kasaragod local

കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷം: 200ഓളം പേര്‍ക്കെതിരേ കേസ്

കാസര്‍കോട്: തിരഞ്ഞെടുപ്പ് ദിവസം വൈകീട്ട് വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലിസ് 200ഓളം പേര്‍ക്കെതിരെ കേസെടുത്തു.
ആദൂര്‍: ദേലമ്പാടിയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായിക്ക്, പഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് നായിക്, പ്രവര്‍ത്തകരായ ചിത്രകുമാര്‍, ശേഖര, നാഗേഷ്, നവീന്‍കുമാര്‍, നാരായണ, ഹരീഷ, മിഥുന്‍ തുടങ്ങിയവരെ അക്രമിച്ചുവെന്ന പരാതിയില്‍ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പോലിസ് കേസെടുത്തു. ഗിരീഷ്, വിഷ്ണുപാല്‍, ശാഫി, ഗോപാല തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ബിജെപി അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകനായ ശാഫിക്കും പരിക്കേറ്റു. ഇയാളെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ദേലമ്പാടിയില്‍ ഇന്നലെ എന്‍ഡിഎ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
ചട്ടഞ്ചാല്‍: വോട്ടിങ് മെഷീനുമായി മടങ്ങുകയായിരുന്ന വാഹനങ്ങള്‍ തടയുകയും കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പോലിസ് കേസെടുത്തു. വോട്ടെടുപ്പ് ദിവസം വൈകിട്ട് ഉദുമ മണ്ഡലത്തിലെ തെക്കില്‍പറമ്പ സ്‌കൂള്‍ പരിസരത്താണ് സംഭവം. വോട്ടിങ് യന്ത്രങ്ങള്‍ കയറ്റിയ ബസും പോലിസ് ജീപ്പുമാണ് തടഞ്ഞത്. കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ജീപ്പും തകര്‍ത്തു. മഞ്ചേശ്വരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘട്ടനത്തില്‍ ഉപ്പള ടൗണില്‍ കാറിന്റെ ചില്ല് തകര്‍ത്തു. ചെര്‍ക്കള ബംബ്രാണ നഗര്‍ പൊടിപ്പള്ളത്തെ താജുദ്ദീന്റെ കാറിന്റെ ചില്ലാണ് തകര്‍ത്തത്. സംഭവത്തില്‍ പി വി മുജീബ്, അറഫമൊയ്തീന്‍, ഗോള്‍ഡന്‍ റഹ്മാന്‍ തുടങ്ങി 23 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലിസ് കേസെടുത്തു. മഞ്ചേശ്വരം പൊയ്യത്തുബയലില്‍ എപി വിഭാഗം സുന്നീ പ്രവര്‍ത്തകന്‍ അബ്ദുല്ല സഅദിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ യുഡിഎഫ് പ്രവര്‍ത്തകരായ മൊയ്തീന്‍, ഉമ്മര്‍, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ്, ഉമ്മര്‍ തുടങ്ങി 15 പേര്‍ക്കെതിരെ കേസെടുത്തു.
പൊയിനാച്ചി: കുണ്ടൂച്ചിയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി വായനശാലക്ക് നേരെ അക്രമം. സംഘടിച്ചെത്തിയ 50ഓളം സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബേഡകം പോലിസില്‍ പരാതി നല്‍കി.
ചെറുവത്തൂര്‍: ബൂത്തിനകത്ത് യുഡിഎഫ് ഏജന്റുമാരെ നായ്ക്കുരുണ പൊടി വിതറി മര്‍ദ്ദിച്ച സംഭവത്തില്‍ ചന്തേര പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടെ പിലിക്കോട് സി കൃഷ്ണന്‍നായര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 104ാം നമ്പര്‍ ബൂത്തിലാണ് അക്രമം. കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി ശരത് ചന്ദ്രന്‍, പ്രവര്‍ത്തകരായ കെ വിജേഷ്, സക്കരിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തു.
ഉദുമ: കളനാട്ട് ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ ബേക്കല്‍ പോലിസ് കേസെടുത്തു. ആറാട്ട് കടവില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് ജബ്ബാറിന്റെ വീടിന് നേരെയും അക്രമമുണ്ടായി.
Next Story

RELATED STORIES

Share it