കാശില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്: അഞ്ചുമാസത്തെ സംസ്ഥാന വിഹിതം മുടങ്ങി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ്സിന്റെ ഖജനാവ് കാലിയാണെന്ന റിപോര്‍ട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു പുറത്തുവരുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടു കൂടി ബിജെപിയെ പരാജയപ്പെടുത്തി നരേന്ദ്രമോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു താഴെയിറക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന് വലിയ ധനസമാഹരണം നടത്തേണ്ടി വരുമെന്നിടത്താണ് കാര്യങ്ങള്‍. കഴിഞ്ഞ അഞ്ചുമാസമായി പാര്‍ട്ടി സംസ്ഥാന ഓഫിസുകള്‍ക്കുള്ള ഫണ്ടുകള്‍ അയക്കുന്നത് പോലും മുടങ്ങിയിരിക്കുകയാണ്.
ചെലവു ചുരുക്കി വരുമാനം കൂട്ടണമെന്നാണ് പാര്‍ട്ടി ഘടങ്ങള്‍ക്ക് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, പാര്‍ട്ടിയുടെ പണപ്പെട്ടി കാലിയായെന്ന വാര്‍ത്തകളോടു പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തയ്യാറായില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആരംഭിച്ച ബിജെപി ആസ്ഥാനത്തിന്റെ നിര്‍മാണം കോടികള്‍ വാരിയെറിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളില്‍ പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞു പ്രവര്‍ത്തനം ആരംഭിച്ചു.
അതേസമയം, പാര്‍ട്ടി ആസ്ഥാനത്തിന് സ്ഥലം അനുവദിച്ചു കിട്ടിയ കോണ്‍ഗ്രസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ പണിയാവട്ടെ കാശില്ലാത്തതിനാല്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. സാധാരണ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനും മറ്റുമുള്ള ചെലവിനായി എഐസിസി ആസ്ഥാനത്തു നിന്നു ഫണ്ട് നല്‍കുന്ന പതിവുണ്ടായിരുന്നു.
എന്നാല്‍, ഗോവ, മണിപ്പൂര്‍, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ഹൈക്കമാന്‍ഡില്‍ നിന്നുള്ള ധനസഹായം നാമമാത്രമായിരുന്നു. അതതു സംസ്ഥാനങ്ങള്‍ ചെലവിനുള്ള പണം കണ്ടെത്തണമെന്നായിരുന്നു നിര്‍ദേശം. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനു മുമ്പും പിമ്പും കോണ്‍ഗ്രസ്സിന്റെ പണമില്ലായ്മ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു.
കോടികള്‍ വാഗ്ദാനം ചെയ്തു ബിജെപി കുതിരക്കച്ചവടത്തിനൊരുങ്ങിയപ്പോള്‍ സ്വന്തം എംഎല്‍എമാരെ പാര്‍ട്ടിക്കു കീഴില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പോലും പണമിറക്കാനാവാതെ കോണ്‍ഗ്രസ് നട്ടം തിരിയുന്ന അവസ്ഥയിലെത്തിയിരുന്നു. ഒടുവില്‍, ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെ ധനികരായ സംസ്ഥാന നേതാക്കള്‍ രംഗത്തിറങ്ങിയാണ് പാര്‍ട്ടിയെ കുതിരക്കച്ചവടക്കാരില്‍ നിന്നു രക്ഷിച്ചത്.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയതോടെ വലിയ വ്യവസായികളില്‍ നിന്നുള്ള പാര്‍ട്ടി സംഭാവനയില്‍ ഗണ്യമായ കുറവാണു വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ കൈയില്‍ കാശില്ലെന്നു കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന ദിവ്യ സ്പന്ദന വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള തിരഞ്ഞെടുപ്പു ബോണ്ടുകള്‍ ഏര്‍പ്പെടുത്തിയതിലൂടെയും കോണ്‍ഗ്രസ്സിന് സംഭാവന ലഭിക്കുന്നില്ല. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയുള്ള വരുമാനം തീരെയില്ലെന്നാണ് ദിവ്യ സ്പന്ദന പറഞ്ഞത്.
ധനസമാഹരണത്തിനായി വമ്പിച്ച ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. 2013ല്‍ 15 സംസ്ഥാനങ്ങളുടെ ഭരണമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ അധികാരവൃത്തം ഇപ്പോള്‍ രണ്ടു സംസ്ഥാനങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു. ബിജെപിയാവട്ടെ 20 സംസ്ഥാനങ്ങളില്‍ ഭരണം കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it