Second edit

കാവാലം നാരായണപ്പണിക്കര്‍

മലയാളം നാടകവേദിയിലേക്ക് ദേശ്യത്തനിമയുടെ താളം പ്രവേശിപ്പിച്ച കലാകാരനാണ് ഞായറാഴ്ച നിര്യാതനായ കാവാലം നാരായണപ്പണിക്കര്‍. കെട്ടിയൊരുക്കിയ അരങ്ങിന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന കേരളീയ അരങ്ങിനെ അവനവന്‍ കടമ്പ, ദൈവത്താര്‍, കൈക്കുറ്റപ്പാട് തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം തുറന്ന വേദികളിലെത്തിച്ചു. സംസ്‌കൃത നാടകങ്ങളെ തികഞ്ഞ മൗലികതയോടെ വേദികളിലെത്തിച്ച കാവാലം മലയാളത്തിലെ നടനശൈലിക്ക് പുതിയ താളവും വ്യാകരണവും സമ്മാനിച്ച കലാകാരന്‍കൂടിയാണ്. തനതു നാടകമെന്ന സംജ്ഞയുമായി മലയാളികള്‍ കാവാലത്തിന്റെ പേര് ചേര്‍ത്തുവയ്ക്കുന്നു.
മികച്ച കവിയും ഗാനരചയിതാവുമായിരുന്നു കാവാലം. രതിനിര്‍വേദം എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ എഴുതിക്കൊണ്ട് ചലച്ചിത്രഗാനരചനാരംഗത്ത് പ്രവേശിച്ച അദ്ദേഹം തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങള്‍ക്ക് പാട്ടെഴുതുകയും 1978ലും 1982ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്തു. പതിവ് ചലച്ചിത്രഗാനങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്നവയാണ് നാടന്‍ശീലുകള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ വരികള്‍.
മലയാള നാടകവേദിയുടെ രംഗപടം മാറ്റിയെഴുതാന്‍ സക്രിയമായി ഉദ്യമിച്ച ഈ കലാകാരന്റെ നിര്യാണത്തില്‍ ഞങ്ങള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it