കാശിമഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ഥ സമാധിയായി

കൊച്ചി: 20ാമത് കാശിമഠാധിപതിയും ഏഴു പതിറ്റാണ്ടോളം 50 ലക്ഷം വരുന്ന ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയാചാര്യനുമായിരുന്ന സ്വാമി സുധീന്ദ്രതീര്‍ഥ(91) സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ 1.10ന് ഹരിദ്വാറിലെ വ്യാസാശ്രമത്തില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ അന്ധേരിയില്‍ വെവന്‍ഹില്‍സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്കു കൊണ്ടുപോയിരുന്നു.
1926 മാര്‍ച്ച് 31ന് എറണാകുളത്ത് തിരുമല ദേവസ്വം അമ്പലത്തിനു സമീപം കപ്പശ്ശേരി വീട്ടില്‍ രാമദാസ ഷേണായിയുടെയും ദ്രൗപതിയുടെയും നാലാമത്തെ മകനായി ജനിച്ചു. സദാശിവ ഷേണായി എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ശ്രീമദ് സുകൃതീന്ദ്ര തീര്‍ഥ സ്വാമികളുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് സുധീന്ദ്രതീര്‍ഥ ആധ്യാത്മികരംഗത്തേക്കു വരുന്നത്. 1944 മെയ് 24ന് 17ാമത്തെ വയസ്സില്‍ സുകൃതീന്ദ്ര തീര്‍ഥ സ്വാമികളില്‍ നിന്നും മുല്‍ക്കി ശ്രീ വെങ്കടരമണ ക്ഷേത്രത്തില്‍ നിന്നും ദീക്ഷ സ്വീകരിച്ച സുധീന്ദ്ര തീര്‍ഥ പിന്നീട് ഗുരുവിന്റെ പ്രഥമശിഷ്യനായി മാറി. 1949 ജൂലൈ 10ന് ഗുരുസ്വാമികളായ സുകൃതീന്ദ്ര തീര്‍ഥ സ്വാമിയുടെ വിയോഗത്തെത്തുടര്‍ന്ന് മഠത്തിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയായിരുന്നു. 1955ല്‍ ഗുരുപീഠത്തിന്റെ അത്യുന്നത ശ്രേണിയിലെത്തി വൈഷ്ണവ പരമ്പരയുടെ ധര്‍മഗുരുവായി സുധീന്ദ്ര തീര്‍ഥ സ്വാമികള്‍ അവരോധിക്കപ്പെട്ടു.
ഗുരുപരമ്പരാസ്തവനം, ശ്രീ ബാദരായണ സുപ്രഭാതം, ശ്രീ ബാദരായണ സ്തുതി, ശ്രീ ബാദരായണ മംഗലശാസനം, ശ്രീ ബാദരായണ പ്രപത്തി എന്നീ അഞ്ച് സ്‌തോത്രങ്ങള്‍ രചിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it