Flash News

കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ ഫിറ്റ്്‌നസ് പ്രോഗ്രാം; ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും പ്രയോജനം ലഭിക്കില്ല



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജ് വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയ ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാംകൊണ്ട് ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഗുണം ലഭിക്കില്ല. വാഴ്‌സിറ്റിക്ക് കീഴിലുള്ള 75 ശതമാനത്തിലധികം കോളജുകളിലും കായികാധ്യാപകരെ നിയമിക്കുന്നതിനുള്ള ഉത്തരവ് നല്‍കാതെയാണ് സര്‍വകലാശാലയ്ക്കു പേരെടുക്കാന്‍ മാത്രം കായിക വിദ്യാഭ്യാസപദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഇത് നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയെന്ന ബഹുമതിക്കുവേണ്ടി പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കാതെ എന്തിന് നടപ്പാക്കുന്നതെന്ന ചോദ്യത്തിന് സര്‍വകലാശാല അധികാരികള്‍ക്ക് ഉത്തരമില്ല. രണ്ടു വര്‍ഷത്തില്‍ 24 മാര്‍ക്ക് ഇതില്‍ പങ്കെടുക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുമ്പോള്‍ കായികാധ്യാപകരില്ലാത്ത കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലുള്ള വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ലഭിക്കില്ല. വാഴ്‌സിറ്റിക്കു കിട്ടേണ്ട ഫണ്ട് പിരിഞ്ഞുകിട്ടാത്തതിന്റെ പേരില്‍ കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ച സര്‍വകലാശാല കായികാധ്യാപകരെ നിയമിച്ചില്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല. ഇതുപോലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുമ്പോള്‍ ഇവര്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് അക്കാദമിക് കൗണ്‍സിലോ സിന്‍ഡിക്കേറ്റോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുന്‍ വിസി ഡോ. അബ്ദുസ്സലാമിനെ ചികില്‍സിക്കാനെത്തിയ ഒരു ഡോക്ടറുടെ ആശയത്തിനനുസരിച്ചാണ് ആരോഗ്യമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുമായി സര്‍വകലാശാല മുന്നോട്ടുപോയത്. വിദ്യാര്‍ഥികളെ രണ്ടു തട്ടാക്കി തിരിക്കുന്ന ഫിസിക്കല്‍ ഫിറ്റ്‌നസ് പദ്ധതിക്കെതിരേ ഒരു വിദ്യാര്‍ഥി സംഘടനയും ഇതുവരെ പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടികളില്‍പോലും നിര്‍ബന്ധിതമായി നടപ്പാക്കുന്ന പദ്ധതിക്കെതിരേ പരാതിയുയര്‍ന്നാല്‍ പരിഹരിക്കേണ്ട മാര്‍ഗങ്ങളും പദ്ധതിയുടെ രൂപരേഖയില്‍ നിഷ്‌കര്‍ശിച്ചിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയ കമ്പല്‍സറി സോഷ്യല്‍ സര്‍വീസ് (സിഎസ്എസ്) അഥവാ നിര്‍ബന്ധിത സാമൂഹിക സേവനവും ഇതേരീതിയില്‍ തന്നെയായിരുന്നു സര്‍വകലാശാല നടപ്പാക്കിയത്. ഡിഗ്രി വിദ്യാര്‍ഥികള്‍ 40 ദിവസം നിര്‍ബന്ധിത സേവനം ചെയ്യേണ്ട പദ്ധതിക്കെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത് നിര്‍ത്തലാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെക്കൊണ്ട് സേവനം ചെയ്യിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതും പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ സിഎസ്എസ് പുസ്തകത്തില്‍ പണം വാങ്ങി ഒപ്പിട്ടുനല്‍കുന്നതും പതിവായിരുന്നു.ഫിസിക്കല്‍ ഫിറ്റ്‌നസ് പദ്ധതിക്ക് സിഎസ്്എസിന്റെ ഗതിയുണ്ടാവുമോ എന്നതാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ തന്നെ ഉയര്‍ത്തുന്ന ആശങ്ക. വാഴ്‌സിറ്റി കായിക വിഭാഗത്തിന്റെ നിര്‍ദേശത്താല്‍ നടപ്പാക്കുന്ന ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാമിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമായില്ലെങ്കില്‍ ഇതിനെ എതിര്‍ക്കുമെന്നാണു വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രം ആരോഗ്യമുള്ളവരാക്കി മറു വിഭാഗത്തെ ഒന്നിനും പറ്റാത്തവരാക്കി ചിത്രീകരിച്ച് പേരെടുക്കാനുള്ള സര്‍വകലാശാലയുടെ നീക്കം അപലപനീയമാണെന്ന് സര്‍വകലാശാലയുടെ അന്തര്‍ദേശീയ താരങ്ങളും മുന്‍ കോച്ചുമാരും വ്യക്തമാക്കി.
Next Story

RELATED STORIES

Share it