കാവാലത്തിന്റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം

തിരുവനന്തപുരം: അന്തരിച്ച വിഖ്യാത നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് രാഷ്ട്രീയകേരളത്തിന്റെ അനുശോചനപ്രവാഹം. നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നല്‍കിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പരീക്ഷണോന്‍മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കവിതയെ കുട്ടനാടന്‍ നാടോടിശീലിന്റെ ബലത്തില്‍ പുതിയ ഒരു ഉണര്‍വിലേക്ക് നയിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടകാചാര്യനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കരുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഈ നൂറ്റാണ്ടില്‍ സാംസ്‌കാരിക രംഗത്ത് കേരളം കണ്ട മഹാപ്രതിഭകളിലൊരാളായിരുന്നു അദ്ദേഹം. സംസ്‌കൃത നാടകങ്ങളിലൂടെയും മണ്ണിന്റെ മണമാര്‍ന്ന തനത് നാടകവേദി പ്രസ്ഥാനത്തിലൂടെയും മലയാള നാടകവേദിയെ പുതിയ ഭാവുകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മലയാളി ജീവിതത്തിന്റെ തനത് നിഷ്‌കളങ്കതയെയും സൗരഭ്യത്തെയും തിളക്കത്തെയും കലാസൃഷ്ടികളില്‍ എന്നും നിലനിര്‍ത്തിയ അതുല്യപ്രതിഭയായ കാവാലം നാരായണപ്പണിക്കരെ കേരളം ഒരിക്കലും മറക്കില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. ആധുനിക മലയാള നാടകവേദിയുടെ കുലപതിയായിരുന്നു കാവാലമെന്ന് വിഎസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു.
മലയാളിയുടെ സംഗീതവും സംസ്‌കാരവും സാഹിത്യവും തൊട്ടറിഞ്ഞ നാടകത്തെ ജീവിതമാക്കിയ ആ മഹാപ്രതിഭയ്ക്ക് പകരംവയ്ക്കാന്‍ ഇന്ന് മറ്റൊരാളില്ല. കാവാലത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയുടെ മുന്നില്‍ നാമെല്ലാം നിസ്സഹായരാണെന്നും വിഎസ് പറഞ്ഞു.
കാവാലം നാരായണപ്പണിക്കരുടെ വേര്‍പാട് സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അനുസ്മരിച്ചു. മലയാള നാടകവേദിക്ക് പുതിയ രൂപവും ഭാവവും നല്‍കിയ അനശ്വര പ്രതിഭയാണ് അദ്ദേഹം. ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്ന മലയാളത്തിന്റെ കുലപതിസ്ഥാനീയനായ കാവാലത്തിന്റെ മനസ്സില്‍ എന്നും കുട്ടനാടന്‍ സ്പര്‍ശം നിലനിന്നിരുന്നതായും സുധീരന്‍ ഓര്‍ത്തെടുത്തു.
തനതു നാടകവേദി എന്ന ആവിഷ്‌കാരത്തിലൂടെ മലയാള നാടകത്തെ വിശ്വോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ പ്രതിഭയായിരുന്നു കാവാലമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it