thrissur local

കാളത്തോട് കൃഷ്ണാപുരം ക്ഷേത്രത്തില്‍ കവര്‍ച്ച : തിരുവാഭരണം അടക്കം ഏഴ് പവനും 75,000 രൂപയും കവര്‍ന്നു



തൃശൂര്‍:  തൃശൂര്‍ കാളത്തോട് കൃഷ്ണാപുരം ശ്രീനാരായണ ധര്‍മ്മ സമാജം മഹാദേവ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രം ഓഫിസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണം അടക്കം ഏഴു പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു. ഓഫീസിലെ മേശ പുറത്തെത്തിച്ച് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. ക്ഷേത്രം ഓഫിസിന് സമീപത്തായി താമസിച്ചിരുന്ന ശാന്തിമാരുടെ മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു മോഷണം. ഇന്നലെ പുലര്‍ച്ചെ നാലേകാലോടെ ശാന്തിമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ പുറകിലെ വാതില്‍ തുറന്ന് വന്നപ്പോഴാണ് ക്ഷേത്രം ഓഫിസിന്റെ പൂട്ട് തകര്‍ത്തതും മേശ പുറത്തിട്ടിരിക്കുന്നതും കണ്ടത്. ഉടനെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രം തന്ത്രി വി ടി രാമചന്ദ്രന്റെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. പന്തല്‍ പണിക്കാര്‍ക്ക് കൊടുക്കാന്‍ ഓഫിസില്‍ വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സമീപത്തായി വെള്ളി ഗോളകയും സ്വര്‍ണക്കുടവും ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എടുത്തില്ല. എസിപിപി വാഹിദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
Next Story

RELATED STORIES

Share it