malappuram local

കാവനൂരില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ അണികള്‍

അരീക്കോട്: നേതൃത്വത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ കാവനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അണിചേരുന്നു. ഇതിന്റെ മുന്നറിയിപ്പെന്ന നിലയില്‍ മുസ്‌ലിംലീഗ് സേവ് ഫോറം എന്ന പേരില്‍ ആയിരം പേര്‍ പങ്കെടുത്ത റാലിയും പൊതുയോഗമവുമാണ് ഇന്നലെ നടന്നത്. ഏറനാട് മണ്ഡലം മുന്‍ സെക്രട്ടറിയും കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാവനൂര്‍ പി മുഹമ്മദ്, എം ടി ഉമ്മര്‍, അഹമ്മദ് ഹാജിക്കെതിരേ മല്‍സരിച്ച മുസ്‌ലീംലീഗിലെ മമ്മദ്കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ റാലിയും പൊതുയോഗവും നടന്നത്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വൈസ് പ്രസിഡന്റായ അഹമ്മദ് ഹാജിയെ കൂട്ടുപിടിച്ച് പാസാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടാവാന്‍ കാരണം. ലീഗ് പ്രവര്‍ത്തകനായ അഹമ്മദ് ഹാജിക്ക് 2015ല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടത് പിന്തുണയോടെയാണ് വിജയിച്ച് വൈസ് പ്രസിഡന്റായത്. ഇടക്കാലത്ത് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന അദ്ദേഹത്തിന് ഉന്നത സ്ഥാനങ്ങള്‍ നല്‍കുന്നതിനെ പഞ്ചായത്തിലെ ചിലര്‍ ചോദ്യം ചെയ്തതും കാരണമായി. എന്നാല്‍, സിപിഎം കൊണ്ടുവന്ന അവിശ്വാസം പാസാവാതിരിക്കാന്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
മുസ്‌ലിംലീഗ് അംഗം മുസ്‌ലിംലീഗ് സേവ് ഫോറത്തിന്റെ അംഗവുമായ എം ടി ഉമ്മറിന്റെ ഭാര്യ ഫാത്വിമ മാത്രമാണ് യുഡിഎഫില്‍ നിന്നു പങ്കെടുത്തത്. തുടര്‍ന്ന് അവിശ്വാസം തള്ളപ്പെടുകയായിരുന്നു. സിപിഎം, എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച അഹമ്മദ് ഹാജിക്ക് പിന്തുണ നല്‍കുന്നതിനെയാണ് സേവ് ഫോറം ചോദ്യം ചെയ്യപെടുന്നത്. പഞ്ചായത്ത് അംഗത്വം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഇവരുടെ വാദം. എന്നാല്‍, അഹമ്മദ് ഹാജി രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതോടെ ഭരണം നഷ്ടമാവുമെന്ന കാഴ്ചപ്പാടാണ് ലീഗുള്ളത്. ഇരു മുന്നണികള്‍ക്കും ഒമ്പത് വീതം സീറ്റുള്ളതിനാല്‍ സ്വതന്ത്രനായ അഹമ്മദ് ഹാജി ഇവിടെ നിര്‍ണായകമാണ്. പാര്‍ട്ടി ഉന്നത നേതൃത്വത്തെയും സേവ് ഫോറം സമീപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it