kasaragod local

കാല്‍നൂറ്റാണ്ടായി ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പുതുറ കിറ്റുകള്‍ നല്‍കി പള്ളികമ്മിറ്റി

കാസര്‍കോട്: കാല്‍നൂറ്റാണ്ട് മുമ്പ് കാസര്‍കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ തെരുവത്തെ ഒരു കൂട്ടം യുവാക്കള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ട്രെയിന്‍ യാത്രക്കാരായ വിശ്വാസികള്‍ക്കുള്ള നോമ്പുതുറ കിറ്റ് വിതരണം ശ്രദ്ധേയമാവുന്നു. നോമ്പ് നോറ്റ് ഓഫിസ് ഡ്യൂട്ടിയും മറ്റും കഴിഞ്ഞ് വൈകിട്ട് ട്രെയിന്‍ കയറുന്നവര്‍ക്കായാണ് നോമ്പുതുറ കിറ്റ് നല്‍കുന്നത്. തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദ് മുറ്റത്താണ് അസര്‍ നമസ്‌കാരത്തിന് ശേഷം ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്കായി നോമ്പു തുറ കിറ്റ് നല്‍കുന്നത്.
കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ഈ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദീര്‍ഘദൂര ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പുതുറ കിറ്റ് ലഭിക്കുന്നത് ഏറെ പ്രയോജനപ്പെടുന്നു. ട്രെയിന്‍ യാത്രക്കിടയില്‍ നോമ്പുതുറക്കുന്ന സമയമായാല്‍ യാത്രക്കാരുടെ കൈയി ല്‍ മറ്റൊന്നുമില്ലാത്ത സാഹചര്യം വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് നോമ്പുതുറ കിറ്റ് വിതരണം ചെയ്യാന്‍ അന്ന് തീരുമാനിച്ചത്. വിവിധതരം പഴവര്‍ഗങ്ങള്‍, സമുസ, ഒരു കുപ്പി നാരങ്ങ വെള്ളം എന്നിവയാണ് നല്‍കുന്നത്. വൈകീട്ട് നാലരയാവുന്നതോടെ നോമ്പെടുക്കുന്ന ട്രെയിന്‍ യാത്രക്കാരായ ഉദ്യോഗസ്ഥരും അല്ലാത്തവരും പള്ളി പരിസരത്ത് കിറ്റ് വാങ്ങാനെത്തുകയാണ്. ഏകദേശം 100 ലധികം യാത്രക്കാര്‍ക്കാണ് നോമ്പ് തുറ വിഭവങ്ങളടങ്ങിയ കിറ്റ് നല്‍കുന്നത്. ഇതിന് പുറമേ പള്ളിയില്‍ നോമ്പ് തുറക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. നിത്യേന 500ഓളം വിശ്വാസികളാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി പള്ളി പരിസരത്ത് ജീരക കഞ്ഞിയും നല്‍കി വരുന്നു. നെയ്യ്, അരി, ജീരകം, തേങ്ങ എന്നിവ ചേര്‍ത്ത് ഇവിടെയുണ്ടാക്കുന്ന ജീരക കഞ്ഞിയുടെ ഗുണമേന്മയും രുചിയും കാരണം ദൂരേ ദിക്കില്‍ നിന്ന് പോലും ജീരക കഞ്ഞി വാങ്ങാന്‍ ആളുകള്‍ എത്തുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജീരക കഞ്ഞിയുടെ ജോലി ഉച്ചയ്ക്ക് തുടങ്ങും. വൈകീട്ട് നാലോടെ വിതരണം ചെയ്യും. ദിവസേന 500 ലധികം ആള്‍ക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. പള്ളി കമ്മിറ്റിയും നാട്ടുകാരും പ്രവാസികളും മുന്‍കൈയെടുത്താണ് സൗജന്യമായി നല്‍കി വരുന്നത്. നിത്യേന പതിനായിരത്തോളം രൂപയാണ് ഇതിനായി ചെലവാകുന്നത്. പ്രദേശത്തെ ഒരു സംഘം യുവാക്കള്‍ ഉച്ച മുതല്‍ നോമ്പുതുറ കിറ്റും ജീരക കഞ്ഞിയും ഒരുക്കാന്‍ പരിശ്രമിക്കുന്നു.
Next Story

RELATED STORIES

Share it