Kottayam Local

കാലില്‍കെട്ടി കഞ്ചാവ് കടത്ത്; തമിഴ്‌നാട് സ്വദേശി പിടിയില്‍



കോട്ടയം: കാലില്‍ കെട്ടിവച്ച് കഞ്ചാവ് കടത്തിയ തമിഴ്‌നാട് സ്വദേശിയെ കേരളാ പോലിസ് പിടികൂടി. കേരളത്തിലെ കച്ചവടക്കാര്‍ക്കു കഞ്ചാവ് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. കമ്പം സ്വദേശി സുന്ദര്‍ദാസിനെ (സുന്ദര്‍-29)യാണ് എസ്‌ഐ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കമ്പത്ത് വാഹന മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുന്ദര്‍ദാസെന്ന് വിവരം ലഭിച്ചതായി പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. ഒരുമാസം മുമ്പ് ഒരു കിലോ കഞ്ചാവുമായി നഗരത്തില്‍ നിന്ന് കഞ്ചാവ് കച്ചവടക്കാരനെ ഷാഡോ പോലിസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ പോലിസ് നടത്തിയ അന്വേഷണമാണ് കമ്പത്തെ വന്‍ കഞ്ചാവ് മാഫിയയിലേക്കു നയിച്ചത്. കേരളത്തില്‍ നിന്ന് നേരിട്ട് കഞ്ചാവ് എടുക്കുന്ന സ്ഥിരം വില്‍പ്പനക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ കഞ്ചാവ് കടത്തി നല്‍കാറുണ്ടെന്ന വിവരം ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിനു ലഭിച്ചിരുന്നു. ദിവസങ്ങളായി ഡിവൈഎസ്പി സഖറിയ മാത്യു, സിഐ നിര്‍മല്‍ ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ഓടെ കമ്പത്തു നിന്നെത്തിയ ബസ്സിലാണ് പ്രതി സ്റ്റാന്‍ഡില്‍ വന്നിറങ്ങിയത്. ആദ്യം ഇയാളെ പോലിസ് സംഘം കണ്ടെങ്കിലും കൈവശം പൊതിയൊന്നുമില്ലാതിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ല. എന്നാല്‍, കാലുകള്‍ അസ്വാഭാവികമായി വീര്‍ത്തിരിക്കുന്നതുകണ്ട് സംശയം തോന്നിയ പോലിസ് സംഘം പിന്നാലെ ചെന്നു. ഇതിനിടെ പ്രതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ തിയേറ്റര്‍ റോഡിലൂടെ ചന്തക്കടവിലേക്കിറങ്ങി. പിന്നാലെയെത്തിയ ജൂനിയര്‍ എസ്‌ഐമാരായ എസ് എല്‍ സുധീഷ്, സി ആര്‍ സിങ്, എഎസ്‌ഐ ബിനുമോന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഉദയന്‍, ഷാഡോ പോലിസ് സംഘാംഗങ്ങളായ ബിജുമോന്‍ നായര്‍, ഷിബുക്കുട്ടന്‍, അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ഇതോടെയാണ് ഇയാളുടെ മുട്ടിനു താഴെ പാന്‍സിനുള്ളില്‍ കെട്ടിവച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ നിറച്ച കഞ്ചാവ് ചുരുട്ടി കാലില്‍ കെട്ടിവയ്ക്കുകയായിരുന്നു.രണ്ടുകാലിലും കാല്‍കിലോ വീതം കഞ്ചാവാണ് ഉണ്ടായിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാനിരുന്നയാളെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it