kasaragod local

കാസര്‍കോട്ട് കേരഫെഡ് 10.15 കോടിയുടെ പച്ചത്തേങ്ങ സംഭരിച്ചു

കാസര്‍കോട്: സംസ്ഥാന കൃഷി വകുപ്പും കേരഫെഡും സംയുക്തമായി നടപ്പാക്കുന്ന പച്ചത്തേങ്ങ സംഭരണ പദ്ധതിപ്രകാരം ജില്ലയിലെ 21 കൃഷിഭവനുകളിലൂടെ 10.15 കോടി രൂപയുടെ പച്ചത്തേങ്ങ സംഭരിച്ചു. പൊതുവിപണിയില്‍ പത്തില്‍ താഴെ വില ഉണ്ടായിരുന്നപ്പോള്‍ നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2013 ജനുവരി ഒന്നിന് കിലോക്ക് 14 രൂപ നിരക്കിലാണ് സംഭരണം തുടങ്ങിയത്.
ജില്ലയില്‍ ജനുവരി 30ന് കിലോക്ക് 16 രൂപ നിരക്കിലാണ് സംഭരണം ആരംഭിച്ചത്. തുടര്‍ന്ന് പലഘട്ടങ്ങളായി 32 രൂപ വരെ വില ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ 34 മാസങ്ങളില്‍ 7709 കര്‍ഷകരില്‍ നിന്നാണ് 4976 ടണ്‍ പച്ചത്തേങ്ങ സംഭരിച്ചത്.
പൊതുവിപണിയെക്കാള്‍ മൂന്നുമുതല്‍ അഞ്ചുരൂപ വരെ കൂടുതല്‍ നല്‍കി 25 രൂപക്കാണ് ഇപ്പോള്‍ കൃഷിഭവനുകളില്‍ സംഭരിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം മാത്രം ആയിരം ടണ്‍ തേങ്ങ 1676 കര്‍ഷകരില്‍ നിന്നായി 2.7 കോടി സംഭരിച്ചിട്ടുണ്ട്.
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ, പിലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബളാല്‍, കോടോം-ബേളൂര്‍ പനത്തടി, അജാനൂര്‍, ഉദുമ, ബേഡഡുക്ക, കാറഡുക്ക, ദേലംപാടി, മുളിയാര്‍, ബദിയടുക്ക, മധൂര്‍, പുത്തിഗെ, കുമ്പള, മഞ്ചേശ്വരം, വോര്‍ക്കാടി കൃഷിഭവനുകളിലാണ് സംഭരണം. ജില്ലയില്‍ സര്‍ക്കാരിന്റെ സംസ്‌കരണകേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ സംഭരിച്ച തേങ്ങ കുടുംബശ്രീ, ജനശ്രീ മുതലായവ വഴി കൊപ്രയാക്കി കോഴിക്കോട്ടെ കേരഫെഡ് പ്ലാന്റുകളിലേക്ക് എത്തിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ കൊപ്രയാക്കാന്‍ പാകത്തിലുള്ള മൂപ്പെത്തിയ തേങ്ങയാണ് കൃഷിഭവനുകളില്‍ സംഭരിക്കുന്നത്. കാറഡുക്ക കൃഷിഭവനാണ് ജില്ലയില്‍ മുന്നില്‍.
എന്നാല്‍ സംഭരണം കുറവായ കുമ്പള, മഞ്ചേശ്വരം, പുത്തിഗെ, വോര്‍ക്കാടി, പിലിക്കോട്, ചെറുവത്തൂര്‍, മധൂര്‍, അജാനൂ ര്‍, ഉദുമ, ബദിയഡുക്ക, ബളാല്‍, നീലേശ്വരം തുടങ്ങിയ കൃഷിഭവനുകളില്‍ പദ്ധതി തുടര്‍ന്ന് കൊണ്ടുപോവാന്‍ നാളികേര കര്‍ഷകരുടെ സഹകരണം ആവശ്യമാണ്.നാളികേര കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിനൊപ്പം കേരഫെഡ് ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍ കൃഷിഭവനുകളിലൂടെ എത്തിക്കുന്നുണ്ട്. വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ 13 വെളിച്ചെണ്ണ ബ്രാ ന്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കുകയും 85 പേര്‍ക്ക് നിയമലംഘന നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണിത്.
തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പരാതികളും ജില്ലാ മാനേജര്‍, കേരഫെഡ്, കാഞ്ഞങ്ങാട് (9447089569) എന്ന വിലാസത്തില്‍ അറിയിക്കണമെന്ന് ജില്ലാ മാനേജര്‍ ടി പി എം നൂറുദ്ദീന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it