Flash News

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു
X
Kavalam_Narayana-Panicker

തിരുവനന്തപുരം: സാംസ്‌കാരിക, സാഹിത്യമണ്ഡലങ്ങളില്‍ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ കവിയും നാടകാചാര്യനുമായ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. ഇന്നലെ രാത്രി 10.30ഓടെ തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുകാലമായി ചികില്‍സയിലായിരുന്നു.
മലയാളത്തിന്റെ തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനായിരുന്നു കാവാലം.'തനതു നാടകവേദി' എന്ന അദ്ദേഹത്തിന്റെ പരീക്ഷണം അന്നുവരെ കേരളം കണ്ടുവന്ന നാടകരീതികളില്‍നിന്നുള്ള വലിയ മാറ്റമായിരുന്നു. കാവാലം എഴുതിയ സാക്ഷി, തിരുവാഴിത്താന്‍, ജാബാലാ സത്യകാമന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിംകുട്ടി, നാടകചക്രം, കൈക്കുറ്റപ്പാട്, ഒറ്റയാന്‍ തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത് ഇന്ത്യന്‍ നാടകവേദിക്ക് നവ്യാനുഭവമാണു നല്‍കിയത്. കേരള സാഹിത്യ അക്കാദമിയുടെ നിരവധി പുരസ്‌കാരങ്ങള്‍, സംഗീത നാടക അക്കാദമിയുടെ ദേശീയ പുരസ്‌കാരം എന്നിങ്ങനെ നാടകരചനകള്‍ക്കും മറ്റു കലാപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 2007ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും നാടകസമിതികളായ തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിലെ ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 ഏപ്രില്‍ 28നാണ് ജനനം. നയതന്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന സര്‍ദാര്‍ കെ എം പണിക്കര്‍ അമ്മാവനാണ്. കാവാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളില്‍നിന്നുള്ള പഠനത്തിനുശേഷം കോട്ടയം സിഎംഎസ് കോളജ്, ആലപ്പുഴ എസ്ഡി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശാരദാമണിയാണ് ഭാര്യ. മക്കള്‍: പരേതനായ കാവാലം ഹരികൃഷ്ണന്‍, ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍.
Next Story

RELATED STORIES

Share it