Flash News

കാഴ്ച വൈകല്യമുള്ള കുട്ടിയുടെ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചു : അനേ്വഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍



കോട്ടയം: നൂറുശതമാനം കാഴ്ചവൈകല്യവും അപസ്മാരരോഗവുമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ച സംഭവം സാമൂഹികനീതി ഡയറക്ടര്‍ അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.  സംസ്ഥാന തലത്തില്‍ ചുമതലയുള്ള ഒരുഉദേ്യാഗസ്ഥനെ നിയോഗിച്ച് ബന്ധപ്പെട്ട രേഖകളും സര്‍ക്കാര്‍ ഉത്തരവുകളും പരിശോധിച്ച് രണ്ടു മാസത്തിനകം പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു. ഉഴവൂര്‍ മദര്‍തെരേസ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായ മകനുവേണ്ടി മോനിപ്പളളി സ്വദേശി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥരില്‍നിന്നും വിശദീകരണം വാങ്ങിയിരുന്നു. പരാതിക്കാരന്റെ മകന്‍ പഠിക്കുന്നത് മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കൂളിലാണെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ റിപോര്‍ട്ടില്‍ പറയുന്നു. കാഴ്ചവൈകല്യമുള്ള കുട്ടിക്കും മാനസികവെല്ലുവിളിയുള്ള കുട്ടിക്കും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുല്യനിലയിലാക്കാന്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ അപര്യാപ്തമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്താണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആനുകൂല്യം നല്‍കുന്നതെന്ന് കോട്ടയം ജില്ലാകലക്ടര്‍ കമ്മീഷനെ അറിയിച്ചു. സ്‌കോളര്‍ഷിപ്പ്് അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും സാമൂഹികനീതി വകുപ്പാണെന്നും പരാതി അവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും പട്ടികജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു. ഐസിഡിഎസ് ഓഫിസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പട്ടികജാതി വികസന ഓഫിസറുടെ റിപോര്‍ട്ടിലുണ്ട്. മറ്റു കുട്ടികളെക്കാള്‍ പരാതിക്കാരന്റെ മകന് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്.  എന്നാല്‍, 2012 മുതല്‍ സ്‌കോളര്‍ഷിപ്പില്‍ വര്‍ധനവുണ്ടായിട്ടും തന്റെ മകന് മാത്രം അത് നിഷേധിച്ചെന്ന് പരാതിക്കാരന്‍ പറയുന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും വേതനവും ആനുകൂല്യവും വര്‍ധിക്കുമ്പോള്‍ ഭിന്നശേഷിക്കാരനും പട്ടികജാതിക്കാരനുമായ ഒരു വിദ്യാര്‍ഥിക്കു മാത്രം പ്രതിവര്‍ഷം ലഭിക്കേണ്ട തുക കുറഞ്ഞത് നീതിപൂര്‍വമാണെന്ന് കരുതാനാവില്ലെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it