കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലു കുറ്റക്കാരന്‍

പട്‌ന: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് സിബിഐ കോടതി. സ്‌പെഷ്യല്‍ ജഡ്ജി ശിവ്പാല്‍ സിങാണ് കേസില്‍ വിധി പറഞ്ഞത്. ലാലുവും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും അടക്കം 31 പേരാണ് പ്രതികള്‍. ഇതില്‍ മിശ്രയടക്കം 12 പേരെ കോടതി വെറുതെവിട്ടു. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ വെട്ടിച്ചെന്ന കേസിലാണ് ഇപ്പോഴത്തെ വിധി.
വിധി കേള്‍ക്കാന്‍ ലാലു കോടതിയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയായിരിക്കെ, കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ലാലു കുറ്റക്കാരനാണെന്ന് 2013ല്‍ കോടതി കണ്ടെത്തിയിരുന്നു. ആ കേസില്‍ അഞ്ചു വര്‍ഷം തടവും രണ്ടാമത്തെ കേസില്‍ 2017 ഡിസംബര്‍ 23ന് മൂന്നര വര്‍ഷം തടവും ലഭിച്ചു. മൂന്നാമത്തെ കേസില്‍ ഈ വര്‍ഷം ജനുവരിയില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും വിധിച്ചിരുന്നു.
ഈ കേസുകളിലെല്ലാം ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ ഈയിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍നിന്നാണ് വിധി കേള്‍ക്കാന്‍ അദ്ദേഹം റാഞ്ചിയിലെ കോടതിയില്‍ എത്തിയത്. അതേസമയം, ജയിലില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലുവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it