malappuram local

കാലിക്കറ്റ് സര്‍വകലാശാല: ഉത്തരക്കടലാസ് കാണാതാവല്‍ ആസൂത്രിതം: പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിടെക് ഉത്തരക്കടലാസുകള്‍ കാണാതായതിനു പിന്നില്‍ ആസൂത്രിതനീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന് പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റി യോഗം വിലയിരുത്തി. പരീക്ഷ കഴിഞ്ഞ കോളജുകളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ വാഴ്‌സിറ്റിയിലെത്തിയിട്ടുണ്ടെങ്കിലും മൂല്യനിര്‍ണയക്യാംപുകളില്‍ ഉത്തരക്കടലാസുകള്‍ എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി യോഗത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി. ഉത്തരക്കടലാസുകള്‍ സൂക്ഷിച്ച ഇസ്‌ലാമിക് ചെയറിന്റെ പഴയ ഹാളില്‍ നിന്നു ഉത്തരക്കടലാസുകളുടെ കെട്ടുകള്‍ മനപ്പൂര്‍വമെടുത്ത് നശിപ്പിച്ചതാണെന്ന് യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ അന്വേഷണം പോലിസിന് കൈമാറാനും പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റിയോഗം തീരുമാനിച്ചു.
പരീക്ഷയുടെ അഡീഷണല്‍ ചീഫ് സൂപ്രണ്ടുമാരുടെ ലിസ്റ്റില്‍ നിന്ന് ലീഗ് അധ്യാപകസംഘടനയായ സികെസിടി അംഗങ്ങളുടെ പേര് വെട്ടി പകരക്കാരായി കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിസിടിഎക്കാരുടെ പേരുമാത്രം നിലനിര്‍ത്തിയതിനെതിരെ സിന്‍ഡിക്കേറ്റംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പുതിയ ലിസ്റ്റ് തയ്യാറാക്കുന്നതിന് പരീക്ഷാകണ്‍ട്രോളറെ യോഗം ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it