malappuram local

കാളികാവില്‍ മഴ ശക്തം; മരംവീണ് നിരവധി വീടുകള്‍ തകര്‍ന്നു

കാളികാവ്: കഴിഞ്ഞ നാലു ദിവസം തുടര്‍ച്ചയായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കാളികാവില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചില വീടുകള്‍ താമസയോഗ്യമല്ലാതായി. പ്രധാനമായും റബര്‍ മരങ്ങളാണ് കാറ്റില്‍ കടപുഴകിയും പൊട്ടിയും വീണത്. പള്ളിശ്ശേരി പെവുന്തറയിലെ മേലേതില്‍ രാജന്റെ വീടിന് മുകളിലൂടെ മൂന്ന് റബര്‍ മരങ്ങളാണ് വീണത്. ഓട് മേഞ്ഞ വീടായതിനാല്‍ മേല്‍ക്കൂര പൂര്‍ണമായി നശിച്ചു.
നാല് സെന്റ് ഭൂമിയിലാണ് രാജന്റെ ചെറിയ വീട് സ്ഥിതി ചെയ്യുന്നത്. ചുമരിനും കേടുപാട് സംഭവിച്ചു. മരം വീണ സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. പള്ളിക്കുന്നിലെ കുളിപ്പിലാക്കല്‍ കയ്യുമ്മയുടേയും മകന്‍ അഷ്‌റഫിന്റേയും വീടുകളും താമസയോഗ്യമല്ലാതായിട്ടുണ്ട്. സമീപത്തെ മേക്കറക്കുന്നന്‍ ശിഹാബിന്റെ വീടിന് മുകളിലൂടെ രണ്ട് ദിവസവും കൂറ്റന്‍ മരങ്ങള്‍ വീണു. വീടിന് വന്‍ നാശമാണുണ്ടായത്. കാളികാവ്, വെള്ളയൂര്‍ വില്ലേജുകളില്‍പെട്ട സ്ഥലങ്ങളിലാണ് കഴിഞ്ഞ നാലു ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായത്.
Next Story

RELATED STORIES

Share it