Flash News

കാസര്‍കോട്ടെ പെണ്‍കുട്ടി വിഎച്ച്പി തടങ്കലില്‍

കാസര്‍കോട്ടെ പെണ്‍കുട്ടി വിഎച്ച്പി തടങ്കലില്‍
X


കാസര്‍കോട്: മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാതാവ് പരാതി നല്‍കിയ സംഭവത്തിലെ നായികയായ പെണ്‍കുട്ടി എറണാകുളം തൃപ്പൂണിത്തുറയിലെ വിഎച്ച്പി ആസ്ഥാനത്ത് തടങ്കലിലാണെന്ന് സൂചന. കാസര്‍കോട്ടെ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ വിഎച്ച്പിയുടെ തടങ്കലിലുള്ളത്. ഇവര്‍ നടത്തുന്ന മതപഠനകേന്ദ്രത്തിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിട്ടുള്ളതെന്ന് പോലിസിന് വിവരം ലഭിച്ചു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അഭിഭാഷകയുടെ മകളായ പെണ്‍കുട്ടി കാസര്‍കോട് ബിഇഎം സ്‌കൂളില്‍ നിന്ന് എല്ലാവിഷയത്തിലും എ പ്ലസ് നേടി വിജയിച്ചിരുന്നു. ഇതിന് ശേഷം ഒരു ട്യൂഷന്‍ സെന്ററില്‍ കോച്ചിങിന് പോയിവരികയായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മാതാവ് ത്രിവേണി കെ അഡിഗ കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയത്. ഇതനുസരിച്ച് പോലിസ് 295 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെ മതംമാറ്റാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് നാല് ഫോണുകളില്‍ നിന്ന് വന്ന നമ്പറുകളെ ചുറ്റിപ്പറ്റി സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വസമുദായത്തില്‍പെട്ട, മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്യുന്ന ഒരാളാണ് തന്നെ വിളിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ ആന്ധ്രപ്രദേശില്‍ നിന്നും പിന്നീട് പത്താന്‍കോട്ടാണെന്നും കൊച്ചിയാണെന്നും ഫേസ്ബുക്കില്‍ പെണ്‍കുട്ടിയെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാവിനേയും കൗണ്‍സലിങിന് വിധേയമാക്കാനും പോലിസ് നീക്കം നടത്തുന്നുണ്ട്. പെണ്‍കുട്ടിയെ മതംമാറ്റുന്നുവെന്നാരോപിച്ച് സംഘര്‍ഷം നടത്താന്‍ ചില ബാഹ്യശക്തികള്‍ ഇടപെട്ടതായി പോലിസ് സംശയിക്കുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ വിഎച്ച്പിയുടെ പഠനകേന്ദ്രത്തിലെത്തിച്ചത്.
Next Story

RELATED STORIES

Share it