കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ ജീവനക്കാരന്റ മരണത്തില്‍ ദുരൂഹത

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സെക്ഷന്‍ ഓഫിസര്‍ വേങ്ങര ചേറൂര്‍ തോട്ടശ്ശേരി അന്‍വറിന്റെ(36) മരണത്തില്‍ ദൂരൂഹതയെന്ന് ആരോപണം. പാമ്പുകടിയേറ്റു മരിച്ചെന്ന് പോലിസ് അവകാശപ്പെടുമ്പോഴും മരണത്തില്‍ ദുരൂഹതയുള്ളതായി സര്‍വകലാശാലാ ജീവനക്കാരും അന്‍വറിന്റെ ബന്ധുക്കളും പരാതിപ്പെടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ കാംപസിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ പത്തു മണിയായിട്ടും അന്‍വര്‍ എത്തിയില്ല. ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലണ് സര്‍വകലാശാലാ കാംപസിലെ സ്റ്റേറ്റ് ബാങ്കിനു പിറകുവശത്ത് അന്‍വറിന്റെ ബൈക്ക് കണ്ടെത്തി കുറച്ചുദൂരെ കോ-ഓപറേറ്റീവ് സ്റ്റോറിന്റെ പഴയ കെട്ടിടത്തിനുള്ളില്‍ നിലത്ത് ഇരിക്കുന്ന നിലയില്‍ മൃതദേഹവും കണ്ടെത്തി. ഈ ഭാഗമുള്‍പ്പെടെ കാംപസിലെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ ലഹരി മാഫിയയും സെക്‌സ് റാക്കറ്റും പിടിമുറുക്കിയിട്ട് കാലമേറെയായെങ്കിലും ഇതിനെതിരേ നടപടിയെടുക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. മദ്യപിക്കാത്ത അന്‍വര്‍ മറ്റാരോടും തര്‍ക്കത്തിനോ അമിത സംസാരത്തിനോ പോവാത്ത വ്യക്തിയായിരുന്നുവെന്ന് അടുത്തറിയുന്നവര്‍ പറയുന്നു.
ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ വൈകീട്ട് ഏഴു മണിയോടടുത്തെത്തുന്ന ഇദ്ദേഹം പിന്നീടു പുറത്തിറങ്ങാറില്ല. അന്‍വറിനെ കാണാതായ ദിവസം സ്‌കൂള്‍ അധ്യാപിക കൂടിയായ അന്‍വറിന്റെ ഭാര്യ ക്ഷീണം കാരണം ഉറങ്ങി. രാത്രി പത്തു മണിയോടടുത്ത് വിദേശത്തുള്ള സഹോദരന്‍ വിളിച്ചതിനെ തുടര്‍ന്നാണ് അവര്‍ എണീറ്റത്. മൊബൈലില്‍ ബാലന്‍സ് ഇല്ലാത്തതിനാല്‍ സഹോദരനെക്കൊണ്ട് ഭാര്യ അന്‍വറിനെ വിളിപ്പിച്ചു. റീച്ചാര്‍ജ് ചെയ്ത ശേഷം ഭാര്യ അന്‍വറിനെ നേരിട്ടുവിളിച്ചു. അന്‍വര്‍ കോള്‍ എടുത്തില്ല. ഇതിനാലാണ് സുഹൃത്തുക്കളെ വിളിച്ചത്. പാമ്പു കടിച്ചതാണെങ്കില്‍ അന്‍വര്‍ തൊട്ടപ്പുറത്ത് ആളുകളെ അറിയിക്കാതിരുന്നതെന്തെന്ന ചോദ്യത്തിന് പോലിസിന് വ്യക്തമായ ഉത്തരമില്ല. അന്‍വര്‍ ധരിച്ചിരുന്ന ഷര്‍ട്ട് പിറകില്‍ കീറിയതായി കണ്ടെത്തിയിട്ടുണ്ട്. ചെരിപ്പ് അഴിച്ചുവച്ച ശേഷം എന്തിനാണ് പഴയ കെട്ടിടത്തില്‍ കയറിയത്. മരണവെപ്രാളത്തിന്റെ ഒരു അടയാളവും ഇവിടെ കാണാനില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനു ശേഷം തുടര്‍നടപടിയുമായി മുന്നോട്ടുപോവാനാണ് പോലിസ് തീരുമാനം.
Next Story

RELATED STORIES

Share it