Kottayam Local

കാലിത്തീറ്റ സബ്‌സിഡി പിന്‍വലിച്ചു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

ചങ്ങനാശ്ശേരി: സഹകരണസംഘങ്ങള്‍ വഴി വിതരണം ചെയ്തിരുന്ന കാലിത്തീറ്റയുടെ സബ്‌സിഡി മില്‍മ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നു ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി. ഒരു ചാക്കു കാലിത്തീറ്റക്കു രണ്ടു ഘട്ടങ്ങളിലായി ലഭിച്ചിരുന്ന 200 രൂപയാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ സഹകരണ സംഘങ്ങള്‍വഴി മില്‍മ വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്കു ഗുണനിലവാരമില്ലെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ സബ്‌സിഡിയും നിര്‍ത്തലാക്കിയത്. സ്വകാര്യ മേഖലയിലൂടെയും കേരളാ ഫീഡ്‌സിലൂടെയും നിര്‍മിക്കുന്ന കാലിത്തീറ്റയേക്കാള്‍ വിലയാണ് മില്‍മയുടേതെന്നും ക്ഷീകരകര്‍ഷകര്‍ പറയുന്നു. ഒരു ചാക്കിനു 75 രൂപയിലധികം മില്‍മ ഈടാക്കുന്നതായും അവര്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയില്‍ നിന്നു ലഭിക്കുന്ന കാലിത്തീറ്റയ്ക്ക് 975 രൂപ നല്‍കുമ്പോള്‍ മില്‍മയുടേതിനു 1050 രൂപയാണ് വില. എന്നാല്‍ കര്‍ഷകര്‍ ശക്തമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു 25 രൂപ കുറവു ചെയ്തിരുന്നു. എന്നാല്‍ സബ്‌സിഡി കൂടി ലഭ്യമാകുന്നതോടെ ഇതു 800 രൂപയായി ചുരുങ്ങും. ഇതു കൂടുതല്‍ പശുക്കളുള്ള കര്‍ഷകര്‍ക്കു ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ സബ്‌സിഡിയില്‍ നിന്ന് ആദ്യഘട്ടമെന്ന നിലയില്‍ 100 രൂപ നിര്‍ത്തലാക്കുകയും തുടര്‍ന്ന് ഇപ്പോള്‍ ബാക്കി 100 രൂപയും നിര്‍ത്തലാക്കിയതു കര്‍ഷകര്‍ക്കു ഇരുട്ടടിയായി. അതേസമയം മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിലയും നല്‍കേണ്ടതായും വരുന്നു. എന്നാല്‍ റീഡിങിന്റെ പേരില്‍ വിലകുറച്ചു വാങ്ങുന്ന പാല്‍  വലിയ വിലയ്ക്കു മറിച്ചു വില്‍ക്കുന്നുമുണ്ട്. വേനല്‍ക്കാലത്ത് ഇന്‍സെന്റീവ് എന്ന നിലയില്‍ ഒരു രൂപ നല്‍കിയിരുന്നു. കൂടാതെ ഓണക്കാലത്തു ബോണസ് ഇനത്തില്‍ നല്‍കുന്ന തുകയും ചേര്‍ത്തുവച്ചാല്‍പോലും പുറത്തു ലഭിക്കുന്ന വില നല്‍കുന്നില്ലെന്നാണു ക്ഷീരകര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്. കര്‍ഷകര്‍ സംഘങ്ങളില്‍ പാല്‍ എത്തിച്ചു കൊടുക്കുകയും വേണം. സമീപകാലത്തായി കര്‍ഷകരില്‍ നിന്ന് ന്യായമായ വിലയ്ക്കു പാല്‍ സംഭരിക്കാന്‍ സമാന്തര ഏജന്‍സികള്‍ രംഗത്തുണ്ട്. ഇവര്‍ ക്ഷീര കര്‍ഷകരുടെ വീടുകളില്‍ എത്തി പാല്‍ സംഭരിക്കുന്നുണ്ട്. മില്‍മ ന്യായമായ വില നല്‍കാത്തതും ഉള്ള സ്ബസിഡി നിര്‍ത്തലാക്കിയതും കാരണമാണു സമാന്തര ഏജന്‍സികള്‍ക്കു പാല്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it