കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് നിയമപരമായ അവകാശങ്ങളുള്ള സമിതിയായിരിക്കും: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ജുഡീഷ്യല്‍ അധികാരമുള്ള ഭരണ സമിതിയായിരിക്കുമെന്ന് കേന്ദ്ര ജല വിഭവ മന്ത്രാലയ സെക്രട്ടറി യുപി സിങ്. ഇതിനെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് എന്നോ അതോറിറ്റി എന്നോ വിളിക്കണമെന്നതല്ല യഥാര്‍ഥ വിഷയം. കാവേരി നദീ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരു ജുഡീഷ്യല്‍ അല്ലെങ്കില്‍ നിയമപരമായ അവകാശങ്ങളുള്ള- അഡ്മിനിസ്‌ട്രേറ്റീവ്- ബോര്‍ഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് കാവേരി നദീജലം വിതരണം ചെയ്യുന്നതിലെ തര്‍ക്കം പരിഹരിക്കുന്നതിന് ഒരു മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ജലവിഭവ മന്ത്രാലയ സെക്രട്ടറി ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിടെ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, ബോര്‍ഡിലെ അംഗങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ എല്ലാ കക്ഷികളുമായി ഇതിനോടകം ആശയവിനിമയം നടത്തിയിട്ടുള്ളതിനാല്‍, സംസ്ഥാനങ്ങളുമായി പുതിയ ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്നും സിങ് പറഞ്ഞു. 20 വര്‍ഷത്തെ പരിചയ സമ്പത്തുള്ള എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലായിരിക്കണം ബോര്‍ഡ് സ്ഥാപിക്കേണ്ടതെന്ന് കാവേരി ജല തര്‍ക്ക ട്രൈബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
അടുത്തമാസം മൂന്നോടെ പദ്ധതിയുടെ കരട് രൂപ രേഖ കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ബോര്‍ഡ് സ്ഥാപിക്കാന്‍ മൂന്നു മാസം നീട്ടിനല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളിയാണ് കോടതി കണിശമായ നിര്‍ദേശം നല്‍കിയത്.
അതേസമയം, നിര്‍ദിഷ്ട ബോര്‍ഡിലെ ഓരോ അംഗങ്ങളുടെ അധികാരം നിര്‍ണയിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ജലവിഭവ മന്ത്രാലയം ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടുകളുണ്ട്. ബോര്‍ഡിലെ അംഗങ്ങളുടെ അധികാരങ്ങള്‍ സംബന്ധിച്ച് ഫെബ്രുവരിയിലെ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളും ആശങ്ക അറിയിച്ചിരുന്നു. അംഗങ്ങളുടെ അധികാരം നിര്‍വചിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it