കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ; ഒഴിപ്പിക്കാന്‍ പൂജ

കാസര്‍കോട്: തുളുനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധയെന്ന് രാശിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴി പ്പിക്കാന്‍ പൂജ നടത്തിയതു വിവാദമായി. കഴിഞ്ഞ മാസം 22ന് മഹാനവമി രാത്രിയിലാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൂജാരിയുടെ നേതൃത്വത്തില്‍ പ്രേതബാധയകറ്റാന്‍ പൂജ നടത്തിയത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാ ന്‍ കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ കെഎസ്ആ ര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കി.
കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നത് പ്രേതബാധയെ തുടര്‍ന്നാണെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ പണിക്കരുടെ അടുത്തുപോയി രാശിവച്ചു നോക്കുകയായിരുന്നു. രാശിയില്‍ ഇത് തെളിഞ്ഞതിനെ തുടര്‍ന്നാണെന്നു പറയുന്നു പ്രേതബാധയകറ്റാന്‍ പൂജാരിയുടെ നേതൃത്വത്തില്‍ മഹാപൂജ സംഘടിപ്പിച്ചു. ആയുധപൂജയുടെ ഭാഗമായി ഗണപതി പൂജ മാത്രമാണു നടന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, കെഎസ്ആര്‍ടിസി ഡിപ്പോയുടെ ചുമതലയുള്ള ഡിടിഒ (ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍) യെ കസേരയില്‍ ഇരുത്തിയാണ് പൂജ നടത്തിയത്. ഹോമകുണ്ഡത്തിനു മുന്നില്‍ ഡിടിഒ കസേരയില്‍ ഇരിക്കുകയും ചെയ്തു. ഓരോ തവണയും പ്രേതത്തെ കിട്ടിയോ എന്ന് ഇദ്ദേഹം ചോദിക്കുന്ന രംഗങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില ജീവനക്കാര്‍ തന്നെയാണു പുറത്തുവിട്ടത്. വര്‍ഷംതോറും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ആയുധപൂജ നടത്തല്‍ പതിവാണ്. കന്നഡ മേഖലയിലെ ചില ഉദ്യോഗസ്ഥരാണ് അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ നടത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പൂജ നടത്താന്‍ 20,000ഓളം രൂപയാണു ചെലവഴിച്ചത്. പണം ജീവനക്കാരില്‍ നിന്നു പിരിച്ചെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it