Flash News

കാസര്‍കോട് എട്ടുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: വിചാരണ തുടങ്ങി

കാസര്‍കോട് എട്ടുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: വിചാരണ തുടങ്ങി
X
കാസര്‍കോട്: കൂട്ടുകാരോടൊപ്പം സ്‌കൂളിലേക്കു പോവുകയായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. രണ്ടുവര്‍ഷത്തിന് ശേഷമാണ് നാടിനെ ഒന്നടങ്കം നടുക്കിയ കൊലപാതകത്തിന്റെ വിചാരണ തുടങ്ങിയിരിക്കുന്നത്.


പെരിയ കല്യോട്ടിനു സമീപം കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനും കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഫഹദ് (8) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണോത്ത് വലിയ വളപ്പില്‍ വിജയനെ (33) നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. 2015 ജൂലായ് 9ന് രാവിലെ കല്യോട്ടിനു സമീപം ചാന്തന്‍മുള്ളിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സഹോദരി സഹ്‌ലയ്ക്കും അയല്‍വാസിയായ അനസിനുമൊപ്പം സ്‌കൂളിലേക്കു വരുകയായിരുന്നു ഫഹദ്. കാടു വെട്ടാനെന്ന വ്യാജേന റോഡരികില്‍ നില്‍ക്കുകയായിരുന്ന വിജയന്‍ പെട്ടെന്നു ഫഹദിന്റെ തലയ്ക്കു വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന കുട്ടികളെ കത്തി വീശി ഓടിച്ചു. സഹ്‌ലയും അനസും സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളോട് വിവരം അറിയിച്ചു. ആളുകള്‍ എത്തുമ്പോഴേക്കും ഫഹദ് മരിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഫഹദിന് കാലിനാണ് രോഗം. കത്തി വീശുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ ഫഹദിനെ വെട്ടിക്കൊല്ലുകയായിരുന്നു. ചോര പുരണ്ട കത്തിയുമായി പരിസരത്തു നില്‍ക്കുകയായിരുന്ന വിജയനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. പിന്നീട് ബേക്കല്‍ പോലിസിനെ വിളിച്ചുവരുത്തി കൈമാറി.
വിജയനെതിരെ ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഫഹദിനെ കൊലപ്പെടുത്താന്‍ വിജയന് പ്രേരണയായതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പോലീസ് കേടതിയില്‍ ബോധിപ്പിച്ചു .
Next Story

RELATED STORIES

Share it