് ഡി എം കെ മുഹമ്മദ് മല്‍സരിച്ചിരുന്നത്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മല്‍സരം. ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് തങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചുകൊണ്ട് ഹര്‍ഷാദ് വൊര്‍ക്കാടി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കേശവ പ്രസാദ്, സുന്ദര ആരിക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മമതാദിവാകര്‍ ഉള്‍പ്പെടെ 40 ഡിസിസി അംഗങ്ങള്‍ ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ ഹര്‍ഷാദ് വോര്‍ക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ എന്നിവര്‍ തങ്ങളുടെ തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനവും രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ തന്റെ ഏകാധിപത്യ പ്രവണത ആരോപിച്ച് ജില്ലാ സമ്മേളനം പോലും നടത്താന്‍ അനുവദിക്കാത്ത എ, ഐ ഗ്രൂപ്പുകള്‍ക്കെതിരെ നടത്തിയ കടന്നാക്രമണമാണെന്നും അംഗങ്ങളില്‍ നിന്നും രാജി എഴുതി വാങ്ങിയതാണെന്നും എതിര്‍ പക്ഷം പറയുന്നുണ്ട്. എം എം ഹസന്‍ കെപിസിസി പ്രസിന്റായി വന്നതോടെ ജില്ലയിലെ ഐ ഗ്രൂപ്പ് ശക്തമായി മാറുകയാണ്. ഡിസിസി പ്രസിഡന്റ്് സ്ഥാനത്തിനായി മോഹിച്ചു നിന്നവരെ പിന്‍തള്ളി അപ്രതീക്ഷിതമായി ഹക്കീം കുന്നില്‍ ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ജില്ലയില്‍ സി കെ ശ്രീധരന്റെയും നീലണ്ഠന്റെയും നേതൃത്വത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതേ സമയം ഐ ഗ്രൂപ്പ് ഡിസിസി പ്രസിഡന്റിനെതിരെ നടക്കുന്ന നീക്കത്തിന് കെപിസിസി പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. ജനശ്രീ മിഷന്റെ സംസ്ഥാന ചെയര്‍മാനായ എം എം ഹസനും ജില്ലാ ചെയര്‍മാനായ കെ നീലകണ്ഠനും തമ്മിലുള്ള അടുപ്പം ഗ്രൂപ്പ് വഴക്കിന് ഉപയോഗിക്കുകയായിരുന്നാണ് ഇവരുടെ വാദം.
Next Story

RELATED STORIES

Share it