malappuram local

കാളിദാസനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

മഞ്ചേരി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മാവോവാദി തമിഴ്‌നാട് രാമനാഥപുരം പറമ്പക്കുടി പൊന്നയ്യപുരം അറക്കാസിന്റെ മകന്‍ കാളിദാസന്‍ എന്ന ശേഖര്‍ എന്ന മണി (47) യെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി യുഎപിഎ പ്രത്യേക കോടതി പോലിസ് കസ്റ്റ്ഡിയില്‍ വിട്ടു. ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചു മണി വരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന് കോടതി പ്രതിയെ വിട്ടു നല്‍കിയത്.നിലമ്പൂര്‍ മുണ്ടക്കടവ് കോളനിക്ക് സമീപം വനത്തില്‍ മാവോവാദികളുടെ യോഗം വിളിച്ചുകൂട്ടുകയും ആയുധ പരിശീലനം നടത്തുകയും പോലിസിനു നേരെ എകെ 47 തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.  മറ്റൊരു കേസില്‍ 2017 സെപ്തംബര്‍ 21ന് ഷോളയൂരില്‍ വെച്ച് അഗളി പോലിസാണ് കാളിദാസനെ അറസ്റ്റ് ചെയ്തത്.  തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുണ്ടക്കടവിലെ യോഗവും ആയുധ പരിശീലനവും സംബന്ധിച്ച് പോലിസിന് വിവരം ലഭിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന കാളിദാസനെ എടക്കര കേസില്‍ 2018 ജനുവരി 10ന് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it