Flash News

കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗിന് നിയന്ത്രണം നഷ്ടപ്പെടുന്നു



തേഞ്ഞിപ്പലം: സി എച്ച് മുഹമ്മദ്‌കോയ തറക്കല്ലിട്ടതെന്ന് അവകാശപ്പെടുന്ന കാലിക്കറ്റ്് സര്‍വകലാശാലയില്‍ ലീഗ് നേതാക്കള്‍ക്ക് സ്വാധീനമോ നിയന്ത്രണങ്ങളോ ഇല്ലാതായി. ലീഗ് നോമിനികളായ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ ഉയരാറുള്ള സര്‍വകലാശാല ഇസ്‌ലാമികവല്‍ക്കണമെന്ന ബിജെപി-സിപിഎം ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ പോലും ലീഗ് നേതാക്കള്‍ ശ്രമിച്ചിട്ടില്ല.ലീഗനുകൂല സര്‍വീസ് സംഘടന സോളിഡാരിറ്റി സ്റ്റാഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് അസി-പ്യൂണ്‍ വാച്ച്മാന്‍ നിയമനങ്ങളില്‍ പാര്‍ട്ടി താല്‍പര്യം മിതമായ തോതിലെങ്കിലും സംരക്ഷിക്കാനായത്.  ലീഗ് സംസ്ഥാന സമിതിയില്‍ കാലിക്കറ്റ് സര്‍വകലാശാല കാര്യങ്ങളുടെ ചുമതലയുള്ളവര്‍ ഉണ്ടെങ്കിലും അവര്‍ തിരിഞ്ഞുനോക്കാറില്ല. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, തുടങ്ങിയവര്‍ ലീഗ് നോമിനികളായിരുന്നിട്ടും ഇവരെ ഉപയോഗപ്പെടുത്താനോ പിന്തുണക്കാനോ ലീഗിന് സാധിക്കുന്നില്ലെന്നതാണു വസ്തുത.  സംസ്ഥാനത്ത് ഇടതുഭരണം പിടിമുറുക്കിയതിന്റെ മാറ്റങ്ങള്‍ കാലിക്കറ്റിലും പ്രകടമായിട്ടുണ്ട്. സമരം ചെയ്യാതെതന്നെ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നതു നോക്കിക്കാണേണ്ട ഗതികേടിലാണ് യൂത്ത്‌ലീഗും എംഎസ്എഫും. ലീഗ് അനുകൂല കോളജ് അധ്യാപക സംഘടന സികെസിടിയുടെയും ലീഗിന്റെ ബാനറില്‍ വാഴ്‌സിറ്റിയുടെ ഉന്നതപദവികളിലെത്തുന്നവരും പിന്നീട് തങ്ങള്‍ക്കാര്‍ക്കും രാഷ്ട്രീയമില്ലെന്നും യോഗ്യത കൊണ്ടു മാത്രമാണു സ്ഥാനങ്ങള്‍ ലഭിച്ചതെന്നും മറ്റും പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ലീഗിന്റെ ഹൈപവര്‍ കമ്മിറ്റിയില്‍ ഇതു നേരത്തെ ചര്‍ച്ചയായിരുന്നു. സര്‍വകലാശാലകളുടെ ഉന്നത പദവികളില്‍ നിയമിക്കപ്പെടുന്നവര്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ലീഗ് വിമര്‍ശകര്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കുന്നതിനാല്‍ എന്തിനു വെറുതെ സര്‍വകലാശാലകളില്‍ പാര്‍ട്ടിയോട് താല്‍പര്യമില്ലാത്തവരെ നിയമിക്കണമെന്നതാണു കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. സര്‍വകലാശാലയില്‍ സപ്തംബറില്‍ പുതിയ സെനറ്റും സിന്‍ഡിക്കേറ്റും തിരഞ്ഞെടുക്കപ്പെടുന്നതോടെ ഇടതുപക്ഷത്തിന് സിന്‍ഡിക്കേറ്റിലും സെനറ്റിലും മൃഗീയ ഭൂരിപക്ഷമുണ്ടാവുമെന്നാണു കണക്കുകൂട്ടല്‍. തുടര്‍ന്ന് ഇടതുതാല്‍പര്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്ന രീതിയില്‍ ഭരണകാര്യാലയത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നതോടെ ലീഗും കോണ്‍ഗ്രസ്സും കൂടുതല്‍ സമ്മര്‍ദത്തിലാവുമെന്നാണു കണക്കുകൂട്ടല്‍. ലീഗ്, കോണ്‍ഗ്രസ് സംഘടനകളെ അകറ്റിക്കൊണ്ടാണ് ഇടതുപക്ഷം തന്ത്രങ്ങള്‍ മെനയുന്നത്.
Next Story

RELATED STORIES

Share it