Flash News

കാല്‍പന്തില്‍ ഇന്ന് തീപാറും സൗഹൃദ യുദ്ധം

കാല്‍പന്തില്‍ ഇന്ന്  തീപാറും സൗഹൃദ യുദ്ധം
X


ബ്രസീല്‍ ഃ റഷ്യ
(രാത്രി 9.30, സോണി ടെന്‍ 2)
ജര്‍മനി  ഃ സ്‌പെയിന്‍
(രാത്രി 1.15, സോണി ടെന്‍ 2)
അര്‍ജന്റീന ഃഇറ്റലി(രാത്രി 1.15, സോണി ടെന്‍ 1)
ഫ്രാന്‍സ് ഃ കൊളംബിയ(രാത്രി 1.30, സോണി സിക്‌സ് )



മോസ്‌കോ / മാഞ്ചസ്റ്റര്‍: ലോകത്തിന്റെ കണ്ണും കാതും മനസും ഇന്ന് ഫുട്‌ബോളിനൊപ്പം ചലിക്കും. ആരാധകരില്‍ ആവേശത്തിന്റെ വലകുലുക്കി അന്താരാഷ്ട്ര സൗഹൃദ പോരാട്ടങ്ങളില്‍ ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഹോളണ്ട് തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം തന്നെ ഇന്ന് കളത്തിലിറങ്ങും.

സാംബ താളവുമായി ബ്രസീല്‍

കാല്‍പന്തില്‍ കളിയഴക് നിറച്ച് ബ്രസീലിയന്‍ നിര വീണ്ടും പന്ത് തട്ടാനിറങ്ങുന്നു. അഞ്ച് തവണ ലോകകപ്പില്‍ കിരീടം ചൂടിയ മഞ്ഞപ്പടയുടെ കളിക്കരുത്ത് യുവനിരയുടെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിക്കാനുറച്ചാവും ബ്രസീല്‍ സൗഹൃദ പോരില്‍ റഷ്യയെ നേരിടാനെത്തുന്നത്. 2002ന് ശേഷം ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത മഞ്ഞപ്പടയ്ക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്. കാരണം ക്ലബ്ബ് ഫുട്‌ബോൡനെ അടക്കിവാഴുന്ന പ്രതിഭാ സമ്പന്നരായ താരങ്ങളുടെ നീണ്ട നിരതന്നെയാണ് ബ്രസീലിനൊപ്പമുള്ളത്. ഒരു കാലഘട്ടത്തില്‍ കാല്‍പന്ത് ലോകത്തെ അടക്കി വാണിരുന്ന ബ്രസീലിന്റെ പ്രതാപം ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയുന്നവര്‍ തന്നെയാണ് ബ്രസീലിന്റെ യുവതാരങ്ങള്‍.  നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, കോട്ടീഞ്ഞോ, കാസമിറോ, അഗ്യുസ്‌റ്റോ, പൗലീഞ്ഞോ, ഡാനി ആല്‍വസ്, മാഴ്‌സലോ തുടങ്ങിയവരെല്ലാം തന്നെ ബ്രസീലിന്റെ മഞ്ഞ ജഴ്‌സിയണിയും. പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മര്‍ സൗഹൃദ മല്‍സരം കളിക്കില്ല. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയുമായി അവസാനം പോരടിച്ച മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും ബ്രസീല്‍ ജയിച്ചപ്പോള്‍ അവസാന മല്‍സരം 1-1 സമനിലയിലാണ് കലാശിച്ചത്.

ചാംപ്യന്‍മാര്‍ക്ക് കാളപ്പോര്
നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയും മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനും മുഖാമുഖം വരുമ്പോള്‍ പോരാട്ടച്ചൂടേറും. അവസാന ലോകകപ്പില്‍ എതിരിട്ടവരെയെല്ലാം നാണംകെടുത്തി കിരീടം ചൂടിയ കരുത്ത് ഇത്തവണയും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കാന്‍ ജര്‍മനിക്ക് ജയിക്കണം. ടോണി ക്രൂസ്, മസൂദ് ഓസില്‍, ഗുണ്ടോകന്‍, ഡ്രാക്‌സലര്‍, നിക്ലാസ് സ്യൂള്‍, എംറി ക്യാന്‍, തോമസ് മുള്ളര്‍ തുടങ്ങിയവരെല്ലാം ജര്‍മനിയ്‌ക്കൊപ്പം പന്ത് തട്ടാന്‍ ഇത്തവണയുമുണ്ടാവും. കളിക്കളത്തില്‍ കണക്കുകള്‍ക്ക് പ്രസക്തിയില്ലെങ്കിലും ലോകകപ്പിന് ശേഷവും മികച്ച പ്രകടനം തന്നെയാണ് ജര്‍മന്‍ നിര പുറത്തെടുക്കുന്നത്. യോഗ്യതാ റൗണ്ടില്‍ കളിച്ച 10 മല്‍സരവും ജയിച്ചാണ് ജര്‍മനിയുടെ വരവ്.സ്പാനിഷ് ടീമും ഒരുങ്ങിത്തന്നെയാണ് ജര്‍മനിക്കെതിരേ ബൂട്ടുകെട്ടുന്നത്. അസെന്‍സിയോ, റോഡ്രിഗോ, ഇനിയസ്റ്റ, ബ്‌സകറ്റ്‌സ്, തിയാഗോ അല്‍കാന്‍ഡ്രാ, പിക്വെ, നാച്ചോ, സെര്‍ജിയോ റാമോസ്, ജോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പം ഗോള്‍കീപ്പര്‍ ഡി ജിയ കൂടി ചേരുമ്പോള്‍ ഏത് എതിരാളികളും ഒന്നുവിറക്കും. യോഗ്യതാ പോരാട്ടത്തില്‍ 10 മല്‍സരത്തില്‍ ഒമ്പതിലും ജയിച്ചാണ് സ്‌പെയിന്റെ വരവ്.

മെസ്സിയും സംഘവും ഒരുങ്ങിത്തന്നെ
ലയണല്‍ മെസ്സിയെന്ന ഫുട്‌ബോളിന്റെ രാജകുമാരന് റഷ്യന്‍ ലോകകപ്പ് നിര്‍ണായകമാണ്. കാരണം ഫുട്‌ബോളില്‍ റെക്കോഡുകള്‍ വെട്ടിപ്പിടിച്ച് മാത്രം ശീലിച്ച മെസ്സിക്ക് സ്വന്തം രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന നാണക്കേട് മായ്ക്കാന്‍ ഇത്തവണ കിരീടം ചൂടിയേ മതിയാവൂ. മറ്റു ടീമുകളെ അപേക്ഷിച്ച് പരിചയ സമ്പന്നരായ നിരയാണ് അര്‍ജന്റീനയ്‌ക്കൊപ്പമുള്ളത്. സെര്‍ജിയോ അഗ്യൂറോ, പൗലോ ഡിബാല, ഏഞ്ചല്‍ ഡി മരിയ, ഒറ്റമെന്‍ഡി, ഗോള്‍സാലോ ഹിഗ്വെയ്ന്‍, മസ്‌കരാനോ തുടങ്ങിയവരെല്ലാം  ക്ലബ്ബ് ഫുട്‌ബോളില്‍ മികച്ച ഫോമിലാണുള്ളത്. രണ്ട് തവണ ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പ്രകടനം മോശമായിരുന്നു. എന്തായാലും മെസ്സിയെന്ന ഫുട്‌ബോള്‍ മിശിഹായുടെ സാന്നിധ്യം അര്‍ജന്റീനയ്ക്ക് മൂന്നാം ലോകകപ്പ് കിരീടം സ്മ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.അതേ സമയം മുന്‍ ചാംപ്യന്‍മാരായ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ജിയാന്‍ ലൂജി ബഫണ്‍ എന്ന ഇതിഹാസ താരം ഗോള്‍വല കാക്കുന്ന ഇറ്റലിക്ക് ആശ്വസിക്കാന്‍ അര്‍ജന്റീനയെ വീഴ്‌ത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ 1982ന് ശേഷം ഇതുവരെ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞിട്ടില്ല. അവസാനം മുഖാമുഖം വന്ന മല്‍സരത്തില്‍ 2-1ന് ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.

ചരിത്ര നാണക്കേട് മായ്ക്കാന്‍ ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഹോളണ്ടിനെതിരായ മല്‍സരം കേവലമൊരു സൗഹൃദപോരാട്ടമല്ല. മറിച്ച് 22 വര്‍ഷമായി കീഴടക്കാന്‍ കഴിയാത്ത ഓറഞ്ചുപടയുടെ സാമ്രാജ്യത്തെ തകര്‍ത്തുകളയാനുള്ള അവസരമാണ്. സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ അഭാവമാണ് ഇംഗ്ലണ്ടിന്റെ പ്രധാന തിരിച്ചടി. റാഷ്‌ഫോര്‍ഡ്, ജാമി വാര്‍ഡി, മാഗ്യൂര്‍, ജോയ് ഗോമസ് തുടങ്ങിയ ക്ലബ്ബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായ താരങ്ങളെല്ലാം ഇംഗ്ലണ്ടിനൊപ്പമിറങ്ങും. ആര്യന്‍ റോബന്‍, വെസ്ലി സ്‌നൈഡര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ബൂട്ടഴിച്ചതോടെ പഴയ പ്രതാപം നഷ്ടപ്പെട്ട ഹോളണ്ട് നിരക്ക് ഇംഗ്ലണ്ടിന്റെ പോരാട്ട വീര്യത്തെ തടുത്തുനിര്‍ത്തുകയെന്നത് പ്രയാസമേറിയ കാര്യമാണ്.

റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍
റയല്‍ മാഡ്രിസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുന്തുമുനയായുള്ള പോര്‍ച്ചുഗലിന്റെ സൗഹൃദ പോരാട്ടത്തിലെ എതിരാളി ഈജിപ്താണ്. മുഹമ്മദ് സലാഹ് എന്ന ലിവര്‍പൂളിന്റെ ഗോള്‍മിഷ്യന്റെ കളമികവിലൂടെ ലോകകപ്പ് യോഗ്യത നേടിയ ഈജിപ്തും പ്രതാപികളായ പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കടുക്കും. അവസാനമായി ഇരു കൂട്ടരും പോരടിച്ച മല്‍സരത്തില്‍ 2-0ന് ജയം പോര്‍ച്ചുഗലിനൊപ്പമായിരുന്നു.
Next Story

RELATED STORIES

Share it