Flash News

കാല്‍പന്തില്‍ ഇനി സൗഹൃദപ്പോര്; വമ്പന്‍മാരെല്ലാം കളത്തില്‍

കാല്‍പന്തില്‍ ഇനി സൗഹൃദപ്പോര്; വമ്പന്‍മാരെല്ലാം കളത്തില്‍
X


മോസ്‌കോ: കാല്‍പന്തിനെ നെഞ്ചോടുചേര്‍ത്ത് സ്‌നേഹിക്കുന്ന ആരാധകരിലെ കളിയാവേശമുയര്‍ത്തി ലോകകപ്പിന് മുന്നോടിയായുള്ള വമ്പന്‍ സൗഹൃദ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. നാളെ നടക്കുന്ന മല്‍സരത്തില്‍ വെയ്ല്‍സ് ചൈനയെ നേരിടുമ്പോള്‍ തൊട്ടടുത്ത ദിവസങ്ങളിലായി ബ്രസീല്‍, ജര്‍മനി, അര്‍ജന്റീന തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം  സൗഹൃദ പോരാട്ടത്തിനായി കളത്തിലിറങ്ങുന്നുണ്ട്.
23ാം തീയ്യതി നടക്കുന്ന മല്‍സരത്തില്‍ ബ്രസീലിന് എതിരാളികളായെത്തുന്നത് ലോകകപ്പ് ആതിഥേയരായ റഷ്യയാണ്. ഇത്തവണയും മികച്ച താരനിരയാണ് ബ്രസീലിനൊപ്പമുള്ളത്. മികച്ച യുവതാരനിരയാണ് ബ്രസീലിന്റെ ശക്തി. അവസാന ലോകകപ്പില്‍ ജര്‍മനിയോട് ഏറ്റുവാങ്ങിയ നാണംകെട്ട തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ചാവും മഞ്ഞപ്പട പടയൊരുക്കം നടത്തുന്നത്. നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, കോട്ടീഞ്ഞോ, കാസമിറോ, അഗ്യുസ്‌റ്റോ, പൗലീഞ്ഞോ, ഡാനി ആല്‍വസ്, മാഴ്‌സലോ തുടങ്ങി പ്രതിഭാസമ്പന്നരായ താരങ്ങളുടെ നീണ്ടനിര തന്നെയാണ് ബ്രസീലിനൊപ്പമുള്ളത്. ക്ലബ്ബ് ഫുട്‌ബോളില്‍ തുടര്‍ച്ചായി കളിച്ചുകൊണ്ടിരിക്കുന്ന ഇവരെല്ലാം തന്നെ ഈ സീസണില്‍ മികച്ച ഫോമിലുമാണുള്ളത്. പിഎസ്ജിക്കുവേണ്ടി കളിക്കുന്ന നെയ്മര്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ സൗഹൃദ മല്‍സരം കളിക്കില്ലെങ്കിലും ലോകകപ്പിനുള്ള മഞ്ഞപ്പടയുടെ കുന്തമുനായി നെയ്മറുണ്ടാവും. റഷ്യന്‍ ലോകകപ്പില്‍  സ്വിസര്‍ലന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ബ്രസീലുള്ളത്. ബ്രസീല്‍ റഷ്യയുമായി അവസാനം  കളിച്ച മല്‍സരം 1-1 സമനിലയിലയിരുന്നു കലാശിച്ചത്.ഉറുഗ്വേയുടെ സൗഹൃദ പോരാട്ടത്തിലെ ആദ്യ എതിരാളി ചെക്ക് റിപബ്ലിക്കാണ്. എഡിന്‍സണ്‍ കവാനിയും ലൂയിസ് സുവാരസും അണിനിരക്കുന്ന ഉറുഗ്വേ ഈജിപ്തും സൗദി അറേബ്യയും റഷ്യയും അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് ഇത്തവണ ലോകകപ്പിനിറങ്ങുന്നത്.

ജര്‍മനി - സ്‌പെയിന്‍

നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയുടെ ആദ്യ സൗഹൃദ മല്‍സരം കരുത്തരായ സ്‌പെയിനെതിരേയാണ്. തുല്യശക്തികളെന്ന് വിശേഷപ്പിക്കാവുന്ന ഇരു കൂട്ടരും നേര്‍ക്കുനേര്‍ വരുമ്പോള്‍ കാല്‍പന്ത് പ്രേമികള്‍ക്കത് ആവേശ നിമിഷം. കരുത്തുറ്റ താരനിരയെത്തന്നെയാണ് ജര്‍മനി ഇത്തവണയും കളത്തിലിറക്കുന്നത്. ടോണി ക്രൂസ്, മസൂദ് ഓസില്‍, ഗുണ്ടോകന്‍, ഡ്രാക്‌സലര്‍, നിക്ലാസ് സ്യൂള്‍, എംറി ക്യാന്‍, തോമസ് മുള്ളര്‍ തുടങ്ങിയവരെല്ലാം ജര്‍മനിക്കൊപ്പം പന്ത് തട്ടാന്‍ ഇത്തവണയുമുണ്ടാവും. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ജര്‍മനി റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. കളിച്ച 10 മല്‍സരവും ജയിച്ച ജര്‍മനി 43 ഗോളുകളാണ് യോഗ്യതാ റൗണ്ടില്‍ അടിച്ചുകൂട്ടിയത്. മെക്‌സിക്കോ, സ്വീഡന്‍, കൊറിയ റിപബ്ലിക്ക് ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലാണ് ജര്‍മനിയുള്ളത്. അതേ സമയം സ്‌പെയിനും താരസമ്പന്നതയിലും കളിക്കരുത്തിലും ഒട്ടും പിറകിലല്ല. അസെന്‍സിയോ, റോഡ്രിഗോ, ഇനിയസ്റ്റ, ബ്‌സകറ്റ്‌സ്, തിയാഗോ അല്‍കാന്‍ഡ്രാ, പിക്വെ, നാച്ചോ, സെര്‍ ജിയോ റാമോസ്, ജോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പം ഗോള്‍കീപ്പര്‍ ഡി ജിയ കൂടി ചേരുമ്പോള്‍ സ്പാനിഷ് നിരയ്ക്കും കരുത്ത് ഇരട്ടിക്കും. യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ 10ല്‍ ഒമ്പത് മല്‍സരവും സ്‌പെയിന്‍ ജയിച്ചു. ഇറ്റലിയോട് കളിച്ച ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു. 36 ഗോളുകളാണ് യോഗ്യതാ റൗണ്ടിലെ സ്‌പെയിന്റെ സമ്പാദ്യം. പോര്‍ച്ചുഗലും ഇറാനും മൊറോക്കോയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇത്തവണ സ്‌പെയിനുള്ളത്.


അര്‍ജന്റീന - ഇറ്റലി

ലയണല്‍ മെസ്സി എന്ന ഇതിഹാസം അണിനിരക്കുന്ന അര്‍ജന്റീനയുടെ സൗ ഹൃദ പോരാട്ടത്തിലെ എതിരാളി ഇറ്റലിയാണ്. ഇത്തവണ ലോകകപ്പില്‍ ഇറ്റലിക്ക് യോഗ്യത നേടാനായില്ലെങ്കിലും ജിയാന്‍ ലൂജി ബഫണിന്റെ നേതൃത്വത്തില്‍ പ്രതിഭാസമ്പന്നരായ താരങ്ങള്‍ തന്നെയാണ് ഇറ്റലിക്കൊപ്പമിറങ്ങുന്നത്. അതേ സമയം മെസ്സിയുടെ സാന്നിധ്യത്തില്‍ അര്‍ജന്റീനയ്ക്ക് കപ്പുയര്‍ത്താനുള്ള അവസാന അവസരമാണ് റഷ്യയിലേതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. സെര്‍ജിയോ അഗ്യൂറോ, പൗലോ ഡിബാല, ഏഞ്ചല്‍ ഡി മരിയ, ഒറ്റമെന്‍ഡി, മസ്‌കരാനോ തുടങ്ങിയവരെല്ലാം കളിക്കരുത്തേകുന്ന അര്‍ജന്റീന അവസാന ലോകകപ്പിന്റെ ഫൈനലില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുത്തിയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. ഐസ്‌ലന്‍ഡും ക്രൊയേഷ്യയും നൈജീരിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീനയുള്ളത്.

ഇംഗ്ലണ്ട് - ഹോളണ്ട്

ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പിന്റെ  ഏറ്റവും വലിയ നഷ്ടമാണ് ഹോളണ്ടിന്റെ അസാന്നിധ്യം. യോഗ്യത നേടാന്‍ കഴിയാതെപോയ ഹോളണ്ട് സൗഹൃദ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് കൊമ്പുകോര്‍ക്കും. ആര്യന്‍ റോബന്‍, വെസ്ലി സ്‌നൈഡര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ബൂട്ടഴിച്ചതോടെ യുവ താരങ്ങളുമായാവും ഇംഗ്ലണ്ടിനെതിരേ ഹോളണ്ടിറങ്ങുക. അതേ സമയം സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ അഭാവത്തിലാവും ഇംഗ്ലണ്ടുമിറങ്ങുക.

സലാഹും - റൊണാള്‍ഡോയും നേര്‍ക്കുനേര്‍

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് യോഗ്യത സ്വന്തമാക്കിയ ഈജിപ്ത് സൗഹൃദ പോരാട്ടത്തില്‍ പോര്‍ച്ചുഗലുമായി മല്‍സരിക്കും. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - മുഹമ്മദ് സലാഹ് പോരാട്ടത്തിനുകൂടിയാണ് കളമൊരുങ്ങുന്നത്. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ഫ്രാന്‍സ് കൊളംബിയയുമായും ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it