azchavattam

കാവല്‍മാലാഖയ്ക്ക് കാവലിരിക്കുന്ന നാട്

ഡോ. വി കെ പ്രശാന്ത്

എന്റെ രോഗി -സാവന്ത്‌

ഡിസംബറിലെ മരം കോച്ചുന്ന തണുപ്പുള്ള ഹൈറേഞ്ചിലെ ഒരു ദിവസം. പകല്‍സമയത്തുപോലും തണുപ്പ് അധികമായതിനാലാവാം ഞാന്‍ ജോലിചെയ്യുന്ന ഇടുക്കി പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ കുറവായിരുന്നു. ഓഫിസില്‍ നിന്നു വന്ന് ക്ലാര്‍ക്ക് പറഞ്ഞു, ഫോണുണ്ടെന്ന്. എന്റെ സുഹൃത്തും ജില്ലാ ടിബി ഓഫിസറുമായ ഡോ. സുരേഷിന്റേതായിരുന്നു ഫോണ്‍: ഒരു രോഗിയെ ഇങ്ങോട്ടയക്കുന്നു വേണ്ട സഹായങ്ങള്‍ ചെയ്യണം, വളരെ ഗുരുതരാവസ്ഥയിലാണ്. പതിവിലുള്ള സൗഹൃദസംഭാഷണങ്ങള്‍ക്കു നില്‍ക്കാതെ സുരേഷ് ഫോണ്‍ ഉടന്‍ താഴെവച്ചു. കുറച്ചു സമയത്തിനുള്ളില്‍ വെളുത്തു മെലിഞ്ഞ സുന്ദരിയായ പെണ്‍കുട്ടിയും 50 വയസ്സു തോന്നിക്കുന്ന അച്ഛനും അമ്മയും പരിശോധനാമുറിയിലെത്തി. പെണ്‍കുട്ടിയുടെ പേര് എമിലി (പേര് സാങ്കല്‍പികം). അവളാണു സുരേഷ് സൂചിപ്പിച്ച രോഗി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. തേയിലത്തോട്ടത്തിലെ പണിക്കാരായ അപ്പന്റെയും അമ്മയുടെയും മൂത്ത മകള്‍. താഴെ ഒരു അനുജത്തിയുണ്ട്. കടുത്ത ക്ഷീണവും ഇടവിട്ടുള്ള പനിയും തലചുറ്റലും ശ്വാസംമുട്ടലുമായിരുന്നു എമിലിയെ ബാധിച്ചിരുന്നത്.

ഇതെല്ലാം മാരകമായ എംഡിആര്‍ ടിബിയുടെ ലക്ഷണങ്ങളായിരുന്നു.ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് അപ്പനും അമ്മയും എമിലിയെ നഴ്‌സിങ് പഠിക്കാനയച്ചത്. കൂലിവേലക്കാരായ അപ്പന്റെയും അമ്മയുടെയും അവസ്ഥ നല്ലതുപോലെ അറിയുന്ന എമിലി നന്നായി പഠിച്ചു. ബംഗളൂരുവിലെ പ്രമുഖ ആശുപത്രിയില്‍ ജോലിയും കിട്ടി. എമിലിയുടെ നഴ്‌സിങ് പഠനത്തിനെടുത്ത ലോണ്‍ വീട്ടിത്തുടങ്ങി. വീട്ടിലേക്കും അനുജത്തിക്കു       പഠിക്കാനും പണം അയക്കുമായിരുന്നു.എമിലിയുടെ ആശുപത്രി ഏറെ പ്രശസ്തമാണെങ്കിലും അവിടെ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് മാസ്‌ക്, കൈയുറ തുടങ്ങി ഒരു സുരക്ഷാ മുന്‍കരുതലും മാനേജ്‌മെന്റ് നല്‍കിയിരുന്നില്ല. അതിനിടെയാണ് ആശുപത്രിയിലെത്തിയ ഏതോ രോഗിയില്‍ നിന്ന് എമിലിക്കു ക്ഷയരോഗം പകര്‍ന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ അവളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. സ്വപ്‌നങ്ങളെല്ലാം മാറ്റിവച്ച് ക്ഷയരോഗിയായ ആ പെണ്‍കുട്ടി നാട്ടിലേക്കു മടങ്ങി.സൂര്യനെല്ലി വീട്ടിലെ പ്രാരബ്ധങ്ങളിലേക്കു തിരികെയെത്തിയ എമിലി ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചു. എല്ലാ പ്രതീക്ഷകളുടെയും കേന്ദ്രമായിരുന്ന എമിലിക്കുണ്ടായ അസുഖം കുടുംബത്തെ പൂര്‍ണമായും തളര്‍ത്തി. രോഗവിവരങ്ങള്‍ പറയുന്നതിനിടെ എമിലിയുടെ അപ്പനും അമ്മയും ഒരു അപേക്ഷ മുന്നില്‍ വച്ചു. ആശുപത്രിക്കടുത്തുതന്നെ താമസിക്കാനുള്ള എന്തെങ്കിലും സൗകര്യം നല്‍കണം. മകള്‍ക്കു ക്ഷയരോഗം ബാധിച്ചതിനാല്‍ അടുത്ത ബന്ധുക്കള്‍ പോലും കൈയൊഴിഞ്ഞുവെന്നും രോഗം മാറുന്നതുവരെ നാട്ടിലേക്കു പോകാനാവില്ലയെന്നും പറഞ്ഞു. അവരെ സമാധാനപ്പെടുത്തി മരുന്നുകളും നിര്‍ദേശിച്ചു മടക്കിയയച്ചു.അടുത്തുള്ള പാമ്പാടി റോമന്‍ കത്തോലിക്കാ പള്ളിയിലെ പുരോഹിതനായ റവ. ജിന്റോയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹം പാമ്പാടുംപാറയിലെ നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ത്ത് എമിലിയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ വിവരിച്ചു.

നാട്ടുകാര്‍ മനസ്സറിഞ്ഞു സഹായിച്ചു. വാടകയ്ക്കു താമസിക്കാനുള്ള വീട് കണ്ടെത്തി. നിത്യവും എമിലിയെ ആശുപത്രിയിലെത്തിക്കാമെന്ന് ഓട്ടോറിക്ഷക്കാര്‍ വാഗ്ദാനംചെയ്തു. ഭക്ഷണത്തിന്റെ കാര്യം പലചരക്കുവ്യാപാരികള്‍ ഏറ്റെടുത്തു. പാല്‍ നല്‍കാമെന്നു പാല്‍വില്‍പ്പനക്കാരനും ആഴ്ചയില്‍ രണ്ടുദിവസം മാംസം നല്‍കാമെന്ന് ഇറച്ചിക്കച്ചവടക്കാരനും യോഗത്തില്‍ വാഗ്ദാനംചെയ്തു. പലരും പണംനല്‍കി സഹായിച്ചു. ഇപ്പോഴും അറുപതിനായിരത്തോളം രൂപ എമിലിയുടെ ചികില്‍സാസഹായനിധിയിലുണ്ട്.നിത്യവും 24 ഇനം മരുന്നുകളും ശരീരം മെച്ചപ്പെടുത്തുന്നതിനുള്ള നല്ല ഭക്ഷണവും എമിലിക്ക് മുടക്കമില്ലാതെ ലഭിച്ചു. മാസങ്ങള്‍ക്കകം അവളുടെ ക്ഷീണം മാറി. രോഗത്തില്‍ കാര്യമായ കുറവ് വന്നു. ഇപ്പോള്‍ കഫം പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കാത്തിരിക്കുകയാണു ഞങ്ങളെല്ലാവരും. എമിലി രോഗത്തില്‍ നിന്നു മുക്തയായി എന്നായിരിക്കും ആ പരിശോധനാഫലം എന്നു ഞങ്ങളെല്ലാം വിശ്വസിക്കുന്നു. അതിനായി പ്രാര്‍ഥിക്കുന്നു. നാട്ടിലെ ചര്‍ച്ചില്‍ എല്ലാ മാസവും എമിലിക്കായി ഞങ്ങള്‍ പ്രത്യേക പ്രാര്‍ഥന നടത്തുന്നുണ്ട്. ഒരു നാടിന്റെ നന്‍മനിറഞ്ഞ മനസ്സ്, പ്രാര്‍ഥന ദൈവം കേള്‍ക്കും എന്നുതന്നെ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ  മെഡിക്കല്‍ ഓഫിസറാണ് ഡോ. വി കെ പ്രശാന്ത്‌
Next Story

RELATED STORIES

Share it