dwaivarika

കാവി മൗലാനമാരുടെ കാലം

കാവി മൗലാനമാരുടെ കാലം
X


ഇ എം അബ്ദുറഹ്മാന്‍

സ്‌ലാം എത്ര തരമാണ്? മുസ്‌ലിം എത്ര ജാതിയാണ്? ഒരേ അല്ലാഹുവിനെ ആരാധിക്കുകയും ഒരേ പ്രവാചകനെ പിന്‍പറ്റുകയും ഒരേ ഖുര്‍ആന്‍ അംഗീകരിക്കുകയും ഒരേ ഖിബ്‌ലയിലേക്കു തിരിഞ്ഞു നമസ്‌ക്കരിക്കുകയും ചെയ്യുന്നവരെയാണ് മുസ്‌ലിംകള്‍ എന്നു വിളിക്കുന്നത്. അവര്‍ എല്ലാവരുടെയും മതമാണ് ഇസ്‌ലാം. ഒരേ മതം, ഒരേ സമുദായം.
മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും അവാന്തരവിഭാഗങ്ങളും പുതിയ കാര്യല്ല. പ്രവാചകനുശേഷം ആദ്യ നൂറ്റാണ്ടില്‍തന്നെ സച്ചരിതരായ നാല് ഖലീഫമാര്‍ക്കുശേഷം, ശിയാ-സുന്നി വിഭാഗങ്ങള്‍ ഉടലെടുത്തു. പതിന്നാലു നൂറ്റാണ്ടുകള്‍ക്കുശേഷവും അവ തുടരുന്നു. രാഷ്ട്രീയാധികാരത്തെ ചൊല്ലി ആരംഭിച്ച ഭിന്നതകള്‍ പിന്നീട് വിശ്വാസപരവും ആത്മീയവുമായ മാനങ്ങള്‍ കൈവരിക്കുകയായിരുന്നു. കാലാന്തരത്തില്‍ സുന്നി-ശിയാ വിഭാഗങ്ങള്‍ വ്യതിരിക്തസമൂഹങ്ങളായി തുടര്‍ന്നുകൊണ്ടുതന്നെ പരസ്പരം സമരസപ്പെടുകയുണ്ടായി. എന്നാല്‍ സുന്നികള്‍ ശിയാക്കളെയോ ശിയാക്കള്‍ സുന്നികളെയോ മതത്തില്‍നിന്നും സമുദായത്തില്‍നിന്നും ഭ്രഷ്ടരാക്കിയിട്ടില്ല. സുന്നികള്‍ക്കൊപ്പം ശിയാക്കളും പങ്കെടുത്തുവരുന്ന ആഗോള മുസ്‌ലിം സംഗമങ്ങളായ ഹജ്ജും ഉംറയുംതന്നെ ഇതിന് ഏറ്റവും വലിയ തെളിവ്.
സുന്നി മുസ്‌ലിംകള്‍ക്കിടയിലെ മദ്ഹബുപരവും മസ്‌ലക്പരവുമായ വ്യത്യസ്ത അഭിപ്രായങ്ങളും പുതിയ കാര്യമല്ല. ഇന്ത്യയില്‍ നിലവിലുള്ള ബറേല്‍വി ദയൂബന്തി, അഹ്‌ലെ ഹദീസ് തുടങ്ങിയ ചിന്താധാരകള്‍ ഇസ്‌ലാം മതത്തിന്റെയോ മുസ്‌ലിം സമുദായത്തിന്റെയോ പുറത്താണെന്നോ അവര്‍ പരസ്പരം പോരടിക്കേണ്ട ശത്രുക്കളാണെന്നോ വിവരവും വിവേകവുമുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചിട്ടില്ല. വിവിധ വിഭാഗങ്ങളിലെ അല്‍പജ്ഞാനികളും വികാരജീവികളുമായ ചില നേതാക്കള്‍ ഇടയ്ക്കിടെ നടത്താറുള്ള വിഭാഗീയനീക്കങ്ങള്‍ക്ക് സമുദാത്തിലെ വിവേകമതികളുടെ പിന്തുണ ലഭിച്ചിട്ടില്ല. നേരെമറിച്ച്, പൊതുപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദികളില്‍ ബറേല്‍വി-ദയൂബന്തി-അഹ്‌ലേ ഹദീസ് വിഭാഗത്തില്‍പ്പെട്ട പണ്ഡിതന്മാര്‍ മാത്രമല്ല, ശിയാ പണ്ഡിതന്മാരും ഒന്നിച്ച് അണിനിരക്കുന്നതായാണ് കണ്ടുവരുന്നത്.

kavi moula
ലോക രാഷ്ട്രീയത്തിന്റെ നിയന്ത്രണം പടിഞ്ഞാറന്‍ മുതലാളിത്തരാഷ്ട്രങ്ങളും സയണിസ്റ്റ് വംശീയ രാഷ്ട്രമായ ഇസ്രയേലും കയ്യിലേന്താന്‍ തുടങ്ങിയ പോസ്റ്റ് കൊളോണിയല്‍ കാലം മുതല്‍ മുസ്‌ലിംകള്‍ക്കിടയില്‍ മേല്‍പ്പറയപ്പെട്ട മൃദുവിഭാഗീയതകള്‍ക്കു പുറമെ, ധ്രുവീകരണത്തിന്റെ പുതിയ തലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സാമ്രാജ്യത്വ-സയണിസ്റ്റ് കുടിലതകള്‍ക്കു പുറമെ, അറബ്-മുസ്‌ലിം നാടുകളിലെ തദ്ദേശീയമായ ഭരണവര്‍ഗ താല്‍പര്യങ്ങളും പുതിയ തീവ്രതകള്‍ക്ക് ആക്കം കൂട്ടി. ഇറാഖ് അധിനിവേശത്തിന്റെ നാളുകളില്‍ ജോര്‍ജ് ബുഷ് സദ്ദാം ഹുസൈനെ നിഷ്‌കാസിതനാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, മുസ്‌ലിംകള്‍ക്ക് രണ്ടുതരം ഇസ്‌ലാമിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. തീവ്രവാദ ഇസ്‌ലാമും മിതവാദ ഇസ്‌ലാമും. ഞാന്‍ ബുഷ് മിതവാദ ഇസ്‌ലാമിന്റെ അപ്പോസ്തലന്‍. അവന്‍ സദ്ദാം തീവ്രവാദ ഇസ്‌ലാമിന്റെ കുന്തമുന. ലോകത്ത് എവിടെയുമുള്ള മുസ്‌ലിംകള്‍ ഒന്നുകില്‍ എന്റെ പിന്നില്‍ അണിനിരന്ന് രക്ഷപ്പെട്ടുകൊള്ളുക; അല്ലെങ്കില്‍ അവന്റെ കൂടെനിന്ന് നാശം ഏറ്റുവാങ്ങിക്കൊള്ളുക. തികച്ചും രാഷ്ട്രീയവും അധിനിവേശപരവുമായി ഇങ്ങനെ മുസ്‌ലിംസമൂഹത്തെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാന്‍വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി വേറെയും പദാവലികള്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. രാഷ്ട്രീയ ഇസ്‌ലാമിനെതിരെ ആത്മീയ ഇസ്‌ലാം, സലഫി ഇസ്‌ലാമിനെതിരെ സൂഫി ഇസ്‌ലാം, പിന്തിരിപ്പന്‍ ഇസ്‌ലാമിനെതിരെ പുരോഗമന ഇസ്‌ലാം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങള്‍ക്ക് ഇരുവശവും ചേര്‍ന്നവര്‍ അിറഞ്ഞും അറിയാതെയും സാമ്രാജ്യത്വ-സയണിസ്റ്റ് അജണ്ടയുടെ കരുക്കളായി മാറുകയായിരുന്നു. സംവാദവാഗ്വാദങ്ങള്‍ക്കുമപ്പുറം ഇസ്‌ലാം രാജ്യങ്ങളിലും സമൂഹങ്ങളിലും സായുധവേട്ടകളിലേക്കും ബോംബ് സ്‌ഫോടനങ്ങളിലേക്കും മിസൈല്‍ പ്രയോഗങ്ങളിലേക്കുംവരെ ഈ പുതിയ ശത്രുതകള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ ശത്രുതകളുടെ സ്രഷ്ടാക്കള്‍തന്നെയാണ് ആഭ്യന്തര യുദ്ധങ്ങളും അതിര്‍ത്തികടന്നുള്ള യുദ്ധവും കൊടുംപിരികൊണ്ട മുസ്‌ലിം നാടുകളില്‍ 'സമാധാനം' സ്ഥാപിക്കാന്‍ സഖ്യസേനകളുടെ രൂപത്തില്‍ സായുധമായി ഇടപെട്ടുകൊണ്ടിരിക്കുന്നത്. അറബ്‌ലോകത്തെ ഭീകരഭരണകൂടങ്ങള്‍ക്കും ഓരോ കാലഘട്ടത്തിലും തങ്ങള്‍ക്ക് അന്യമായി വരുന്ന സായുധസംഘങ്ങള്‍ക്കും ശൃംഖലകള്‍ക്കും ആയുധങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും സയണിസ്റ്റ് രാഷ്ട്രവും തന്നെയാണ്. വിശ്വാസത്തില്‍ ഐക്യപ്പെട്ട് നീതിക്കും സ്വതാന്ത്ര്യത്തിനുംവേണ്ടി നിലകൊള്ളുന്ന ഒരു സാന്നിധ്യമായി മുസ്‌ലിംകളെ വച്ചുപൊറുപ്പിക്കുകയില്ലെന്ന ശത്രുക്കളുടെ ധാര്‍ഷ്ട്യവും ദുഷ്ടലാക്കുമാണ് ഇന്ന് മുസ്‌ലിംലോകം നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനം.
മുസ്‌ലിംസമൂഹങ്ങളെയും പ്രസ്ഥാനങ്ങളെയും രാഷ്ട്രങ്ങളെയും ശിഥിലീകരിക്കാനുള്ള സാമ്രാജ്യത്വ-സയണിസ്റ്റ് പദ്ധതിയുമായി ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ബന്ധം ചരിത്രപരമായി ആഴത്തില്‍ വേരോടിയിട്ടുള്ളതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഫാഷിസത്തിനും നാസിസത്തിനുമെതിരേ നിലപാടെടുത്തു മുന്നേറിക്കൊണ്ടിരുന്ന തൊള്ളായിരത്തി മുപ്പതുകളിലും നാല്‍പതുകളിലും മുസോളിനിയെയും ഹിറ്റ്‌ലറെയും പിന്തുണയ്ക്കുക മാത്രമല്ല; ഇറ്റലിയും ജര്‍മനിയുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് മുസ്‌ലിം ഉന്മൂലനത്തിനുവേണ്ടി അവരുടെ വിധ്വംസക രീതികള്‍ അഭ്യസിക്കുകകൂടി ചെയ്തവരാണ് ആര്‍എസ്എസ്സിന്റെ ആദ്യകാല നേതാക്കള്‍. മുസ്‌ലിംകളെ, ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കുമൊപ്പം ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള സംഘപരിവാരം അവര്‍ക്ക് തുല്യാവകാശങ്ങള്‍ അനുവദിക്കാത്ത തീവ്രഹിന്ദുത്വ രാഷ്ട്രമാണ് ആത്യന്തികമായി ലക്ഷ്യമിടുന്നതെന്നതിന് തൊണ്ണൂറു വര്‍ഷക്കാലത്തെ അവരുടെ പ്രസ്താവനകളും പ്രമേയങ്ങളും പ്രവര്‍ത്തനങ്ങളും മതിയായ തെളിവുകളാണ്. അതുകൊണ്ടുതന്നെയാണ് മുന്‍പെന്നപോലെ, അധികാരം കയ്യാളുന്ന ആര്‍എസ്എസ് ഇപ്പോള്‍ വച്ചുനീട്ടുന്ന മധുരം നുകരാന്‍ മുസ്‌ലിംസമുദായത്തിലെ വിശ്വാസ്യതയും സത്യസന്ധതയും നിലനിര്‍ത്തുന്ന പണ്ഡിതന്മാരും നേതാക്കളും തയ്യാറാവാത്തതും.  kavi moulan

ഒരു ചെറിയ വിഭാഗം മുസ്‌ലിംകളെയെങ്കിലും കബളിപ്പിച്ചു പാട്ടിലാക്കാനുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായി എക്കാലത്തും ഉണ്ടായിട്ടുണ്ട്. എംസി ഛഗ്ല, ഹമീദ് ദല്‍വായി, ഹിദായത്തുല്ല തുടങ്ങിയ മുസ്‌ലിം നാമധാരികളെ പുരോഗമനവേഷം ധരിപ്പിച്ച് സമുദായത്തിന്റെ പൊതുധാരണകള്‍ മുറിപ്പെടുത്താന്‍ മുമ്പ് വിനിയോഗിക്കപ്പെടുകയുണ്ടായി. ഭൗതികമായ സ്വന്തം കാര്യലാഭത്തിനുവേണ്ടി ഏതു ചെകുത്താനുമായും കൂട്ടുചേരാമെന്ന് വിശ്വസിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട പണ്ഡിതന്മാരെയും നേതാക്കളെയും മുന്‍കാലങ്ങളിലും ആര്‍എസ്എസ് പാളയത്തില്‍ കാണാനായിട്ടുണ്ടെങ്കിലും ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയില്‍ ചേക്കേറിയവരെപ്പോലും അവജ്ഞയോടെ മാത്രമാണ് സമുദായം വീക്ഷിച്ചു പോന്നിട്ടുള്ളത്.
മുസ്‌ലിംകള്‍ക്കെതിരായുള്ള വിദ്വേഷപ്രചാരണങ്ങളുൂം ആക്രമണങ്ങളും കലാപങ്ങളുമാണ് ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയ ചരിത്രത്തിന്റെ ആകത്തുക. സമാന്തരമായി മുസ്‌ലിം സംഘടനകളെയും പണ്ഡിതന്മാരെയും ഏതുവിധേനയും സ്വാധീനിച്ചുകൊണ്ട് സമുദായശിഥിലീകരണമെന്ന ലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
2002 ഡിസംബര്‍ 24നു രൂപീകരിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രീയ മഞ്ച് മുസ്‌ലിം സമുദായത്തില്‍ വേരുറപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങളുടെ ഭാഗമാണ്. അന്നത്തെ സര്‍സംഘചാലക് ആയിരുന്ന കെഎസ് സുദര്‍ശന്‍ മുന്‍കയ്യെടുത്ത് കേന്ദ്രകമ്മിറ്റി അംഗവും മാലേഗാവ്, മക്കാമസ്ജിദ്, സംജോത എക്‌സ്പ്രസ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസുകളില്‍ കുറ്റാരോപിതനുമായ ഇന്ദ്രേഷ് കുമാറിന്റെ ചുമതലയിലാണ് മുസ്‌ലിം രാഷ്ട്രീയമഞ്ച് ആരംഭിക്കുന്നത്. സംഘപരിവാറിന്റെ മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ മുസ്‌ലിംനാമധേയത്തില്‍ ഏറ്റുപറയുക എന്നതല്ലാതെ മുസ്‌ലിംകളുടെ വ്യക്തിത്വം, സുരക്ഷ, വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ ഒരു നിലപാടും മഞ്ച് വര്‍ഷംതോറും വിളിച്ചുചേര്‍ക്കുന്ന കണ്‍വന്‍ഷനുകളില്‍ ഉണ്ടായിട്ടില്ല. മുസ്‌ലിംരാഷ്ട്രീയ മഞ്ചിലൂടെ ആര്‍എസ്എസ് സമുദായസേവ നടത്തിക്കൊണ്ടിരുന്ന 2002 നു ശേഷമുള്ള വര്‍ഷങ്ങളിലാണ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കള്‍ ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നത്  യാദൃച്ഛികമല്ല.
2008-09 കാലഘട്ടത്തില്‍ ഗോസംരക്ഷണത്തിനായി, പത്തുലക്ഷം മുസ്‌ലിംകളുടെ കയ്യില്‍ രാഷ്ട്രീയ മഞ്ച്‌വഴി രക്ഷാബന്ധന്‍ കെട്ടിച്ചു. 2003 ല്‍ നടന്ന ആദ്യ ദേശീയ കണ്‍വന്‍ഷനില്‍തന്നെ ഗോവധ നിരോധനത്തിനു പ്രമേയം പാസ്സാക്കുകയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചയ്‌ക്കെടുക്കുകയും ചെയ്തു. 2009 ല്‍ മഞ്ച് വന്ദേമാതരത്തിനുവേണ്ടി രംഗത്തുവന്നപ്പോള്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസ്തുത നിലപാടിനെ രൂക്ഷമായി എതിര്‍ക്കുകയുണ്ടായി. 2015 ല്‍ സൂര്യനമസ്‌കാരത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള യോഗാപുസ്തകം അവരുടെ വകയായി പുറത്തിറങ്ങി. ഉത്തരപ്രദേശിലെ ദാദ്രിയില്‍ ബീഫ് സ്വന്തം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്ന വ്യാജ ആരോപണമുന്നയിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ സംഘികള്‍ അടിച്ചുകൊന്ന പശ്ചാത്തലത്തില്‍, മുസ്‌ലിം രാഷ്ട്രീയമഞ്ചിന്റെ വകയായി പുറത്തുവന്നത് മുസ്‌ലിംകള്‍ ഖുര്‍ബാനി (ഉളുഹിയത്ത്) നടത്തുന്നത് ഒഴിവാക്കണമെന്ന ആഹ്വാനമായിരുന്നു.
മുസ്‌ലിംസമുദായത്തിനുള്ളിലെ ആര്‍എസ്എസ് അംഗങ്ങളുടെ പുതിയ ഊഴമാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലംകയ്യായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കച്ചോച്ച്‌വി, സുരേഷ്‌വാല തുടങ്ങിയവരെ മുന്നില്‍ നിര്‍ത്തിയാണ് കളി നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച മുതല്‍ മുസ്‌ലിം രാഷ്ട്രീയമഞ്ച് വരെ സമുദായത്തില്‍ വേരുറപ്പിക്കുന്നതില്‍ വിജയിക്കാത്ത അനുഭവം കണക്കിലെടുത്ത്, കൂടുതല്‍ സൂക്ഷ്മവും കുടിലവുമായ രീതിയിലാണ് പുതിയ നീക്കങ്ങള്‍. ആര്‍എസ്എസിന്റെയും നരേന്ദ്രമോദി സര്‍ക്കാരിന്റെയും മുസ്‌ലിംവിരുദ്ധ അജണ്ടയിലേക്ക് വീണുകിട്ടിയ പുതിയ ഇരയാണ് 'മുസ്‌ലിം ഭീകരത' എന്ന സാങ്കല്‍പിക ശത്രു. ഭീകരതയ്ക്ക് ഒരു മതവും സമുദായവുമായി ബന്ധമില്ലെന്ന് മോദിയും അമിത് ഷായും രാജ്‌നാഥ് സിംഗും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അതേശ്വാസത്തില്‍ സാമ്രാജ്യത്വ സയണിസ്റ്റ് പദാവലി ആവര്‍ത്തിച്ചുകൊണ്ട് തീവ്രവാദ ഇസ്‌ലാമിനെതിരെ നിലകൊള്ളാന്‍ മിതവാദ ഇസ്‌ലാമിനോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേകമായ തീവ്രവാദ വിരുദ്ധ കാംപെയിനുകള്‍ ആവശ്യമെങ്കില്‍ അത് തീവ്ര ഹിന്ദുത്വ സ്വാധീനത്തില്‍നിന്ന് ഹിന്ദു സമാജത്തെ മോചിപ്പിക്കാന്‍ വേണ്ടിയാവണ്ടേ? സംഘപരിവാര്‍ അജണ്ടക്കൊപ്പിച്ച് സ്വന്തം സമുദായത്തിനുള്ളില്‍ തീവ്രവാദ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം സംഘടനകളും നേതാക്കളും കേരളത്തിലുള്‍പ്പെടെ ഈ ചോദ്യം അങ്ങോട്ട് തിരിച്ചുചോദിക്കാന്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല?
കാവി മൗലാനമാരുടെ കാലമാണിത്. സന്ദര്‍ശനങ്ങളുടെയും സമ്മേളനങ്ങളുടെയും പെരുമഴക്കാലം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബറേല്‍വി പ്രാതിനിധ്യം അവകാശപ്പെട്ടു നാല്‍പ്പത് ഉലമാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുസ്‌ലിം ഭീകരതയെകുറിച്ച് ചര്‍ച്ചനടത്തി. ശാന്തിദായകമായ സൂഫി ഇസ്‌ലാമിനെ പ്രചരിപ്പിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ സദുപദേശം. അത്തരം നടപടിയെന്ന നിലയിലാണ് ഒരുമാസം മുമ്പ് ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ആള്‍ഇന്ത്യാ തന്‍സീമെ ഉലമായെ മുസ്‌ലിം എന്ന ബാനറിനുകീഴില്‍ നടന്ന തീവ്രവാദവിരുദ്ധ സമ്മേളനം. എന്നാല്‍ ആര്‍എസ്എസിന്റെയും ബിജെപി സര്‍ക്കാറിന്റെയും ആഗ്രഹങ്ങള്‍ക്കും അപ്പുറമായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന ആക്രോശങ്ങള്‍. സൂഫി പ്രചാരണ സമ്മേളനം അങ്ങനെ വഹാബി വിരുദ്ധ പ്രചാരണമായി മാറി. വസ്തുതയ്ക്കും സാമാന്യ യുക്തിക്കും നിരക്കാത്ത ആവശ്യങ്ങളാണ് പ്രമേയങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഉന്നയിക്കപ്പെട്ടത്. മുസ്‌ലിം തീവ്രവാദം തടയാന്‍ വിവിധ സാമൂഹിക സംഘടനകളുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന വഹാബിസത്തെ അടിച്ചമര്‍ത്തുക; ഇക്കാര്യത്തില്‍ റഷ്യയെയും ചെച്‌നിയയെയും മാതൃകയാക്കുക; മുസ്‌ലിം ബ്രദര്‍ ഹുഡിനെ അടിച്ചമര്‍ത്തുന്ന ഈജിപ്തിലെ അല്‍സിസി സര്‍ക്കാറിന് ഇന്ത്യ പിന്തുണ ശക്തമാക്കുക, വഖഫ് ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് വഹാബികളേയും ദയൂബന്തികളേയും പുറത്താക്കുക തുടങ്ങിയവ മുന്നില്‍ നിന്നവരുടെയും പിന്നില്‍ കളിച്ചവരുടെയും തനിനിറം മനസ്സിലാക്കാന്‍ മതിയായവയാണ്.
ആള്‍ ഇന്ത്യാ ഉലമ ആന്റ് മശായിഖ് ബോര്‍ഡ് എന്ന ദര്‍ഗ നേതൃത്വങ്ങളുടെ സംഘടന ബാനറില്‍ ഡല്‍ഹിയില്‍ മൂന്നുദിവസം നടന്ന ലോക സൂഫി സമ്മേളനമാണ് ആര്‍എസ്എസിന്റെ മുസ്‌ലിം അജണ്ടപ്രകാരമുള്ള ഏറ്റവും പുതിയ പരിപാടി. പ്രധാനമന്ത്രി മോദി ഇസ്‌ലാമിന് സമാധാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്ത പ്രസ്തുത സമ്മേളനത്തിന്റെ ആസൂത്രണവും നടത്തിപ്പും ബിജെപി സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സലഫി സമം തീവ്രവാദ ഇസ്‌ലാം, സൂഫി സമം മിതവാദ ഇസ്‌ലാം എന്ന സാമ്രാജ്യത്വ സയണിസ്റ്റ്-ഹിന്ദുത്വ പല്ലവി മുസ്‌ലിം ഉലമാക്കളില്‍ ഒരു വിഭാഗത്തെകൊണ്ട് ഏറ്റുപാടിക്കുകയെന്ന ദൗത്യംതന്നെയാണ് ലോക സൂഫീ സമ്മേളനത്തിനും നിര്‍വഹിക്കാനുണ്ടായിരുന്നത്.
മുസ്‌ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങളും സംഘടനകളും നേതാക്കളും പരസ്പരമുള്ള കുടിപ്പക തീര്‍ക്കാനായാലും അധികാരം കയ്യാളുന്നവരില്‍നിന്ന് അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനുള്ള മത്സരത്തിന്നിടയിലായാലും, വിശുദ്ധ ഖുര്‍ആനിലെ മുസ്‌ലിം ഏകതയിലേക്കുള്ള വിളികളും ശത്രുക്കളുടെ കെണികളെകുറിച്ചുള്ള താക്കീതുകളും ഇടവേളകളിലെങ്കിലും ഓര്‍ക്കുന്നത് അവര്‍ക്കും സമുദായത്തിനും രാഷ്ട്രത്തിനും ഗുണം ചെയ്യും. 'നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ച് പോകരുത്, വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപോലെ നിങ്ങള്‍ ആകരുത്, അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.'
'എന്റെയും നിങ്ങളുടെയും ശത്രുക്കളെ മിത്രങ്ങളായി സ്വീകരിച്ചുകൂടാത്തതാകുന്നു...'നിങ്ങള്‍ അവര്‍ക്ക് സൗഹൃദസന്ദേശങ്ങള്‍ അയക്കുന്നു...'നിങ്ങളില്‍ അപ്രകാരം ചെയ്യുന്നവന്‍ ആരാകട്ടെ, അവന്‍ തീര്‍ച്ചയായും നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു…'(അല്‍ മുംതഹിന: 1-3; ആലു ഇംറാന്‍: 102-105; 118-120)
Next Story

RELATED STORIES

Share it