കാവിപ്പട ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു: മായാവതി

ലഖ്‌നോ: കാവിപ്പട ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെതിരേ ജനങ്ങള്‍ കരുതിയിരിക്കണമെന്നും ബി.എസ്.പി. നേതാവ് മായാവതി. ബി.എസ്.പി. സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.പിയും അധികാരത്തില്‍ വന്നതു മുതല്‍ മൗലികവാദികളും വര്‍ഗീയവാദികളും ശക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭരണഘടന എല്ലാവിഭാഗം ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പുനല്‍കുന്നുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി മാറ്റാന്‍ ശ്രമിച്ചാല്‍ ഇവിടെയുള്ള ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് രക്ഷയുണ്ടാവില്ല- അവര്‍ പറഞ്ഞു.അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംവരണം അട്ടിമറിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്.

കേന്ദ്രം അതിനു പിന്തുണ നല്‍കുകയാണെങ്കില്‍ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മായാവതി മുന്നറിയിപ്പു നല്‍കി.എന്‍.ഡി.എ. ഭരണത്തില്‍ മുസ്‌ലിംകളും മതനിരപേക്ഷവിഭാഗവും ഭീഷണി നേരിടുകയാണ്. ബി.ജെ.പി. നേതാക്കളും എം.പിമാരും ഭരണഘടനാതത്ത്വങ്ങള്‍ ലംഘിക്കുകയാണ്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവുന്നില്ല. നിരവധി എഴുത്തുകാര്‍ കൊല്ലപ്പെടുകയാണ്. പല പ്രതിഭകളും അവരുടെ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചു. പ്രശസ്ത പാകിസ്താനി ഗായകന്‍ ഗുലാം അലിയുടെ ഇന്ത്യയിലെ പരിപാടി വര്‍ഗീയവാദികള്‍ തടഞ്ഞു. ബി.എസ്.പി. ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ ഗുലാം അലിയെ പരിപാടിക്കു ക്ഷണിക്കുകയും സംസ്ഥാനത്ത് മതസൗഹാര്‍ദം നിലനിര്‍ത്തുകയും ചെയ്യുമെന്നും മായാവതി പറഞ്ഞു.
Next Story

RELATED STORIES

Share it