Flash News

കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ശിക്ഷാവിധി ഇന്ന്‌

കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ശിക്ഷാവിധി ഇന്ന്‌
X
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ലാലുപ്രസാദ് യാദവിനു ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റി. ഡിസംബര്‍ 13നാണ് റാഞ്ചിയിലെ സിബിഐ കോടതി ലാലുപ്രസാദ് യാദവിനെതിരായ വിചാരണ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 23നു ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.


ജനുവരി 3ന് ശിക്ഷാവിധി പ്രഖ്യാപിക്കുമെന്നായിരുന്നു അന്നു കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സിബിഐ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ മരണത്തെ തുടര്‍ന്ന് കേസ് ഇന്നലത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ ഇന്നത്തേക്കു മാറ്റി.
ലാലുപ്രസാദ് യാദവിന്റെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തിനു കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് താന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലാലുപ്രസാദ് ഇപ്പോള്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ തടവുകാരനാണ്. ലാലുപ്രസാദ് മുഖ്യമന്ത്രിയായിരുന്ന 1990നും 1994നുമിടയില്‍ സംസ്ഥാന ഖജനാവിന് 84.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കാലിത്തീറ്റ അഴിമതിയില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, ലാലുപ്രസാദ് യാദവിന്റെ ആളുകളാണെന്നു പറഞ്ഞ് തനിക്ക് ഫോണ്‍കോളുകള്‍ വന്നിരുന്നുവെന്ന് കേസില്‍ ലാലു കുറ്റക്കാരനാണെന്ന വിധിച്ച ജഡ്ജി ശിവ്പാല്‍ സിങ് ആരോപിച്ചു. എന്നാല്‍, വിളിച്ചവര്‍ എന്താണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
Next Story

RELATED STORIES

Share it