Blogs

കാവികലര്‍ന്ന മലയാളി വെള്ളിത്തിര

കാവികലര്‍ന്ന മലയാളി വെള്ളിത്തിര
X
slug--rashtreeya-keralamനരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ഇനി ആരെയും ഭയക്കാതെ സിനിമയെടുക്കാമെന്ന് സംവിധായകന്‍ മേജര്‍ രവി അടുത്തിടെ പറഞ്ഞത് സജീവമായ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. സിനിമയെടുക്കുന്നത് ഹിന്ദുത്വം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന അദ്ദേഹത്തിന്റെ നിലപാടുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് രവി പറഞ്ഞതിന്റെ യഥാര്‍ഥ പൊരുള്‍ കൂടുതല്‍ വ്യക്തമാവുന്നത്. സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ലോക ഹിന്ദു കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന ഹിന്ദു മാധ്യമസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മേജര്‍ രവി ഇക്കാര്യം തുറന്നടിച്ചത്. മലയാളത്തില്‍നിന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ളവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇവരേക്കാള്‍ ഒരുപടികൂടി കടന്ന് നരേന്ദ്രമോദിക്ക് സ്വയം അടിമത്തം പ്രഖ്യാപിച്ചുകൊണ്ടാണ് നടന്‍ സുരേഷ്‌ഗോപി തന്റെ തീവ്രഹിന്ദുത്വചായ്‌വ് പ്രകടിപ്പിച്ചത്. അതായത്, ഇക്കാലമത്രയും തങ്ങളുടെ സിനിമകളിലൂടെ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിരുന്ന ഹിന്ദുത്വ മനോഭാവം ഇനിമുതല്‍ പച്ചയായി പ്രകടിപ്പിക്കാന്‍ നരേന്ദ്രമോദിയുടെ സ്ഥാനലബ്ധി രവിയെ പോലുള്ളവര്‍ക്ക് ധൈര്യം പകര്‍ന്നിരിക്കുന്നുവെന്ന് ചുരുക്കം. ഉള്ളിലുള്ളത്, മേജര്‍ രവി അതേപടി തുറന്നുപറഞ്ഞെങ്കില്‍, പ്രിയദര്‍ശനെ പോലുള്ളവര്‍ തങ്ങളുടെ സാന്നിധ്യംകൊണ്ട് രവി പറഞ്ഞതിനെ ശരിവയ്ക്കുകയായിരുന്നു.

പൗരന്റെ ആഹാരത്തിലും വസ്ത്രത്തിലും വരെ ഹിന്ദുത്വം പിടിമുറുക്കിയിരിക്കുന്ന അസഹിഷ്ണുതയുടെ പുതിയ മോഡിക്കാലത്ത്, മേജര്‍ രവിക്കും പ്രിയദര്‍ശനും സുരേഷ്‌ഗോപിക്കുമൊക്കെ ലഭിച്ച വൈകാരികമായ ഊര്‍ജം മലയാള സിനിമാലോകത്തെ കൂടുതല്‍ പേരിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാണ് കേരളത്തിലെ ഈ തിരഞ്ഞെടുപ്പുകാലം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പത്തനാപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ഭീമന്‍ രഘു മുതല്‍, സെല്‍ഫിയെടുത്ത് കുമ്മനത്തോടൊപ്പം കൂട്ടുകൂടിയ പുതിയ തലമുറയിലെ നടി പ്രവീണ വരെ നീളുന്നു ഈ പട്ടിക. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കവിയൂര്‍ പൊന്നമ്മയുടെ മാതൃഭാവത്തിലും എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിലുംപോലും വിദ്വേഷരാഷ്ട്രീയത്തിന്റെ കാവി കലര്‍ന്നിരുന്നുവെന്നത് ശരാശരി മലയാളി പ്രേക്ഷകന് ഒരല്‍പ്പം ആശ്ചര്യത്തോടെയല്ലാതെ ഉള്‍ക്കൊള്ളാനാവില്ല.
ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിസമവാക്യങ്ങളെ മലയാള സിനിമാലോകം എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത് എക്കാലത്തും വളരെ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുള്ള വിഷയമാണ്. കഥാപാത്രനിര്‍മിതി മുതല്‍, ഉപയോഗിക്കുന്ന ഭാഷാശൈലിയിലും ചിഹ്നങ്ങളിലും വരെ മുഴച്ചുനില്‍ക്കുന്ന സവര്‍ണ ഹിന്ദുത്വ മനോഭാവം നിരൂപകര്‍ നിരവധി തവണ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വള്ളുവനാടന്‍ പശ്ചാത്തലത്തില്‍ എം ടി വാസുദേവന്‍നായരും പ്രിയദര്‍ശനും രഞ്ജിത്തുമൊക്കെ പല കാലഘട്ടങ്ങളിലായി രൂപംകൊടുത്ത വീരനായകപരിവേഷങ്ങളിലും കഥാസന്ദര്‍ഭനിര്‍മിതികളിലും നിറഞ്ഞുനിന്ന സവര്‍ണ പക്ഷപാതിത്വവും ന്യൂനപക്ഷ-കീഴാള വിരുദ്ധതയുമൊക്കെ വര്‍ത്തമാനകാലത്ത് ചേര്‍ത്തുവായിക്കുമ്പോള്‍, കച്ചവടക്കണ്ണുവച്ചുള്ള വെറും രസക്കൂട്ടുകളായി അവയെ പരിമിതപ്പെടുത്താനാവില്ല. മറിച്ച് അണിയറയ്ക്കു പിന്നില്‍ നിറഞ്ഞാടിയ കൃത്യമായ രാഷ്ട്രീയ അജണ്ടകളിലേക്കാണ് അവയൊക്കെ വെളിച്ചംവീശുന്നത്. സംവരണവിരുദ്ധതയും മലപ്പുറം ഭീകരതയും ന്യൂനപക്ഷ പ്രീണനനവുമൊക്കെ ഇത്തരം സിനിമകളില്‍ വീരനായകന്റെ ആത്മരോഷമായും പരിഹാസമായും മറ്റും മുഴങ്ങിക്കേള്‍ക്കുകയും പില്‍ക്കാലത്ത് സവര്‍ണ രാഷ്ട്രീയമണ്ഡലത്തിലേക്ക് അതേപടി പറിച്ചുനടപ്പെടുകയും ചെയ്യപ്പെട്ടത് തികച്ചും യാദൃച്ഛികമല്ല. തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിലേക്ക് എത്താന്‍ പാകത്തിലുള്ള സാമൂഹികബോധം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അവയ്ക്കു പിന്നില്‍ ഉണ്ടായിരുന്നു. ഹിന്ദുത്വം ഉള്‍ക്കൊണ്ട് സിനിമയെടുക്കുന്നുവെന്ന മേജര്‍ രവിയുടെ തുറന്നുപറച്ചിലും ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ തലപ്പത്തെ പ്രിയദര്‍ശന്റെ സാന്നിധ്യവുമൊക്കെ കൂടുതല്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. ഇക്കൂട്ടര്‍ സൃഷ്ടിച്ച സാമൂഹികബോധം സിനിമാലോകത്ത് ഉണ്ടാക്കിയ പാര്‍ശ്വഫലങ്ങളാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പുവേദികളില്‍ പൊടുന്നനെ പൊട്ടിവീഴുന്ന താരസാന്നിധ്യങ്ങള്‍. ജെഎന്‍യു സമരത്തില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന മോഹന്‍ലാലിന്റെ സാമൂഹികബോധത്തില്‍ കല്‍ബുര്‍ഗിയും ദബോല്‍ക്കറും മുഹമ്മദ് അഖ്‌ലാഖും ഇടംപിടിക്കാതെ പോവുന്നതുപോലും ഇത്തരം പാര്‍ശ്വഫലത്തിന്റെ സ്വാധീനംമൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് തനിക്കെതിരേ നായര്‍ലോബി പ്രവര്‍ത്തിച്ചിരുന്നുവെന്ന മഹാനടന്‍ തിലകന്റെ അവസാനകാലത്തെ ആരോപണങ്ങള്‍ കൂടുതല്‍ അന്വര്‍ഥമാക്കുന്നതാണ് സിനിമാക്കാര്‍ക്കിടയിലെ പുതിയ വേഷംകെട്ടലുകള്‍.
സിനിമയില്‍നിന്ന് ഇതിനുമുമ്പും പലരും രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്ന നീതീകരണം ഇക്കൂട്ടര്‍ക്കും നിരത്താന്‍ കഴിയും. നടന്‍ മുരളി, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് തുടങ്ങി, ഇപ്പോള്‍ മുകേഷും ജഗദീഷും വരെയുള്ളവരെ ഈ പട്ടികയില്‍ ചൂണ്ടിക്കാണിക്കാനാവും. പക്ഷേ, അവരൊക്കെ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ മുന്‍കാലങ്ങളില്‍ ഏതെങ്കിലും നിലയില്‍ പൊതുസമൂഹത്തിനു മുന്നില്‍ അടയാളപ്പെടുത്തിയിട്ടുള്ളവരാണ്. കുടുംബപശ്ചാത്തലത്തിലൂടെയോ കലാലയജീവിതത്തിലൂടെയോ, മറ്റു രാഷ്ട്രീയ-സാമൂഹികവേദികളിലൂടെയോ ഒക്കെ അത് തുറന്നുസമ്മതിച്ചിട്ടുള്ളവരുമാണെന്നു കാണാന്‍ കഴിയും. എന്നാല്‍, ഇന്നിപ്പോള്‍ എന്‍ഡിഎ വേദികളില്‍ നിറഞ്ഞാടുന്ന സിനിമാക്കാരില്‍ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള തങ്ങളുടെ അനുഭാവം മുന്‍കാലത്ത് തുറന്നുപറയാന്‍ ധൈര്യം കാട്ടിയ ഒരാളെ പോലും കാണിക്കാനാവില്ലെന്നതാണു വസ്തുത. മറിച്ച് ഉള്ളില്‍ കാവിധരിച്ച പ്രച്ഛന്നവേഷധാരികളായാണ് ഇവര്‍ ഇക്കാലമത്രയും പൊതുസമൂഹത്തെ അഭിമുഖീകരിച്ചിട്ടുള്ളത്. മോദിയോട് വിധേയത്വം പ്രഖ്യാപിച്ചതിന് പ്രത്യുപകാരമായി ഇപ്പോള്‍ രാജ്യസഭയുടെ പടിവാതില്‍ക്കല്‍ വരെ എത്തിനില്‍ക്കുന്ന സുരേഷ് ഗോപിയെ മുന്‍കാലങ്ങളില്‍ എഐസിസി ആസ്ഥാനത്തിന്റെയും എകെജി സെന്ററിന്റെയും പിന്നാമ്പുറങ്ങളില്‍ കണ്ടവരുണ്ട്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം സ്വീകരിക്കുമ്പോള്‍, പ്രിയദര്‍ശന്‍ അണിഞ്ഞിരുന്നത് ഇടതുരാഷ്ട്രീയത്തിന്റെ പുറംകുപ്പായമായിരുന്നു. ഒരേസമയം ബിജെപിയുടെ കലാ-സാംസ്‌കാരിക വിഭാഗത്തിലും യുഡിഎഫ് നോമിനിയായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ അംഗമായും വേഷപ്പകര്‍ച്ച നടത്തിയ നിര്‍മാതാവ് സുരേഷ്‌കുമാറിനെ പോലുള്ള വിരുതന്‍മാരുമുണ്ട്. മലയാള സിനിമയുടെ കാണാമറയത്ത് ഇത്തരം പ്രച്ഛന്നവേഷധാരികള്‍ ഇനിയും അവശേഷിക്കുന്നുണ്ടാവും.
Next Story

RELATED STORIES

Share it