Flash News

കാവേരി: കരടില്‍ കേരളം നിര്‍ദേശിച്ച ഭേദഗതികള്‍ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കരടിന്റെ ഭേദഗതികള്‍ ഇന്നുതന്നെ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കരടില്‍ കേരളം നിര്‍ദേശിച്ച ഭേദഗതി കോടതി തള്ളി. തിങ്കളാഴ്ച സമര്‍പ്പിച്ച കരട് ഇന്നലെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണനയ്‌ക്കെടുത്തത്. കരടിന്മേല്‍ കേരളവും തമിഴ്‌നാടും കര്‍ണാടകയും പുതുച്ചേരിയും ഭേദഗതി നിര്‍ദേശങ്ങള്‍ കോടതിയെ അറിയിച്ചു.
പദ്ധതിയുടെ ഭരണപരമായ ചെലവുകളുടെ 40 ശതമാനം വീതം കര്‍ണാടകയും തമിഴ്‌നാടും 15 ശതമാനം കേരളവും അഞ്ചു ശതമാനം പുതുച്ചേരിയും വഹിക്കണമെന്ന കരടിലെ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് കേരളം നിലപാട് അറിയിച്ചത്. നിലവില്‍ കാവേരിയില്‍ നിന്നു നാലുശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തിനു ലഭിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ചെലവിനത്തിലുള്ള തുകയുടെ 15 ശതമാനം വഹിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി. അണക്കെട്ടുകളുടെയും ജലസംഭരണിയുടെയും നിയന്ത്രണം കാവേരി മാനേജ്‌മെന്റ് ബോര്‍ഡിനല്ലെന്നും അതതു സംസ്ഥാനങ്ങള്‍ക്കു വേണമെന്നും കേരളത്തിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യങ്ങള്‍ സുപ്രിംകോടതി തള്ളി. അന്തര്‍സംസ്ഥാന നദികളെല്ലാം രാജ്യത്തിന്റെ പൊതുമുതലാണെന്ന് നേരത്തേ സുപ്രിം കോടതി ഉത്തരവിട്ടതാണെന്നും അതിനാല്‍ അവയുടെ നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിരമിച്ച കോടതി ജഡ്ജിയാവണം ബോര്‍ഡിന്റെ മേധാവിയെന്ന തമിഴ്‌നാടിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഗോദാവരി മാനേജ്‌മെന്റ് ബോര്‍ഡ് പോലെ ഇതിന്റെ പേര് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് എന്നാവണമെന്നും തമിഴ്‌നാടിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പേരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍, അതോറിറ്റിയല്ലെന്നും ബോര്‍ഡ് തന്നെയാണെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അദ്ദേഹം അറിയിച്ചു. ഇതോടെ പേര് ബോര്‍ഡ് തന്നെയാവണമെന്ന് കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റിട്ടില്ലാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാംദിവാന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യവും കോടതി നിരസിച്ചു. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it