malappuram local

കാല്‍പ്പന്തുകളിക്ക് ഫൈനല്‍ വിസില്‍

കരിപ്പൂര്‍: റഷ്യയില്‍ ലോകകപ്പ് കളിയാരവത്തിന് വിസില്‍ മുഴങ്ങിയപ്പോള്‍ തുടങ്ങിയതാണ് കൊണ്ടോട്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക വിഭാഗത്തിന്റെ കളിയാരവം. ആര്‍ഭാടങ്ങളില്ലാതെ കൗതുകവും പഠനാര്‍ഹവുമായ ഒരുമാസക്കാലം ലോകകപ്പിനൊപ്പം സഞ്ചരിച്ച സ്‌കൂളും വിദ്യാര്‍ഥികളും ഇന്നലെ ഫൈനല്‍ വിസില്‍ മുഴക്കിയപ്പോള്‍ കുതിരപ്പുറത്തേറി വിദ്യാര്‍ഥികള്‍ വീശിയത് കളിക്കളത്തിലിറങ്ങിയ 32 രാജ്യങ്ങളുടെ പതാകകളുമായായിരുന്നു.
വരും കാലം ഇന്ത്യയുടെ പതാക പിടിക്കാന്‍ കഴിയണമെന്ന പ്രാര്‍ഥനയോടെ വിദ്യാര്‍ഥികളും പറഞ്ഞു. ഇനി നാലുവര്‍ഷത്തിന് ശേഷം ഖത്തറില്‍ കാണാം. ഒരു മാസക്കാലമായി വിവിധങ്ങളായ പരിപാടികളോടെയാണ് ലോകകപ്പ് ഫുട്‌ബോളിനെ വിദ്യാര്‍ഥികളും വരവേല്‍ക്കുന്നത്. ചിത്രരചന, ദിനേനയുള്ള സോക്കര്‍ ക്വിസ് കോണ്‍ടസ്റ്റ്, പതിപ്പ് നിര്‍മാണം, ഷൂട്ടൗട്ട് മല്‍സരം, അമ്മമാര്‍ക്കുള്ള പ്രവചന മല്‍സരം തുടങ്ങിയവയാണ് സംഘടിപ്പിച്ചിരുന്നത്.
ലോകകപ്പിലെ  32 രാജ്യങ്ങളുടെ പതാകകളുമായാണ് കുട്ടികള്‍ അണിനിരന്നത്. തുടര്‍ന്ന് ലോകകപ്പിന്റെ മാതൃകയുമായി കതിരപ്പുറത്ത് കയറി കുരുന്നുകള്‍ ഗ്രൗണ്ടിനെ വലയം വച്ചു. സമാപനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും അഭിവാദ്യമര്‍പ്പിക്കാനുമെത്തിയിരുന്നു. പ്രധാനാധ്യാപകന്‍ സൈതലവി മങ്ങാട്ട് പറമ്പന്‍ ഉദ്ഘാടനം ചെയ്തു.  കായിക അധ്യാപകന്‍ മുഹമ്മദ് ഷാജഹാന്‍, കെ സുനില്‍ കുമാര്‍,സി അബ്ദുല്‍ ഗഫൂര്‍,പി ശംസുദ്ദീന്‍ കലങ്ങോടന്‍, ജ്യോതി, പി പി അമീന്‍ അഫ്‌സല്‍, നാദിര്‍ഷാ, നിസാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it