kasaragod local

കാഷ്വാലിറ്റി ഇല്ല; രാത്രികാലങ്ങളില്‍ രോഗികളെ അകറ്റി തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി

തൃക്കരിപ്പൂര്‍: ആര്‍ദ്രം മിഷന് കീഴില്‍ നിര്‍ദ്ദിഷ്ട അംഗീകൃത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ താലൂക്കാശുപത്രികളുടെ പട്ടികയില്‍ കായകല്‍പം അവാര്‍ഡ് നേടിയ തൃക്കരിപ്പൂരിന് ഇടമില്ല. നീലേശ്വരം, പനത്തടി താലൂക്കാശുപത്രികളാണ് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍.
തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ ഉള്‍പ്പടെ ഏഴു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും രാത്രി സേവനം ലഭിക്കുന്നില്ല. രാവിലെ മുതല്‍ ഉച്ചവരെ സാധാരണ ഒപിയും ഉച്ചതിരിഞ്ഞ് ആറുവരെ സ്‌പെഷ്യല്‍ ഒപിയും നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടര്‍ക്കാണ് ഡ്യൂട്ടി.
എന്നാല്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതിനാ ല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്നു.  രാത്രികാലത്ത് അത്യാവശ്യങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടുന്ന അവസ്ഥയിലാണ് രോഗികള്‍. സംസ്ഥാനത്തെ മുഴുവന്‍ താലൂക്കാശുപത്രികളും നിശ്ചിത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ മാസം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. ഈ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. സംസ്ഥാനത്ത് പുതുതായി 780 ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.
ഇതില്‍ 170 തസ്തികയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ റഫറല്‍ കേന്ദ്രമായി ഉയരേണ്ടുന്ന താലൂക്ക് ആശുപത്രിയില്‍ ഇല്ലാത്ത സൗകര്യമാണ് രോഗികള്‍ക്ക് എഫ്എച്ച്‌സികളില്‍  ലഭിവാന്‍ പോകുന്നത്. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോക്ടറെ ഉപയോഗിച്ചുതന്നെ കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ തലത്തില്‍ തന്നെ കാഷ്വാലിറ്റി സൗകര്യം അനുവദിക്കണമെന്ന് കെജിഎംഒഎ പോലുള്ള സംഘടനകള്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്.   കാഷ്വലിറ്റി സൗകര്യം ഉണ്ടെങ്കില്‍ മാത്രമേ ഡോക്ടറുടെ സേവനം  24 മണിക്കൂര്‍ ലഭ്യമാക്കാന്‍ കഴിയൂ എന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. പിഎച്ച് മനോജ് പറഞ്ഞു.
Next Story

RELATED STORIES

Share it