Flash News

കാവേരി സെല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം: കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം: കേരളാഹൗസിലെ കാവേരി സെല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേരളത്തിനു വേണ്ടി അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി രൂപീകരിച്ച സെല്‍ ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തില്‍ ഒരു സംശയത്തിന്റെയും ആവശ്യമില്ലെന്നും ആശങ്ക വേണ്ടെന്നും ജലപ്രശ്‌നത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങളിലുള്ള ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സാങ്കേതിക വിദഗ്ധരുടെ മെച്ചപ്പെട്ട പിന്തുണ ലഭ്യമാക്കാനും പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാവേരി സെല്ലിലെ സാങ്കേതിക വിഭാഗമാണ് നിര്‍ത്തലാക്കുന്നത്. പകരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ നിയമവകുപ്പില്‍ പ്രത്യേക നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. മുന്‍ ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്റെ അധ്യക്ഷതയില്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതിയും രൂപീകരിച്ചു. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്തിനു വെള്ളം ലഭിച്ചില്ലെന്നത് സത്യമാണ്. എന്നാല്‍, പ്രശ്‌നം അറിഞ്ഞയുടനെ ഇടപെട്ട് മുന്‍കാലത്തേക്കാള്‍ കൂടുതല്‍ വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന് അനുകൂലമായ ഉറപ്പ് കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാഹ്യസമ്മര്‍ദത്തിനു വിധേയമായി കേരള താല്‍പര്യം ഹനിക്കുന്നതിനുള്ള ആദ്യ കാല്‍വയ്പാണ് ഈ തീരുമാനമെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിയമവിദഗ്ധര്‍ക്ക് കൈകാര്യം ചെയ്യണമെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ സഹായമില്ലാതെ പറ്റില്ല.  ഇനി കോടതി തുറക്കുമ്പോള്‍ മുല്ലപ്പെരിയാറില്‍ പുതിയ ഹരജിയുമായി തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിക്കാന്‍ പോവുകയാണ്. മാത്രമല്ല, എല്ലാ അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളും കോടതിയുടെ പരിഗണനയില്‍ വരുകയാണ്. ഇത്തരത്തിലുള്ള നമ്മുടെ നിരവധി പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്യാനുള്ള ഏക സംവിധാനമാണ് കാവേരി സെല്ലെന്നും ഇതു നിര്‍ത്തലാക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരും ഒ രാജഗോപാലും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it