Kollam Local

കാല്‍നടയാത്രികന്റെ മരണത്തിനിടയാക്കിയ അപകടം : നിര്‍ത്താതെ പോയ കാര്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി



ചവറ: ഒന്നര മാസത്തിന് മുമ്പ് നീണ്ടകരയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ തമിഴ്‌നാട്ടില്‍ നിന്നും ചവറ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ചേപ്പാട് കണിച്ചനെല്ലൂര്‍ കണ്ണാത്ത് കിഴക്കതില്‍ വീട്ടില്‍ നാണുവിന്റെ മകന്‍ തമ്പാ(48) നെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാറിനെയും ഡ്രൈവറെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.ഡ്രൈവര്‍ തമിഴ്‌നാട് ശിവഗംഗാ ജില്ലയില്‍ ഇളയഗുടി ഹസ്സന്‍ ഹുസൈന്‍ ബാവ സ്ട്രീറ്റില്‍ മുഹമ്മദ് മുബീസും കാറുമാണ് പോലിസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ വൈകീട്ട് മുഹമ്മദ്  മുബീസിനെ ചവറ സ്‌റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ ആഗസ്ത് 17 ന്  രാത്രി 10.45  ഓടെ ദേശീയപാതയില്‍  നീണ്ടകര ജങ്ഷന് സമീപം വെച്ചാണ് അപകടം നടന്നത്.  റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തമ്പാനെ കാര്‍ ഇടിച്ചു വീഴ്ത്തിയത്.  തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ നമ്പര്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍  മധുര, ശിവഗംഗാ ,കാരേഗുടി ,മാനമധുര , കടമ കുടി എന്നിവിടങ്ങളില്‍ ചവറ പോലിസ് എത്തി.  വീണ്ടും ശിവഗംഗ ആര്‍ ടി ഓഫിസില്‍ എത്തി കൂടുതല്‍ വിവരം എടുത്തപ്പോള്‍ ആണ് കാറിന്റെ ഉടമ ഉമയെന്ന സ്ത്രീയാണെന്ന് ബോധ്യപ്പെടുകയും ചെയ്തത്. പോലിസ് ഇവരെ സമീപിച്ചെങ്കിലും ഈ കാര്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നുമായിരുന്നു വിവരം. തുടര്‍ന്ന് പോലിസ് ഇളയന്‍ഗുടി  ഖാന്‍ മുഹമ്മദ് സ്ട്രീറ്റില്‍ എത്തി വാഹനത്തിന്റെ ഇപ്പോഴെത്തെ ഉടമ സഹീര്‍ ഹുസൈന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോള്‍ ആണ് പോലിസിന്  വ്യക്തമായ വിവരം ലഭിക്കുകയും ഡ്രൈവറെയും കാറിനെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. ചവറ പോലിസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ ജയകുമാറിന്റെ നിര്‍ദേശാനുസരണം അഡീഷനല്‍ എസ്‌ഐ ബാലചന്ദ്രന്‍ , സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ആര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് കാര്‍ കണ്ടെത്താനായത്.
Next Story

RELATED STORIES

Share it