കാഷ്യൂ കോര്‍പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്

കൊല്ലം: കശുവണ്ടി കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായി കാഷ്യൂ കോര്‍പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. ഡിവൈഎസ്പി ജീജിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കോര്‍പറേഷന്‍ ആസ്ഥാനത്തെത്തി രേഖകള്‍ വിശദമായി പരിശോധിച്ചു. ധനകാര്യ വിഭാഗത്തിലെ ഫയലുകള്‍ പരിശോധന നടത്തിയ സംഘം തെളിവുകള്‍ ശേഖരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്ന ആര്‍ ചന്ദ്രശേഖരനെ ചോദ്യംചെയ്യും. ആര്‍ ചന്ദ്രശേഖരനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. മുന്‍ എംഡി രതീഷാണ് കേസില്‍ രണ്ടാംപ്രതി. കഴിഞ്ഞ ഓണക്കാലത്ത് തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസെടുത്തത്.
ഇവര്‍ക്കെതിരേ ഗൂഢാലോചന, വഞ്ചന, കണക്കില്‍ കൃത്രിമം കാണിക്കല്‍ എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന റിപോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ വിജിലന്‍സ് തയ്യാറാക്കിയിരുന്നു. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി കഴിഞ്ഞ ഡിസംബര്‍ 23നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് കൈമാറിയത്. സ്വകാര്യ ഫാക്ടറി ഉടമകള്‍ കിലോഗ്രാമിന് 103 മുതല്‍ 107 രൂപയ്ക്കു വരെ സീസണില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ വാങ്ങിയത് 117 രൂപയ്ക്കാണെന്നു കണ്ടെത്തി.
കൂടിയ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയ ഇടപാടിനു പിന്നില്‍ ചെയര്‍മാനും എംഡിക്കുമാണ് മുഖ്യ പങ്കെന്നും റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it