കാവുകളുണരാന്‍ ദിവസങ്ങള്‍ മാത്രം; കളിയാട്ടത്തറകളില്‍ അണിയലങ്ങള്‍ ഒരുങ്ങുന്നു

ടി ബാബു

പഴയങ്ങാടി: തുലാം പിറന്ന് കാവുകള്‍ ഉണരാന്‍ ഇനി നാളുകള്‍ മാത്രം ശേഷിക്കേ കളിയാട്ടത്തറകളില്‍ അണിയലങ്ങള്‍ ഒരുങ്ങുന്നു. സാധാരണക്കാരന്റെ സങ്കടങ്ങള്‍ക്കു തീര്‍പ്പുകല്‍പ്പിക്കാന്‍ ദൈവവിളിയുമായി വരുന്നവരെന്നു സങ്കല്‍പ്പിക്കുന്ന തെയ്യക്കോലങ്ങള്‍ക്കുവേണ്ടി വന്‍ തുക ചെലവിട്ട് അണിയലങ്ങള്‍ ഒരുക്കുന്ന തിരക്കിലാണു തെയ്യം കലാകാരന്‍മാര്‍.

അതിസൂക്ഷ്മതയോടെയാണ് ദേവതകളുടെ  അണിയലങ്ങള്‍ ഒരുക്കുന്നത്. ദേവതകളുടെ സങ്കല്‍പവും രൂപചൈതന്യവും വെളിപ്പെടുത്തുന്നതിനു വട്ടമുടി, നീളമുടി, പൂക്കട്ടിമുടി, പീലിമുടി, പുറത്തട്ട്, ഓംകാരമുടി തുടങ്ങിയ മുടികളും ചിറകുടുപ്പ്, വിതാനത്തറ കാണി, വെളുമ്പന്‍ എന്നിങ്ങനെ വ്യത്യസ്ത ഉടുപ്പുകളുമാണ് കലാകാരന്‍മാര്‍ അതിസൂക്ഷ്മതയോടെ തയ്യാറാക്കുന്നത്. മുരിക്ക്, കൂവല്‍ തുടങ്ങി കനംകുറഞ്ഞ മരങ്ങള്‍ ഉപയോഗിച്ചാണു കൂടുതലായും മുടികള്‍ തയ്യാറാക്കുന്നത്. ഇവ ചെത്തിമിനുക്കി വൈവിധ്യമാര്‍ന്നതാക്കാന്‍ ദിവസങ്ങള്‍ തന്നെയെടുക്കും. പുരുഷഭാവമുള്ള വൈരജാതന്‍, വേട്ടയ്‌ക്കൊരുമകന്‍, ഭൈരവന്‍ എന്നിങ്ങനെയുള്ള തെയ്യക്കോലങ്ങള്‍ക്കു വട്ടമുടിയാണ് ഉപയോഗിക്കുക. പെരുംകളിയാട്ടങ്ങളിലെ തായ്പര ദേവതകള്‍ക്കു നീളമുടിയും ഉപയോഗിക്കും.

പക്ഷേ, ഇങ്ങനെ 20ഉം 21ഉം അടി നീളമുള്ള മുടിയണിഞ്ഞ് അരിയും കുറിയുമെടുത്ത് ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയുന്ന തെയ്യക്കോലങ്ങള്‍ക്കു പിന്നിലെ സാഹസങ്ങളോ പ്രയാസങ്ങളോ ആരുമറിയുന്നില്ല. വര്‍ഷത്തില്‍ ആറുമാസം മാത്രം ലഭിക്കുന്ന ഒരു വരുമാനമാര്‍ഗം കൂടിയാണ് തെയ്യം കലാകാരന്‍മാര്‍ക്ക് തെയ്യക്കോല നിര്‍മാണം. ഇക്കാലയളവില്‍ കാവുകളില്‍നിന്നു കാവുകളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉറക്കംപോലും ഇവരില്‍ പലര്‍ക്കും അന്യമാണ്. പഞ്ഞമാസങ്ങളിലാവട്ടെ ഇവര്‍ക്കു തൊഴിലുമില്ല. ഭാരമേറിയ നീളന്‍ മുടിയണിഞ്ഞ് ഏറെ ശാരീരികാധ്വാനമുള്ള ചുവടുവയ്പുകളും അനുഷ്ഠാനങ്ങളുമായി ഉറഞ്ഞുതുള്ളുന്നതിനാല്‍ രോഗാതുരരായി മാറിയവരും ഏറെ. തെയ്യക്കാരനു നട്ടെല്ലിനാണ് ഏറെ ക്ഷതമേല്‍ക്കുന്നത്.

സാഹസികമായി തെയ്യമാടുമ്പോള്‍ കളിയാട്ടക്കാവുകളില്‍ ജീവന്‍ പൊലിഞ്ഞവരും ഏറെയാണ്. എന്നാല്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. നാടന്‍ കലാ അക്കാദമിയുടെ ഫെലോഷിപ്പ് മാത്രമാണ് വളരെ വിരളമായാണെങ്കിലും ഈ മേഖലയിലുള്ളവര്‍ക്കു ലഭിക്കുന്നത്. കോലധാരികള്‍ക്കു നാടുമുഴുവന്‍ 'ജന്‍മ'മാണെങ്കിലും ജന്‍മം വീട്ടാന്‍ മറ്റു തൊഴിലുകള്‍ തേടേണ്ട സ്ഥിതിയിലാണ് ഇവര്‍.
Next Story

RELATED STORIES

Share it