malappuram local

കാലിവരവ് കുറഞ്ഞു ; ആളും ആരവവുമടങ്ങി ചന്തകള്‍



ഷിബു എടക്കര

എടക്കര: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് കാലിച്ചന്തയില്‍ കാലിവരവ് കുറഞ്ഞു. കാലിച്ചന്തയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ ഇതോടെ പ്രതിസന്ധിയിലായി. ശനിയാഴ്ചകളില്‍ നടക്കുന്ന എടക്കര കാലിചന്തയില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിന്‍പുറങ്ങളില്‍ നിന്നുമായി രണ്ടായിരത്തിലേറെ കാലികളുടെ കച്ചവടമാണ് മുമ്പ് നടന്നിരുന്നത്. എന്നാല്‍, ഇന്നലെ നൂറ്റിയന്‍പതോളം കാലികള്‍ മാത്രമാണ് ചന്തയിലെത്തിയതും വില്‍പ്പന നടന്നതും. കേന്ദ്ര സര്‍ക്കാര്‍ കാലികളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ശനിയാഴ്ച നല്ല കച്ചവടം നടന്നിരുന്നു. എന്നാല്‍, ഇന്നലെ കാലിവരവ് പാടെ കുറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ കാലികള്‍ ചന്തയിലേക്കെത്തിയിരുന്നത്. ഇവിടെ കാലികളെ വാങ്ങുന്നതിനും ചന്തയിലേക്ക് എത്തിക്കുന്നതിനും കച്ചവടക്കാര്‍ ഇപ്പോള്‍ തയ്യാറാവുന്നില്ല. പിടിക്കപ്പെട്ടാല്‍ വന്‍തുക നഷ്ടപ്പെടുമെന്ന ഭീതിയിലാണിവര്‍. ഇതിന് പുറമെ നിയന്ത്രണം വന്നതോടെ ഇതരസംസ്ഥാനങ്ങളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദേ്യാഗസ്ഥര്‍ കാലികളുമായെത്തുന്നവരില്‍ നിന്നു വന്‍തുക കൈക്കൂലിയായി വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍പ് കാലികളുമായെത്തുന്ന ലോറിക്കാര്‍ ആറായിരം രൂപവരെ വിവിധ ചെക്കുപോസ്റ്റുകളിലും ഉദേ്യാഗസ്ഥര്‍ക്കുമായി കൈക്കൂലി നല്‍കാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഇത് പതിനയ്യായിരത്തിലേറെയായിട്ടുണ്ട്. ഭാരിച്ച തുക കൈക്കൂലിയായി നല്‍കി നഷ്ടക്കച്ചവടം നടത്താന്‍ കച്ചവടക്കാര്‍ തയ്യാറാവുന്നില്ല. ഇതിന് പുറമെ നിയന്ത്രണത്തിന്റെ മറവില്‍ നിരവധി പേര്‍ ഉദേ്യാഗസ്ഥര്‍ ചമഞ്ഞ് തട്ടുപ്പുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ നിന്നു കുറഞ്ഞ അളവില്‍ മാത്രമേ കാലികള്‍ ചന്തയിലെത്താറുള്ളൂ. കാലിക്കച്ചവടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ചന്തയുമായി ബന്ധപ്പെട്ട് ജീവക്കുന്ന നിരവധിയാളുകളുടെ ഉപജീവന മാര്‍ഗം അടഞ്ഞിരിക്കുകയാണ്. കച്ചവടക്കാര്‍, ബ്രോക്കര്‍മാര്‍, പുല്ലും വൈക്കോലും നല്‍കുന്നവര്‍, കാലികളെ കൊണ്ടുപോവുന്ന വാഹന ഉടമകള്‍, ചന്തയോടനുബന്ധിച്ച് വഴിയോര കച്ചവടം നടത്തുന്നവര്‍ തുടങ്ങി നിരവധിയാളുകളാണ് വഴയാധാരമാവാന്‍ പോവുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പോത്തുകുട്ടികളെ കൊണ്ടുവന്ന് വളര്‍ത്തി വില്‍പ്പന നടത്തുന്ന നൂറ് കണക്കിന് ആളുകള്‍ നാട്ടിന്‍ പുറങ്ങളിലുണ്ട്. ഇതിന് പുറമെ നോമ്പുകാലങ്ങളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു പശുക്കളെയും എരുമകളെയും െകാണ്ടുവന്ന് കറവ നടത്തി പാല്‍വിറ്റ് ഉപജീവനം നടത്തുന്ന നിരവധിയാളുകളും നാട്ടിന്‍പുറങ്ങളിലുണ്ട്. ആഴ്ചയില്‍ അറുപത് ലോഡിലേറെ കാലികള്‍ വന്നിരുന്ന ഒരു പ്രതാപകാലം എടക്കര കാലിച്ചന്തയ്ക്കുണ്ടായിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ കാലികള്‍ വില്‍പ്പന നടന്നിരുന്ന ചന്തയായിരുന്നു എടക്കര. എന്നാല്‍, കാലിക്കച്ചവട നിയന്ത്രണങ്ങള്‍ ചന്തയുടെ നാശത്തിനും, ഒരുകൂട്ടം ജനങ്ങളെ പട്ടിണിയിലേക്കും നയിക്കുകയാണ്.
Next Story

RELATED STORIES

Share it