കാലിക്കറ്റ് സര്‍വകലാശാല കാംപസ്; സര്‍വീസ് സംഘടനാ സൊസൈറ്റികള്‍ വൈദ്യുതി മോഷ്ടിക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വൈദ്യുതിമോഷണം പതിവായിട്ടും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ല. അക്കാദമിക ആവശ്യങ്ങള്‍ക്കായതിനാല്‍ നിരക്കു കുറച്ചാണ് വൈദ്യുതി ബോര്‍ഡ് സര്‍വകലാശാലയ്ക്ക് വൈദ്യുതി അനുവദിച്ചിട്ടുള്ളത്. ഇതില്‍ നിന്നാണ് വാഴ്‌സിറ്റി ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം, കാംപസിലെ വിവിധ സൊസൈറ്റി സ്ഥാപനങ്ങള്‍ക്കു നിയമവിരുദ്ധമായി കണക്ഷന്‍ നല്‍കിയിട്ടുള്ളത്.
പരീക്ഷാഭവന്‍ കോംപൗണ്ട് ഉള്‍പ്പെടെ വാഴ്‌സിറ്റി കാംപസിന്റെ വിവിധ ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന സര്‍വീസ് സംഘടനകളുടെ സൊസൈറ്റികള്‍ കെഎസ്ഇബിയില്‍ നിന്ന് നേരിട്ട് വൈദ്യുതി കണക്ഷന്‍ എടുക്കേണ്ടതാണെങ്കിലും സര്‍വകലാശാലയുടെ വൈദ്യുതി മോഷ്ടിച്ചാണ് ഉപയോഗിക്കുന്നത്. വൈദ്യുതി മോഷണം തടയുന്നതിനു രൂപീകരിച്ച സ്‌ക്വാഡ് കാംപസിലെ വൈദ്യുതി മോഷണം കണ്ടെത്തി അധികൃതര്‍ക്കു നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സൊസൈറ്റികള്‍ക്ക് നല്‍കുന്ന വൈദ്യുതി നിര്‍ത്തലാക്കാന്‍ മുന്‍ വിസി ഉത്തരവു നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായി നടപ്പാക്കാതിരിക്കുകയായിരുന്നു.
സര്‍വീസ് സംഘടനകളുടെ സൊസൈറ്റികളുടെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവ്യക്തികളാണ് വാടകയ്ക്കു നടത്തുന്നത്. ഇത്തരത്തിലുള്ള 20ഓളം സ്ഥാപനങ്ങളാണ് തേഞ്ഞിപ്പലത്തെ കെഎസ്ഇബി അധികൃതരുടെ ഒത്താശയോടെ സര്‍വകലാശാലയുടെ വൈദ്യുതി മോഷ്ടിച്ച് ഒരു നയാപൈസപോലും വൈദ്യുതി ബോര്‍ഡിന് നല്‍കാതിരിക്കുന്നത്.
വൈദ്യുതി കണക്ഷന്‍ എടുക്കണമെങ്കില്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നിരിക്കെ ഭൂമി സര്‍വകലാശാലയുടെതായതിനാല്‍ ഇതിനു കഴിയില്ല. വീടുനിര്‍മാണ ജോലിക്ക് അടുത്ത വീട്ടില്‍ നിന്നു വൈദ്യുതിയെടുത്താല്‍ അരലക്ഷം രൂപ പിഴ ഈടാക്കുന്ന കെഎസ്ഇബി വാഴ്‌സിറ്റിയിലെ മോഷണത്തിനു കൂട്ടുനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it