Flash News

കാലിക്കറ്റ് സര്‍വകലാശാല : വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഫീസ് പുനക്രമീകരിക്കാന്‍ ധാരണ



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലവിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം യുജിസി പുനസ്ഥാപിച്ചതിനു ശേഷം സര്‍വകലാശാല ഡിഗ്രി ഫീസ് വര്‍ധിപ്പിച്ച നടപടി പുനപ്പരിശോധിക്കാന്‍ ധാരണയായി.യുജിസി അംഗീകാരം റദ്ദാക്കുന്നതിനു മുമ്പ് പഠിതാക്കള്‍ക്ക് വിതരണം ചെയ്തിരുന്ന പഠനസാമഗ്രികള്‍ നല്‍കാതെയാണ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരുന്നത്. വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ അധ്യാപകരെ നിയമിച്ചതിനുശേഷം പഠനസാമഗ്രികള്‍ തയ്യാറാക്കാന്‍ എളുപ്പമാണെന്നിരിക്കെ ഇതിനുള്ള തയ്യാറെടുപ്പ് നടത്താത്തതും സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പാരലല്‍ കോളജ് അധ്യാപകരുടെ സംഘടനകള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് സമരത്തിനിറക്കുന്നത് ആരോപണത്തിനിടയാക്കുന്ന സാഹചര്യത്തിലാണ് ഫീസ് കുറക്കുന്നതിന് വാഴ്‌സിറ്റി ഭരണകാര്യാലയത്തില്‍ അധികാരികള്‍ ധാരണയിലെത്തിയിട്ടുള്ളത്. അടുത്ത സിന്‍ഡിക്കേറ്റ് യോഗം ഫീസ് വര്‍ധന പുനപ്പരിശോധിച്ച് നേരിയ തോതില്‍ കുറയ്ക്കുന്നതിനാണ് ധാരണയിലെത്തിയിട്ടുള്ളത്. ഹൈക്കോടതി ഉത്തരവനുസരിച്ച് സര്‍വകലാശാലാ കെട്ടിടങ്ങളുടെ 200 മീറ്റര്‍ പരിധിക്കപ്പുറം മാത്രമേ പ്രതിഷേധങ്ങള്‍ പാടുള്ളൂവെന്ന വിധി നിലനില്‍ക്കെ പാരലല്‍കോളജ് അധ്യാപകരുടെ നിര്‍ദേശമനുസരിച്ചുള്ള സമരപന്തല്‍ മാറ്റുന്നതിനും സര്‍വകലാശാല അധികാരികള്‍ തീരുമാനമെടുത്തിട്ടുണ്ട്. വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പാരലല്‍ കോളജുകളില്‍ ഭീമമായ ഫീസ് നല്‍കി പഠിക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാല ഫീസ് കുറച്ചില്ലെങ്കില്‍ പാരലല്‍ കോളജുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന പ്രതിസന്ധി കണക്കിലെടുത്താണ് പാരലല്‍ കോളജുകാര്‍ മുന്‍കൈയെടുത്ത് വാഴ്‌സിറ്റി മുഖ്യ കവാടത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് സമരം ചെയ്യിക്കുന്നത്.
Next Story

RELATED STORIES

Share it