kannur local

കാലുവാരല്‍; ആലക്കോട് പഞ്ചായത്തില്‍ ലീഗ് യുഡിഎഫ് വിട്ടു

ആലക്കോട്: തിരഞ്ഞെടുപ്പ് ഫല ത്തെ തുടര്‍ന്ന് ആലക്കോട് പഞ്ചായത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. പ്രമുഖ ഘടകകക്ഷിയായ മുസ്‌ലിം ലീഗ് മുന്നണി വിട്ടു. ലീഗിന് ഉറച്ച വിജയപ്രതീക്ഷ ഉണ്ടായിരുന്ന രണ്ടു സിറ്റിങ് സീറ്റുകളിലെ തോല്‍വിയാണ് മുന്നണിബന്ധം തകരാന്‍ കാരണം. കോണ്‍ഗ്രസ് കാലുവാരിയതാണ് തോല്‍വിക്കു കാരണമെന്നാണ് ലീഗിന്റെ ആരോപണം. നെടുവോട്, പരപ്പ വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്.
പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി എം റഹീമ മല്‍സരിച്ച നെടുവോട്ട് സിപിഎമ്മിലെ എം കെ ബിന്ദു 125 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. പരപ്പയില്‍ ലീഗിലെ അബ്ദുന്നാസിറിനെ 49 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ ഫ്രാന്‍സിസും പരാജയപ്പെടുത്തി. മൂന്നാംകുന്ന് വാ ര്‍ഡില്‍ മാത്രമാണു ലീഗ് വിജയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗമാണ് മുന്നണി വിടാനുള്ള തീരുമാനമെടുത്തത്. കോണ്‍ഗ്രസ്സിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ യോഗം വരുന്ന തിരഞ്ഞെടുപ്പില്‍ ഇതിനു മറുപടി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.
യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ സ്ഥാനവും ലീഗ് രാജിവച്ചു. മുന്നണിബന്ധം ഉപേക്ഷിച്ചുള്ള കത്ത് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി വി അബ്ദുല്ല യുഡിഎഫ് ചെയര്‍മാന്‍ വര്‍ഗീസ് കണ്ണമ്പള്ളിക്ക് കൈമാറി. പ്രതിപക്ഷത്ത് ഇരിക്കാനാണ് ലീഗ് തീരുമാനം. അതിനിടെ, കോണ്‍ഗ്രസിനും യുഡിഎഫിനും അന്തിമോപചാരം അര്‍പ്പിച്ചുള്ള ബാനര്‍ കഴിഞ്ഞ ദിവസം രാത്രി പ്രത്യക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it