thiruvananthapuram local

കാല്‍പ്പന്ത് കളിയുടെ ആരവത്തിലേക്ക് ഇനി തലസ്ഥാനവും

എം എം അന്‍സാര്‍

കഴക്കൂട്ടം: സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളിന് പന്തുരുളാന്‍ ഇനി 10 ദിനംകൂടി. 23ന് ശ്രീലങ്കയും നേപ്പാളും തമ്മിലാണ് ആദ്യമല്‍സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും തയാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നാളെ ഉന്നതതലയോഗം ചേരും. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. മല്‍സരനടത്തിപ്പ് സംബന്ധിച്ചും ടിക്കറ്റ് നിരക്ക് അടക്കമുള്ള വിഷയങ്ങളിലും യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും.
ടീമുകള്‍ 17 മുതല്‍ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങും. ശ്രീലങ്കന്‍ ടീം വളരെ നേരത്തെതന്നെ എത്തിയിട്ടുണ്ട്. കാര്യവട്ടം എല്‍എന്‍സിപിഇയില്‍ അവരുടെ പരിശീലനം പുരോഗമിക്കുകയാണ്. എസ്ബിടിയുമായി ശ്രീലങ്കയുടെ സന്നാഹമല്‍സരം നടന്നു. 14ന് കെഎസ്ഇബിയുമായും തുടര്‍ന്ന് ഏജീസുമായും ശ്രീലങ്ക കളിക്കും. നിലവിലെ ചാംപ്യന്മാരായ അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാള്‍ഡീവ്‌സ്, നേപ്പാള്‍ എന്നീ ടീമുകളാണു ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. 2013ല്‍ നേപ്പാളില്‍ നടന്ന 10ാമത് സാഫ് കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ കപ്പ് നേടിയത്. കഴിഞ്ഞതവണ നഷ്ടപ്പെട്ട കീരീടം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇന്ത്യന്‍ ടീം. കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്റെ നേത്യത്തിലുള്ള ഇന്ത്യന്‍ ടീം കൊച്ചിയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ഐഎസ്എല്ലിനു ശേഷം സുനില്‍ ഛേത്രിയും അനസ് എടത്തൊടികയും അര്‍ണോബ് മൊണ്ഡലും റോബിന്‍ സിങ്ങും അടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പം ചേരുന്നതോടെ ഇന്ത്യന്‍ ടീം തലസ്ഥാനത്തെത്തും. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് പാകിസ്ഥാന്‍ ടീം ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പം എ ഗ്രൂപ്പിലാണു പാകിസ്ഥാന്‍ മല്‍സരിക്കേണ്ടിയിരുന്നത്. എന്നാല്‍, പിന്മാറുകയാണെന്ന് അറിയിച്ച് പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സാഫ് അധികൃതര്‍ക്കു കത്തുനല്‍കി. പാകിസ്ഥാന്റെ പിന്മാറ്റം ടൂര്‍ണമെന്റിനെ ബാധിക്കില്ലെന്നും മുന്‍നിശ്ചയ പ്രകാരംതന്നെ മല്‍സരം നടക്കുമെന്നും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ ടീം 17ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും. ഇന്ത്യയും നേപ്പാളും ശ്രീലങ്കയും അടങ്ങുന്ന എ ഗ്രൂപ്പിലും അഫ്ഗാനിസ്ഥാനും മാള്‍ഡീവ്‌സും ഭൂട്ടാനും ബംഗ്ലാദേശും അടങ്ങുന്ന ബി ഗ്രൂപ്പിലുമായി ഗ്രൂപ്പുതല മല്‍സരങ്ങള്‍ നടക്കും. ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. ഗ്രൂപ്പുതല മല്‍സരങ്ങള്‍ 28ന് അവസാനിക്കും. 31ന് സെമിഫൈനലും ജനുവരി മൂന്നിനു ഫൈനലും നടക്കും. ആറുതവണ സാഫ് കപ്പ് നേടിയ ഇന്ത്യക്കു തന്നെയാണ് ഈ ടൂര്‍ണമെന്റിലും സാധ്യത. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന മിക്ക ഇന്ത്യന്‍ താരങ്ങളും മികച്ച ഫോമിലാണെന്നതും അനുകൂല ഘടകമാണ്. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും മാള്‍ഡീവ്‌സും ശ്രീലങ്കയും ഓരോതവണ വീതം സാഫ് കപ്പ് നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it