kannur local

കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായില്ല



ഇരിക്കൂര്‍: കുടിവെള്ളക്ഷാമം അതിരൂക്ഷമായ മലയോര മേഖലയിലെ അഞ്ചു പഞ്ചായത്തുകളെ ലക്ഷ്യംവച്ച് 25 വര്‍ഷം മുമ്പ് തുടക്കം കുറിച്ച കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായില്ല. പടിയൂര്‍ കല്യാട് പഞ്ചായത്തിലെ പൂവ്വത്തില്‍ 1992ല്‍ തുടക്കം കുറിച്ച ഇരിക്കൂര്‍ അഡ്‌ജോയിനിങ് കുടിവെള്ള പദ്ധതിയാണ് കോടികള്‍ ചെലവിട്ടിട്ടും കമ്മീഷന്‍ ചെയ്യാനാവാതെ കിടക്കുന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ പൂവ്വം-ഊരത്തൂര്‍ റോഡില്‍ നാലേക്കര്‍ സ്ഥലത്ത് വര്‍ഷങ്ങളായി എല്ലാ പണികളും പൂര്‍ത്തിയായി കിടക്കുകയാണ്. അഞ്ചര ദശലക്ഷം ലിറ്റര്‍ ശുദ്ധജലം സംഭരണശേഷിയുള്ള ടാങ്കില്‍ നിത്യവും ഉദ്യോഗസ്ഥര്‍ വെള്ളം നിറച്ച്് ശുദ്ധീകരിക്കുകയും അധികവെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയും ചെയ്യുകയാണ്. കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഇരിക്കൂര്‍, പടിയൂര്‍, മലപ്പട്ടം, ശ്രീകണ്ഠാപുരം, ഉളിക്കല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കായി തയ്യാറാക്കി അനുവദിച്ച പദ്ധതിയാണിത്. ആദ്യം കുടിവെള്ള വിതരണം ചെയ്യാനായി വലിയ എസി പൈപ്പുകള്‍ ഭുമിക്കടിയില്‍ സ്ഥാപിച്ചിരുന്നെങ്കിലും വെള്ളം പമ്പ് ചെയ്തിരുന്നില്ല. സമീപകാലത്ത് ഇത്തരം പൈപ്പുകള്‍ ആരോഗ്യത്തിന് ഹാനികരവും രോഗങ്ങളുണ്ടാവാന്‍ സാധ്യതയും കണക്കിലെടുത്ത് ഭൂമി തുരന്ന് പുറത്തെടുത്തിട്ടിരിക്കുകയാണ്. എന്നാല്‍ ഇരിക്കൂര്‍ അഡ്‌ജോയിനിങ് പദ്ധതി പാതിവഴിയില്‍ നിലച്ചപ്പോള്‍ ഇരിക്കൂര്‍, ഉളിക്കല്‍ പഞ്ചായത്തുകളില്‍ രണ്ടുവര്‍ഷം മുമ്പ് ജലനിധി കുടിവെള്ള പദ്ധതി നടപ്പാക്കി. പൂവ്വം കുടിവെള്ള പദ്ധതിക്കായി പടിയൂര്‍ കൊമ്പന്‍പാറയിലും ഊരത്തൂരിലും ഗ്രൗണ്ട് ലെവല്‍ വാട്ടര്‍ ടാങ്കുകളും പെരുവളത്തുപറമ്പില്‍ മെയിന്‍ വാട്ടര്‍ ടാങ്കും നിര്‍മിച്ചിരുന്നു. 25 വര്‍ഷം മുമ്പ് ഏഴരക്കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ കുടിവെള്ള പദ്ധതിക്ക് തുടര്‍ന്നും നിരവധി കോടികള്‍ ചെലവാക്കി. പൂവ്വം കുടിവെള്ള പദ്ധതിയുടെ മെയിന്‍ കിണര്‍ പഴശ്ശി അണക്കെട്ടിലാണുള്ളത്. ഇതിനാല്‍ ഒരിക്കലും വെള്ളം ലഭിക്കാത്ത പ്രശ്‌നമുണ്ടാവില്ല. പടിയൂര്‍ പഞ്ചായത്തില്‍ മാത്രം ഒതുക്കി കുടിവെള്ള വിതരണം നടത്താനായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് പൈപ്പിടല്‍ പദ്ധതി പൂരോഗമിക്കുകയാണ്. ഊരത്തൂര്‍, പടിയൂര്‍, കല്ലുവയല്‍ വരെ വെള്ളം എത്തിക്കാനും നടപടിയായിട്ടുണ്ട്. പുതിയ പദ്ധതിയില്‍ പടിയൂരിലെ കുയിലൂര്‍, പെരുമണ്ണ, പെടയങ്ങോട്, പാറ്റക്കല്‍, മേഖലകള്‍ ഉള്‍പ്പെടുന്നില്ല. ഇതിന്റെ പണി 2014 ല്‍ തുടങ്ങിയെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. പുതിയ കണക്ഷനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. നിലവിലെ പദ്ധതി പ്രദേശം കാട് മുടിക്കിടക്കുകയാണിപ്പോള്‍. അധികൃതരുടെ കൊടിയ അവഗണനയാണ് വന്‍ പദ്ധതി അകാലചരമമടയാന്‍ കാരണം.
Next Story

RELATED STORIES

Share it